കമ്പ്യൂട്ടറും ഇന്റ്റര്‍നെറ്റും ഉണ്ടോ? വീട്ടിലിരുന്ന് 'പണം' നേടാം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലീസ്

ചില തട്ടിപ്പുകളിൽ ജോലിക്കായി മുൻകൂർ പണം വാങ്ങി ആളുകളെ കബളിപ്പിക്കും. മറ്റു ചില വ്യാജ കമ്പനികൾ അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായി അസാധാരണമായ നിബന്ധനകളുൾപ്പെടുന്ന ഓൺലൈൻ കരാറുമുണ്ടാക്കും.

കമ്പ്യൂട്ടറും ഇന്റ്റര്‍നെറ്റും ഉണ്ടോ? വീട്ടിലിരുന്ന്

തിരുവനന്തപുരം: 'വീട്ടിൽ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള ആർക്കും ജോലിക്ക് അപേക്ഷിക്കാം. 24 മണിക്കൂർ വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യം, വൻ പ്രതിഫലം, ടാർജെറ്റില്ല പിരിച്ചുവിടൽ ഭീഷണിയില്ല'- ഇങ്ങനെയുള്ള പരസ്യങ്ങള്‍ വഴി തട്ടിപ്പിനിരയാകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ആകർഷകമായ പരസ്യങ്ങളിൽ മയങ്ങി നിരവധിപേരാണ് ഓൺലൈൻ ഡാറ്റാ എൻട്രി തട്ടിപ്പിന് ഇരയാകുന്നതെന്ന് പൊലീസ് പറയുന്നു. പ്രോസസിങ് ചാർജ് ഇനത്തിലും ഡാറ്റ എൻട്രി ചെയ്തതിൽ വീഴ്ച വരുത്തിയതിന് നഷ്ടപരിഹാരമായും തട്ടിപ്പുകാർ ആവശ്യപ്പെടുന്ന തുക കൈമാറുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.

ചില തട്ടിപ്പുകളിൽ ജോലിക്കായി മുൻകൂർ പണം വാങ്ങി ആളുകളെ കബളിപ്പിക്കും. മറ്റു ചില വ്യാജ കമ്പനികൾ അപേക്ഷിക്കുന്നവരെ കബളിപ്പിക്കുന്നതിനായി അസാധാരണമായ നിബന്ധനകളുൾപ്പെടുന്ന ഓൺലൈൻ കരാറുമുണ്ടാക്കും. ഒരു ഡോക്യുമെന്റ് കൃത്യതയോടെ വേർഡിലോ മറ്റോ ടൈപ്പ് ചെയ്ത് നിശ്ചിത തിയ്യതിക്കകം സമർപ്പിക്കുവാനും ആവശ്യപ്പെടുന്നു. ഫയൽ കൃത്യമായി അയച്ചാൽ പെർഫോർമെൻസ് മോശമാണെന്നും ഇംപ്രൂവ് ചെയ്താൽ ശമ്പളകാര്യം പരിഗണിക്കാമെന്നും മറ്റും മറുപടി നൽകും. കമ്പനിയുടെ സുപ്രധാനമായ ഒരു ഫയലാണ് വർക്ക് ചെയ്യാൻ തരുന്നതെന്നും വർക്ക് ചെയ്യാതിരിക്കുകയോ പൂർത്തിയാകാത്തിരിക്കുകയോ ചെയ്താൽ കരാർ ലംഘനമാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം കമ്പനിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെടും. തുടർന്ന് ഫോണിലൂടെയും മെയിലിൽ വക്കീൽ നോട്ടീസ് അയച്ചും ഭീഷണിപ്പെടുത്തും. ഇത്തരം തട്ടിപ്പിൽ പെട്ട് പോകുന്ന ചിലരെങ്കിലും നഷ്ടപരിഹാരത്തുക കമ്പനിക്ക് അയച്ചുകൊടുക്കാറുമുണ്ട്. എന്നാൽ ഓൺലൈനിലൂടെയുള്ള ഇത്തരം കരാറുകൾക്ക് യാതൊരുവിധ നിയമസാധുതയും ഇല്ല. വ്യക്തിപരമായ വിവരങ്ങൾ അയയ്ക്കുന്നതിനു മുമ്പ് കമ്പനിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കുന്നു. നിയമാനുസൃതമായി നടത്തുന്ന കമ്പനികൾക്ക് നിയമാനുസൃതമായ ഒരു വെബ്‌സൈറ്റ് ഉണ്ടാകും. നിയമപരമായ കമ്പനിയാണെന്ന് വിശ്വാസം തോന്നുന്നതുവരെ അന്വേഷിച്ച് ഉറപ്പുവരുത്തണം.

എന്നാൽ ഡാറ്റ എഡിറ്റിങ്, പി.ഡി.എഫ് കൺവെർഷൻ, ഡാറ്റ എൻട്രി, കോപ്പി പേസ്റ്റ് മുതലായ ഓഫ്‌ലൈൻ ജോലികൾക്കായി വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രസാധകരും യൂനിവേഴ്‌സിറ്റികളും മറ്റും അവരുടെ ജോലികൾ ഇന്ത്യയിലെ ഐ.ടി വിദഗ്ധർക്ക് ബി.പി.ഒ അടിസ്ഥാനത്തിൽ നൽകാറുണ്ട്. പാർട്ട് ടൈമായി കിട്ടുന്ന ഈ ജോലിയിൽ നല്ല വരുമാനവും ലഭിക്കും. യഥാർത്ഥ ബി.പി.ഒ കമ്പനികളോ വെബ്‌സൈറ്റുകളോ ജോലി ചെയ്യുന്നതിന് ഒരുത്തരത്തിലുള്ള ഫീസും ഡെപ്പോസിറ്റും മുൻകൂറായി ആവശ്യപ്പെടാറില്ല. ഇത് അറിയാതെ കമ്പ്യൂട്ടറിലൂടെ വരുമാനം തേടുന്ന യുവാക്കളെയാണ് കേരളത്തിലെ വ്യാജസ്ഥാപനങ്ങൾ തട്ടിപ്പിന് ഇരയാക്കുന്നത്.

Read More >>