ഏഷ്യൻ പോരാളികൾ യു.എ.ഇയിൽ; പോരാട്ടങ്ങൾ ഇന്ന് തുടങ്ങും

എ.എഫ്.സി ഏഷ്യൻകപ്പിന്റെ 17ാം എഡിഷന് ഇന്ന് യു.എ.ഇയില്‍ തുടക്കം. സൈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉൽഘാടന മത്സരത്തില്‍...

ഏഷ്യൻ പോരാളികൾ യു.എ.ഇയിൽ; പോരാട്ടങ്ങൾ ഇന്ന് തുടങ്ങും

എ.എഫ്.സി ഏഷ്യൻകപ്പിന്റെ 17ാം എഡിഷന് ഇന്ന് യു.എ.ഇയില്‍ തുടക്കം. സൈദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉൽഘാടന മത്സരത്തില്‍ ആതിഥേയരായ യു.എ.ഇ ബഹറിനെ നേരിടും. രാത്രി 9.30നാണ് മത്സരം.

ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരാകാന്‍ ഇറങ്ങുന്നത്. എല്ലാ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുക. എട്ടു വേദികളിലായാണ് മത്സരം. ജനുവരി അഞ്ചിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍ ഫെബ്രുവരി ഒന്നിനാണ്. ഗ്രൂപ്പ് എയില്‍ സ്ഥാനം പിടിച്ച ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി ആറിന് തായ്‌ലാന്റിനൊതിരെയാണ്.

2018 ലോകകപ്പ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാനും 2015 ഏഷ്യൻകപ്പ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ലോകകപ്പില്‍ ജര്‍മ്മനിയെ വീഴ്ത്തിയ ദക്ഷിണകൊറിയയും വന്‍കരയിലെ വമ്പന്‍മാരായ ഇറാനുമാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍.

ഗ്രൂപ്പ് പരിചയം (ലോകറാങ്കിങ് ബ്രാക്കറ്റിൽ)

ഗ്രൂപ്പ് എ: യു.എ.ഇ (79), തായ്‌ലാന്റ് (118), ഇന്ത്യ (97) ,ബഹറിന്‍ (113)

2011ല്‍ ജപ്പാനെ ജേതാക്കളായ ആല്‍ബേര്‍ട്ടോ സാച്‌റോണിക്ക് കീഴില്‍ പരിശീലിക്കുന്ന യു.എ.ഇ ക്ക് ആതിഥേയര്‍ എന്ന പരിഗണന കൂടി ലഭിക്കുന്നു. ഗ്രൂപ്പില്‍ റാങിഗിലും മുന്നിലാണ് യു.എ.ഇ. 1996 ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏഷ്യൻകപ്പില്‍ ഫൈനലിലെത്തിയ മിടുക്ക ഇത്തവണം യു.എ.ഇ ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. 2007ന് ശേഷം ആദ്യമായിട്ട് തായാലാന്റ് ഏഷ്യൻകപ്പിനെത്തുന്നത്. 2015 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമാണ് ബഹറെന്‍. അതേസമയം യു.എ.ഇ ഒഴിച്ച് മറ്റു ടീമുകള്‍ റാങ്കിങില്‍ പിറകിലാണെന്നത് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നു. ആദ്യ മത്സരം കളിക്കേണ്ട തായ്‌ലാന്റ് കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യ സമനിലയില്‍ പിടിച്ച ഒമാനോട് 2-0ത്തിന് തോറ്റിരുന്നു.


ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ (41), സിറിയ (74), പാലസ്തീന്‍ (99), ജോര്‍ദാന്‍ (109)

മിലെ ഡിയനാകും ടിം കാഹിലും വിരമിച്ച ശേഷം ലോകകപ്പിന് പിന്നാലെ വരുന്ന ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തുകയാണ് ലക്ഷ്യം. 2018 ലോകകപ്പ് യോഗ്യതയ്ക്ക് ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ വീണു പോയ സിറിയയ്ക്ക് അതിനുള്ള പകരം വീട്ടലാകും ഗ്രൂപ്പ് പോരാട്ടം. ക്വാര്‍ട്ടര്‍ വരെ എത്താനുള്ള ഇന്ധനം മാത്രമെ ഇതുവരെ ജോര്‍ദ്ദാന്റെ വണ്ടിയിലുണ്ടായിരുന്നുള്ളു. 2004ലും 2011ലും ക്വാര്‍ട്ടര്‍ തോല്‍വി മറികടന്ന് മുന്നേറ്റമാണ് ജോര്‍ദ്ദാന്റെ ശ്രമം. 2015 ല്‍ ആദ്യ ഏഷ്യൻകപ്പില്‍ ആദ്യ റൗണ്ടിലാണ് പലസ്തീന്‍ പുറത്തായത്.


ഗ്രൂപ്പ് സി: ദക്ഷിണകൊറിയ (53) , ചൈന(76), കിര്‍ഗിസ്ഥാന്‍ (91), ഫിലിപ്പെന്‍സ് (116)

രണ്ട് കരുത്തരും രണ്ട് പുതുമുഖങ്ങളും ഏറ്റുമുട്ടുന്നതാണ് ഗ്രൂപ്പിലെ പ്രത്യേകത. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പുകളായ കൊറിയയും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായ ചൈനയും ഒപ്പം കന്നിക്കാരായ കിര്‍ഗിസ്ഥാനും ഫിലിപ്പൈന്‍സുമാണ് ഗ്രൂപ്പില്‍. ഗ്രൂപ്പ് സിയില്‍ കന്നിക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷിക്കാനില്ല. ടോട്ടനം ഹോട്‌സപറിന്റെ താരം സണ്‍ ഹ്യൂസ് മിന്നാണ് കൊറിയയുടെ പ്രധാനപോരാളി.ഗ്രൂപ്പ് ഡി: ഇറാന്‍ (29), ഇറാഖ് (88), വിയറ്റ്‌നാം (100), യെമന്‍ (135)

ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തായ ഇറാനാണ് ഗ്രൂപ്പില്‍ വമ്പന്‍മാര്‍. മൂന്ന് തവണ ചാമ്പ്യന്‍മാരായ ഇറാന്‍ കിരീടം നേടാനൊരുങ്ങിയാണ് ഇറങ്ങുന്നത്. 2007 ലെ ചാമ്പ്യന്‍മാരായ ഇറാഖും വിയറ്റ്‌നാമും കന്നിക്കാരയ യെമനുമാണ് ഇറാനു മുന്നില്‍. 2018ലെ എ.എഫ്.എഫ് കപ്പും എ.എഫ്.സി അണ്ടര്‍ 23 റണ്ണേഴ്‌സപ്പുമായ വിയറ്റ്‌നാം ചെറിയപുള്ളികളല്ല. ഇതിനു മുന്നേ 2007ലെ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറിലെത്തിയതാണ് വിയറ്റ്‌നാമിന്റെ ചരിത്രം.


ഗ്രൂപ്പ് ഇ: സൗദി അറേബ്യ (69), ഖത്തര്‍ (93), ലെബനന്‍ (81) , ഉത്തര കൊറിയ (109)

2022 ലോകകപ്പിനിറങ്ങുന്ന ഖത്തറും 2018 ലോകകപ്പ് കളിച്ച സൗദി അറേബ്യയും ഒപ്പം ഉത്തരകൊറിയയും ലെബനനും. തുല്യ ശക്തികളായ നാല് ടീമുകള്‍ ഒന്നിക്കുന്നതാണ് ഇ ഗ്രൂപ്പ്. മൂന്ന് തവണ ചാമ്പ്യന്‍മാരായ സൗദിക്ക് ചെറിയ മുന്‍തൂക്കം അവകാശപ്പെടാം.


ഗ്രൂപ്പ് എഫ്: ജപ്പാന്‍ (50), ഉസ്‌ബെക്കിസ്ഥാന്‍ (95), ഒമാന്‍ (82), തുര്‍ക്ക്‌മെനിസ്ഥാന്‍ (127)

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റതിന് ശേഷം അഞ്ച് മത്സരങ്ങള്‍ തോല്‍വി അറിയാതെയാണ് ജപ്പാന്‍ വരുന്നത്. നാല് കിരീടം നേടിയ ജപ്പാന്‍ അഞ്ചാമത്തെതിന് കണ്ണ് വെക്കുന്നതില്‍ അതിശയപ്പെടാനില്ല, അത്രയും ശക്തരാണ് ടീം. 2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്താനായ ടീമാണ് ഉസ്‌ബെക്കിസ്ഥാന്‍. കഴിഞ്ഞ തവണത്തെ ഏഷ്യൻകപ്പില്‍ ക്വാര്‍ട്ടറിലെത്താനും കഴിഞ്ഞ ടീമിനെ ഗ്രൂപ്പില്‍ തള്ളികളയാനാകില്ല. ഇതുവരെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഒമാനും തുര്‍ക്ക്‌മെനിസ്ഥാനും കഴിഞ്ഞിട്ടില്ല.


ഏഷ്യൻ കപ്പ് ജേതാക്കൾ ചരിത്രം

2015 ഓസ്ട്രേലിയ, 2011 ജപ്പാൻ, 2007 ഇറാഖ്, 2004 ജപ്പാൻ, 2000 ജപ്പാൻ, 1996 സൗദി അറേബ്യ, 1992 ജപ്പാൻ, 1988 സൗദി അറേബ്യ, 1984 സൗദി അറേബ്യ, 1980 കുവൈത്ത്, 1976 ഇറാൻ, 1972 ഇറാൻ, 1968 ഇറാൻ, 1964 ഇസ്രയേൽ, 1960 ദക്ഷിണ കൊറിയ, 1956 ദക്ഷിണ കൊറിയ

Read More >>