ശബരിമലയിലെ കാശെടുത്ത് ദേവനെതിരെ വാദിച്ചാല്‍ തീവ്ര നിലപാടിലേക്ക് നീങ്ങും: രാഹുല്‍ ഈശ്വര്‍

Published On: 10 Nov 2018 12:24 PM GMT
ശബരിമലയിലെ കാശെടുത്ത് ദേവനെതിരെ വാദിച്ചാല്‍ തീവ്ര നിലപാടിലേക്ക് നീങ്ങും: രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകുകയാണെങ്കില്‍ കാണിക്ക ഇടുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ക്യാംപെയ്നുകളെ കുറിച്ച് ആലോചിക്കുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന 13-ാം തീയതി വരെ കാത്തിരിക്കുമെന്നും ശബരിമലയ്ക്ക് എതിരാണ് ദേവസ്വം ബോര്‍ഡ് നിലപാടെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സര്‍ക്കാര്‍ നിലാപാടയിരിക്കും സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുകയെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമലയിലെ കാശെടുത്തു ശബരിമലക്കെതിരെ വാദിക്കുക അന്യായമാണ്. ലക്ഷങ്ങള്‍ കൊടുത്താണ് അഭിഭാഷകരെ കൊണ്ട് ദേവസ്വം ബോര്‍ഡ് കേസ് വാദിക്കുന്നത്. ഇങ്ങനെ കാര്യങ്ങള്‍ തുടരുകയാണെങ്കില്‍ കാണിക്കയിടുന്നത് ഉപേക്ഷിക്കുവാനുള്ള ആഹ്വാനം നല്‍കേണ്ടി വരുമെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

അനുകൂലിച്ചില്ലെങ്കിലും മിണ്ടാതെയെങ്കിലും ഇരിക്കാനുള്ള മാന്യത കാണിക്കേണ്ടതല്ലേയെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു. എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ള ഹിന്ദുക്ഷേത്രമാണ് ശബരിമല. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന അതേ രീതിയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയെയും എതിര്‍ക്കുമെന്നും ആര്‍ക്കും വര്‍ഗീയ വല്‍ക്കരിക്കാനുള്ള ഇടമല്ല ശബരിമലയെന്നും -രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

Top Stories
Share it
Top