പാണ്ഡ്യയ്ക്കും രാഹുലിനും പകരക്കാരായി, ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍

Published On: 13 Jan 2019 4:45 AM GMT
പാണ്ഡ്യയ്ക്കും രാഹുലിനും പകരക്കാരായി, ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നടപടി നേരിടുന്ന ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും പകരക്കാരായി. ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെ ഓസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനുമെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. വിജയ് ശങ്കര്‍ രണ്ടാം ഏകദനിത്തിന് മുമ്പെ ടീമിനൊപ്പം ചേരും. ന്യൂസിലാന്റിനെതിരായ ഏകദിന, 20 ട്വന്റി പരമ്പരയ്ക്കാണ് ഗില്ലിനെ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനാണ് ഗില്‍ കാത്തിരിക്കുന്നത്. ഇന്ത്യ കിരീടം നേടിയ 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഗില്ലായിരുന്നു ടൂര്‍ണമെന്റിലെ താരം. നിലവിലെ രഞ്ജി സീസണില്‍ പഞ്ചാബ് താരമായി ഗില്‍ അഞ്ച് കളികളില്‍ നിന്നായി 728 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറിയും നാല് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.


ഇന്ത്യയ്ക്കായി അഞ്ച് 20 ട്വന്റി കളിച്ച വിജയ് ശങ്കര്‍ ഏകദിനത്തില്‍ ഇതുവരെ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. ഇന്ത്യ എ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മികച്ച പ്രകടനമാണ് ശങ്കര്‍ നടത്തിയത്. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 188 റണ്‍സാണ് തമിഴ്‌നാട് താരം നേടിയത്. രഞ്ജിയില്‍ ഈ സീസണില്‍ തമിഴ്‌നാടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനും താരത്തിനായി.



ആദ്യ ഏകദിനത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിക്കണം. 289 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 34 റണ്‍സിനാണ് സിഡ്‌നിയില്‍ തോറ്റത്. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ സെഞ്ചുറി നേടിയിരുന്നു. മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും.

Top Stories
Share it
Top