പ്രീ സീസണ്‍ മുടങ്ങി; പര്യടനം പൂര്‍ത്തിയാക്കാതെ കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തിരിച്ചെത്തി

നാലാഴ്ച ദൈർഘ്യമുള്ള പ്രി സീസൺ ഈ മാസം 4നാണ് ആരംഭിച്ചത്. നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലേക്ക് പോയത്. മൂന്നു മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ദുബൈ സന്ദർശനം വെട്ടിച്ചുരുക്കി ടീം കൊച്ചിയിൽ തിരിച്ചെത്തുന്നത്.

പ്രീ സീസണ്‍ മുടങ്ങി; പര്യടനം പൂര്‍ത്തിയാക്കാതെ കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തിരിച്ചെത്തി

കൊച്ചി: യു.എ.ഇയിൽ പ്രി സീസൺ പര്യടനം പൂർത്തിയാക്കാതെ കേരളാ ബ്ളാസ്റ്റേഴ്സ് കൊച്ചിയിൽ തിരിച്ചെത്തി.

ഐ.എസ്.എൽ ആറാം സീസൺ തുടങ്ങുന്നതിനു മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് യു.എ.ഇ പര്യടനം ആരംഭിച്ചത്. എന്നാൽ സംഘാടകരായ മിച്ചി സ്‌പോർട്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങുന്നതായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. പര്യടനവുമായി ബന്ധപ്പെട്ട കരാറുകൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതിനൊപ്പം ടീമിന്റെ അന്തസ്സ് തകർക്കുന്ന പ്രവർത്തനങ്ങളുണ്ടായതായും ബ്ലാസ്റ്റേഴ്‌സിന്റെ സന്ദേശത്തിൽ പറയുന്നു. ടീമിന്റെ മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവാത്തതിനാൽ നാട്ടിലേക്ക് മടങ്ങുന്നതായും അവർ വ്യക്തമാക്കി.

നാലാഴ്ച ദൈർഘ്യമുള്ള പ്രി സീസൺ ഈ മാസം 4നാണ് ആരംഭിച്ചത്. നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്സ് യു.എ.ഇയിലേക്ക് പോയത്. മൂന്നു മത്സരങ്ങൾ കൂടി ശേഷിക്കെയാണ് ദുബൈ സന്ദർശനം വെട്ടിച്ചുരുക്കി ടീം കൊച്ചിയിൽ തിരിച്ചെത്തുന്നത്.

ഈ മാസം ആറിന് ദുബൈ മംസാറിൽ ദിബ്ബ അൽ ഫുജൈറ ക്ലബുമായി നടന്ന ആദ്യ മത്സരം ഗോൾരഹിത സമനിലയിലായിരുന്നു. അജ്മാൻ സ്‌പോർട്‌സ് ക്ലബുമായുള്ള മത്സരം ഇന്ന് അജ്മാൻ സ്റ്റേഡിയത്തിൽ നടക്കേണ്ടതായിരുന്നു. മൂന്നാം മത്സരം 20ന് റാസൽഖൈമയിൽ എമിറേറ്റ്‌സ് ക്ലബുമായും നാലാം മത്സരം 27ന് ദുബായ് അൽ നാസർ ക്ലബുമായിട്ടുമായിരുന്നു.

തങ്ങൾക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ സ്പോൺസർമാർ നൽകിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വ്യക്തമാക്കി. യു.എ.ഇക്ക് പകരം നാട്ടിൽ പരീശീലനം തുടരാനാണ് ബ്ളാസ്റ്റേഴ്‌സിന്റെ തീരുമാനം. കൊച്ചിയിൽ സന്നാഹ മത്സരങ്ങൾ സംഘടിപ്പിക്കാനും സാദ്ധ്യതയുണ്ട്. ഒക്ടോബറിലാണ് ഐ.എസ്.എൽ പുതിയ സീസൺ ആരംഭിക്കുന്നത്. 27നുള്ള ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ നേരിടും.

ബ്ലാസ്‌റ്റേഴ്‌സിന്റെ മടങ്ങിപ്പോക്കിൽ സംഘാടകരായ മിച്ചി സ്‌പോർട്‌സും സ്‌പോൺസർമാരായ എമിറേറ്റ്‌സ് ഫസ്റ്റും പരസ്പരം പഴിചാരുന്നുണ്ട്.

കരാർ പ്രകാരം പ്രധാന സ്‌പോൺസർമാരായ എമിറേറ്റ്‌സ് ഫസ്റ്റ് നൽകാനുണ്ടായിരുന്ന പണം നൽകാത്തതാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ പര്യടനം പാതിവഴിയിലുപേക്ഷിച്ച് മടങ്ങാൻ കാരണമെന്ന് മിച്ചി സ്‌പോർട്‌സ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഒരു കളിക്ക് 50,000 ദിർഹം പ്രകാരം നാല് കളികൾക്കായി 2 ലക്ഷം ദിർഹമായിരുന്നു തരാനുണ്ടായിരുന്നത്. എന്നാൽ, ആദ്യ ചെക്ക് തന്നെ പണമില്ലാതെ ബാങ്കിൽ നിന്ന് മടങ്ങി. ടീമിനെ കൊണ്ടുവന്ന് താമസസൗകര്യം ഏർപ്പെടുത്തുന്നതടക്കമുള്ള എല്ലാ സൗകര്യങ്ങളും തങ്ങളായിരുന്നു ചെയ്തിരുന്നത്. എമിറേറ്റ്‌സ് ഫസ്റ്റല്ലാതെ മറ്റു പ്രായോജകർ തങ്ങൾക്കില്ലെന്നും മിച്ചി സ്‌പോർട്‌സ് പ്രതിനിധികൾ പറയുന്നു. എന്നാൽ സംഘാടകരായ മിച്ചി സ്‌പോർട്‌സിന്റെ കെടുകാര്യസ്ഥതയാണ് പര്യടനം മുടങ്ങാൻ കാരണമെന്നു എമിറേറ്റ്‌സ് ഫസ്റ്റ് പ്രതിനിധികളും പ്രതികരിച്ചു.

Next Story
Read More >>