ഷുഹൈബ് വധം: നാലു പ്രതികള്‍ക്ക് ജാമ്യം

ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നെന്ന ആക്ഷേപം നില നില്‍ക്കെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

ഷുഹൈബ് വധം: നാലു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കണ്ണൂര്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം. മുന്‍ സി.പി.എം പ്രവര്‍ത്തകരായ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നെന്ന ആക്ഷേപം നില നില്‍ക്കെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. കേസില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നും പ്രതികളെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുകയാണെന്നും കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപണം ഉന്നയിച്ചിരുന്നു.

മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു എസ്പി ഷുഹൈബ് 2018 ഫെബ്രുവരി 12 നാണ് കൊല്ലപ്പെട്ടത്. മട്ടന്നൂരില്‍ തെരൂരിലെ തട്ടുകടയില്‍ അര്‍ദ്ധരാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഷുഹൈബ് ആക്രമണത്തിന് ഇരയായത്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. രക്തം വാര്‍ന്നായിരുന്നു മരണം. കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സി.പി.എമ്മില്‍നിന്നും പുറത്താക്കിയിരുന്നു.

Read More >>