സ്രാവ്- തിരണ്ടി സംരക്ഷണം: രാജ്യാന്തര പാനല്‍ ചര്‍ച്ച ഇന്ന്

യു.എന്‍ പ്രതിനിധികളും വിദേശ രാജ്യങ്ങളിലെ ഗവേഷകരും പങ്കെടുക്കും

സ്രാവ്- തിരണ്ടി സംരക്ഷണം: രാജ്യാന്തര പാനല്‍ ചര്‍ച്ച ഇന്ന്

കൊച്ചി: സ്രാവ്- തിരണ്ടി ഇനങ്ങളുടെ സംരക്ഷണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് സംയുക്ത ചര്‍ച്ച നടത്തുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈ മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും ഇന്നു മുതല്‍ നാല് ദിവസം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ സംഗമിക്കും. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും (എഫ്.എ.ഒ) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും സംയുക്തമായാണ് രാജ്യാന്തര പാനല്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്.

സ്രാവ്- തിരണ്ടി മത്സ്യബന്ധനം, സംരക്ഷണം, വിപണനം എന്നിവ കാര്യക്ഷമമാക്കുന്നതിന് രാജ്യാന്തരതലത്തില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചാണ് വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യുക. ഏറ്റവും കൂടുതല്‍ വംശനാശഭീഷണിക്ക് വിധേയമാകുന്ന സ്രാവ്, തിരണ്ടി എന്നിവയുടെ സുസ്ഥിര പരിപാലനത്തിനും സംരക്ഷണത്തിനും നിര്‍ണായകമാകുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തും.

ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് ചര്‍ച്ച നയിക്കുന്നത്. എഫ്.എ.ഒയുടെ പ്രതിനിധികളും ഇന്ത്യയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും പങ്കെടുക്കും. നിലവില്‍ ഈ മേഖലയില്‍ ഉപയോഗിച്ചുവരുന്ന ഗവേഷണരീതികളും അനുഭവങ്ങളും വിദഗ്ദ്ധര്‍ പങ്കുവെക്കും. യു.കെ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ഇറ്റലി, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, പെറു, നൈജീരിയ, സോമാലിയ, മ്യാന്‍മാര്‍, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദേശ പ്രതിനിധികള്‍.

Read More >>