കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളം ബിരുദ സിലബസ് അട്ടിമറിച്ചെന്ന് ആരോപണം

അപ്രശസ്തവും അപ്രസക്തവുമായ ചില പാഠങ്ങള്‍കൂട്ടിച്ചേര്‍ക്കുക, അറിയപ്പെടാത്ത എഴുത്തുകാരെ ഉള്‍പ്പെടുത്തുക എന്നിങ്ങനെയുള്ളവയുണ്ടായെന്നും അംഗങ്ങള്‍ ആരോപിക്കുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മലയാളം ബിരുദ സിലബസ് അട്ടിമറിച്ചെന്ന് ആരോപണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല മലയാളം യു.ജി ബോര്‍ഡ് തയ്യാറാക്കിയ അന്തിമ സിലബസ് ബോര്‍ഡ് ചെയര്‍മാന്‍ അട്ടിമറിച്ചെന്ന് ആരോപണം. 2019 ഏപ്രില്‍ 11ന് സമര്‍പ്പിച്ച യൂണിവേഴ്‌സിറ്റിയുടെ പുതിയ റെഗുലേഷന്‍ അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ അന്തിമ സിലബസില്‍ ബോര്‍ഡ് അംഗങ്ങളുമായി ആലോചിക്കാതെ ചെയര്‍മാന്‍ 61 മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആക്ഷേപം.

ഏകപക്ഷീയമാണ് ചെയര്‍മാന്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന പരാതിയുമായി ബോര്‍ഡ് അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പുസ്തകങ്ങള്‍ പാടെ മാറ്റുകയും പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച ചില പാഠഭാഗങ്ങള്‍ക്കു പകരം മറ്റു ചിലതു ഉള്‍പ്പെടുത്തുകയും ചെയ്തുവെന്ന് ഇവര്‍ പറയുന്നു. അപ്രശസ്തവും അപ്രസക്തവുമായ ചില പാഠങ്ങള്‍കൂട്ടിച്ചേര്‍ക്കുക, അറിയപ്പെടാത്ത എഴുത്തുകാരെ ഉള്‍പ്പെടുത്തുക എന്നിങ്ങനെയുള്ളവയുണ്ടായെന്നും അംഗങ്ങള്‍ ആരോപിക്കുന്നു.

അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ-

ബികോം രണ്ടാം സെമസ്റ്ററില്‍ പഠിക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത് സി.എന്‍ ശ്രീകണ്ഠന്നായരുടെ സാകേതം ആയിരുന്നുവെന്നും അതിനുപകരം പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച സി.എല്‍ ജോസിന്റെ പൂ മേഘധ്വനി ഉള്‍പ്പെടുത്തി. ചെയര്‍മാന്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ചുള്ള സിലബസ് പുറംചട്ടയില്‍ പ്രസിദ്ധീകരിച്ച് ഇതേ പ്രസാധകരുടെ പുസ്തകം ഉടന്‍ വിപണിയിലെത്തി. ഇതിന് പിന്നില്‍ വലിയ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്. ബി.എ ഒന്നാം സെമസ്റ്ററിനുണ്ടായിരുന്ന ഉറൂബിന്റെയും ഗീതാ ഹിരണ്യയുടേയും സി.വി ശ്രീരാമന്റെയും കഥകളെ ഒഴിവാക്കി മറ്റു ചിലരെ ചേര്‍ത്തു. രണ്ടാം സെമസ്റ്ററില്‍നിന്ന് ഇടപ്പള്ളിയെയും പി.പി രാമചന്ദ്രനെയും പുറംതള്ളി വേറെ ഉള്‍പ്പെടുത്തി. ലേഖനങ്ങളില്‍ മുണ്ടശ്ശേരി, കെ.പി അപ്പന്‍ എന്നിവരുടേതിനുപകരം മറ്റുള്ളവരുടെ കൂട്ടിച്ചേര്‍ത്തു. മൂന്നാം സെമസ്റ്ററില്‍നിന്ന് ഈച്ചരവാര്യരെയും പി കുഞ്ഞിരാമന്നായരെയും ഒഴിവാക്കി. ഒട്ടും അറിയപ്പെടാത്ത ഒരാളുടെ കേട്ടുകേള്‍വിയില്ലാത്ത ഒരു ലേഖനം കൂട്ടിച്ചേര്‍ത്തു. ബി.കോം മലയാളം സിലബസിലും കാര്യമായ മാറ്റങ്ങള്‍ വരുത്തി. ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ സിലബസ് പുറത്തിറങ്ങിയ ഉടന്‍തന്നെ ചെയര്‍മാന്റെ കോളജിലെ പബ്ലിക്കേഷന്‍ വിഭാഗം പ്രസിദ്ധീകരിച്ചു. സിലബസ് തീര്‍പ്പുകല്‍പ്പിക്കുന്ന സമയത്ത്തന്നെ അതു പുറത്തിറക്കാനുള്ള അണിയറനീക്കങ്ങള്‍ നടന്നിരുന്നു എന്നും സ്വകാര്യ പ്രസാധകരെ സഹായിക്കാനെന്നവിധം സിലബസ് അട്ടിമറിക്കുകയായിരുന്നു എന്നും ബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചു. ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് മുഴുവന്‍ ബോര്‍ഡ് അംഗങ്ങളും ഒപ്പിട്ട പരാതി ബോര്‍ഡ് അംഗങ്ങള്‍ നേരിട്ട് വൈസ് ചാന്‍സിലര്‍ക്കും സിന്റിക്കേറ്റ് അംഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ബോര്‍ഡ് ചെയര്‍മാന്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്തിയ സിലബസ് ഒഴിവാക്കി ബോര്‍ഡ് തീരുമാനിച്ച സിലബസ് ഈ വര്‍ഷം തന്നെ നടപ്പിലാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. പരാതി വിജിലന്‍സിലേക്ക് കൈമാറുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.

ചെയര്‍മാന്റേത് പുസ്തക കച്ചവടം

ചെയര്‍മാന്‍ അടക്കം പത്തു അംഗങ്ങള്‍ ഉള്ള ബോര്‍ഡില്‍ തുടക്കത്തില്‍ ഒരു അംഗം മീറ്റിംഗിനും സിലബസ് തയ്യാറാക്കാനും എത്തിയിരുന്നില്ല. ഒരാള്‍ നിലപാട് ഇല്ലാതെ മാറി നില്‍ക്കുകയാണ് ചെയ്തത്. മറ്റൊരാള്‍ക്ക് വ്യക്തിപരമായ കാരണം കൊണ്ട് വി.സിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിടാന്‍ സാധിച്ചിട്ടില്ല. അവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ആറ് പേരും ചെയര്‍മാനെതിരെ നല്‍കിയ പരാതിയില്‍ ഒപ്പിട്ടവരാണ്. ചെയര്‍മാന്‍ ചെയ്യുന്നത് പുസ്തക കച്ചവടമാണ്. കെട്ടികിടക്കുന്ന പുസ്തകങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

ഡോക്ടര്‍. പി.കെ കനകലത (ബോര്‍ഡ് അംഗം)

ആരോപണങ്ങള്‍ക്ക് പിന്നില്‍ അസ്വസ്ഥതകള്‍: ചെയര്‍മാന്‍

പഠന ബോര്‍ഡുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നിറഞ്ഞതുമാണെന്ന് പഠന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ.എം നസീര്‍. കരട് രൂപം പ്രസിദ്ധീകരിച്ചത് യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലാണ്. അത് ആരും കാണാത്ത രീതിയിലായെങ്കില്‍ ചെയര്‍മാനല്ല ഉത്തരവാദി. രണ്ടാമതും ബോര്‍ഡ് ചെയര്‍മാനായത് രണ്ടാമതും യൂനിവേഴ്സിറ്റി തെരഞ്ഞെടുത്തതിനാലാണ്. താന്‍ പ്രിന്‍സിപ്പലായ ഫറൂക്ക് കോളജ് പ്രസിദ്ധീകരിച്ചത് ജയമോഹന്റെ പുസ്തകമാണ്. സ്വതന്ത്രാധികാരമുള്ള സ്ഥാപനമാണ് ഫറൂക്ക് കോളജ്. എന്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണ വിഭാ?ഗമാണ്. പുസ്തകം വിറ്റുള്ള ലാഭവും നഷ്ടവും കോളജിനാണ്. തനിക്കല്ല ലഭിക്കുക. മലയാള പഠനത്തെ കൃത്യമായ തലത്തിലേക്ക് എത്തിച്ചതും പല കാരണങ്ങള്‍ പറഞ്ഞ് മാറ്റിവെക്കപ്പെട്ട പലതിനും അംഗീകാരം നല്‍കിയതും ഈ പഠന ബോര്‍ഡാണ്. അതിലുള്ള അസ്വസ്ഥതകളായേ ആരോപണങ്ങളെ കാണുന്നൂള്ളൂ- അദ്ദേഹം പറഞ്ഞു.

Read More >>