ആര്‍ട്സ് കോളജിലും വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എഫ്.ഐയ്ക്ക് പീഡനമെന്ന് പരാതി

കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്

ആര്‍ട്സ് കോളജിലും വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എഫ്.ഐയ്ക്ക് പീഡനമെന്ന് പരാതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിന് പിന്നാലെ തിരുവനന്തപുരം ആര്‍ട്സ് കോളജിലും വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എഫ്.ഐയുടെ പീഡനമെന്ന് പരാതി. യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിക്ക് സമാനമായ ആര്‍ട്സ് കോളജിലെ യൂണിയന്‍ ഓഫിസില്‍ വിദ്യാര്‍ത്ഥിനികളെ എത്തിച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എസ്.എഫ്.ഐയുടെ പ്രകടനത്തിലും വനിതാമതില്‍ പ്രചാരണത്തിലും പങ്കെടുക്കാതിരുന്ന പെണ്‍കുട്ടികളെ നേതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

ഇതേക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇവിടെയെല്ലാം തങ്ങളാണ് തീരുമാനിക്കുന്നതെന്നും നേതാക്കള്‍ പറയുന്നുണ്ട്.അതേസമയം, വനിതാ മതിലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ട്സ് കോളജിലെ എസ്.എഫ്.ഐ നേതാക്കള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഇടപെടുമെന്ന് യുവജന കമ്മിഷനും വ്യക്തമാക്കി. ഇതേക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുമെന്നാണ് കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം അറിയിച്ചു.

Read More >>