പെണ്‍ ചരിത്രം; പദ്മ പുരസ്‌കാരത്തിനായി കായിക മന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ 9 പേരും വനിതകള്‍

രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിക്കാണ് ആറ് തവണ ബോക്‌സിങ് ലോക ചാമ്പ്യനായ മേരി കോമിനെ ശുപാർശ ചെയ്തത്. 2006ൽ പത്മശ്രീയും 2013ൽ പത്മഭൂഷണും നൽകി രാജ്യം മേരി കോമിനെ ആദരിച്ചിരുന്നു. ഇതാദ്യമായാണ് പത്മ വിഭൂഷൺ പുരസ്‌കാരത്തിനായി വനിതാ കായിക താരത്തിന്റെ പേര് ശുപാർശ ചെയ്യപ്പെടുന്നത്.

പെണ്‍ ചരിത്രം; പദ്മ പുരസ്‌കാരത്തിനായി കായിക മന്ത്രാലയം സമര്‍പ്പിച്ച പട്ടികയില്‍ 9 പേരും വനിതകള്‍

ന്യൂഡൽഹി: വനിതാ താരങ്ങളെ മാത്രം ഉൾപ്പെടുത്തി പത്മ പുരസ്‌കാരങ്ങൾക്കായുള്ള കായിക മന്ത്രാലയത്തിന്റെ ശുപാർശ. പത്മ വിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾക്കായി മേരി കോമും പി.വി സിന്ധുവുമടക്കം ഒമ്പത് കായികതാരങ്ങളുടെ പേരാണ് മന്ത്രാലയം ശുപാർശ ചെയ്തത്.

രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിക്കാണ് ആറ് തവണ ബോക്‌സിങ് ലോക ചാമ്പ്യനായ മേരി കോമിനെ ശുപാർശ ചെയ്തത്. 2006ൽ പത്മശ്രീയും 2013ൽ പത്മഭൂഷണും നൽകി രാജ്യം മേരി കോമിനെ ആദരിച്ചിരുന്നു. ഇതാദ്യമായാണ് പത്മ വിഭൂഷൺ പുരസ്‌കാരത്തിനായി വനിതാ കായിക താരത്തിന്റെ പേര് ശുപാർശ ചെയ്യപ്പെടുന്നത്. 2007ൽ വിശ്വനാഥൻ ആനന്ദിനും 2008ൽ സച്ചിൻ ടെണ്ടുൽക്കർക്കും പത്മവിഭൂഷൺ ലഭിച്ചിരുന്നു. എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലാരിക്ക് 2008ൽ മരണാനന്തര ബഹുമതിയായും പത്മവിഭൂഷൺ നൽകി.

നിലവിൽ ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ പത്മ ഭൂഷൺ പുരസ്‌കാരത്തിനാണ് ശുപാർശ ചെയ്തത്. 2015ൽ പത്മശ്രീ ലഭിച്ച സിന്ധുവിനെ 2017ൽ പത്മഭൂഷണ് വേണ്ടി ശുപാർശ ചെയ്‌തെങ്കിലും അന്തിമ പട്ടികയിലുൾപ്പെട്ടില്ല.

ഏഴു കായികതാരങ്ങളെ പത്മ ശ്രീ പുരസ്‌കാരത്തിനായി മന്ത്രാലയം ശുപാർശ ചെയ്തു. വിനേഷ് ഫോഗട്ട് (ഗുസ്തി), മാനിക ബത്ര (ടേബിൾ ടെന്നീസ്), ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ, മുൻ ഷൂട്ടർ സുമ ഷിരൂർ, പർവതാരോഹകരും ഇരട്ട സഹോദരിമാരുമായ താഷി മാലിക്, നുങ്ഷി മാലിക് എന്നിവരെയാണ് പത്മശ്രീ പുരസ്‌കാരങ്ങൾക്കായി ശുപാർശ ചെയ്തത്. ഈ പേരുകൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പത്മ പുരസ്‌കാര സമിതിക്ക് അയച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായി അടുത്ത വർഷം ജനുവരി 25നാണ് പത്മ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.

Next Story
Read More >>