കശുവണ്ടി തൊഴിലാളികള്‍ക്ക് പി.എഫ് പെന്‍ഷന്‍ അനുവദിക്കണം: മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് 26 വര്‍ഷത്തിലധികം സര്‍വീസുള്ള കശുവണ്ടി തൊഴിലാളികള്‍ക്കു പോലും ഇ.പി.എഫ് പെന്‍ഷന്‍ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്.

കശുവണ്ടി തൊഴിലാളികള്‍ക്ക് പി.എഫ് പെന്‍ഷന്‍ അനുവദിക്കണം: മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

ന്യൂഡല്‍ഹി: പത്തു വര്‍ഷം സര്‍വീസുള്ള മുഴുവന്‍ കശുവണ്ടി തൊഴിലാളികള്‍ക്കും ഇ.പി.എഫ് പെന്‍ഷന്‍ അനുവദിക്കണമെന്ന് കശുവണ്ടി വികസന വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടി അമ്മ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാങ്വറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.

നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് 26 വര്‍ഷത്തിലധികം സര്‍വീസുള്ള കശുവണ്ടി തൊഴിലാളികള്‍ക്കു പോലും ഇ.പി.എഫ് പെന്‍ഷന്‍ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. നിലവിലുള്ള നിയമമനുസരിച്ച് 10 വര്‍ഷക്കാലയളവില്‍ 3468 ദിവസം ഹാജരില്ല എന്ന കാരണത്താല്‍ 'മതിയായ സര്‍വീസില്ലാത്തതിനാല്‍ പെന്‍ഷന് അര്‍ഹതയില്ല' എന്ന് രേഖപ്പെടുത്തിയാണ് കശുവണ്ടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നത്. ഇക്കാര്യം നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ചേരുന്ന അടുത്ത ഇ.പി.എഫ് ബോര്‍ഡ് യോഗത്തില്‍ പരിഗണിച്ച് അനുകൂലമായ തീരുമാനം ഉണ്ടാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കശുവണ്ടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുണനിലവാരം കുറഞ്ഞ അണ്ടിപ്പരിപ്പിന്റേത് ഉള്‍പ്പെടെ വിവിധ രീതികളില്‍ അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും തടയണമെന്ന ആവശ്യം വാണിജ്യ വകുപ്പിന്റെ ശുപാര്‍ശയോടെ കസ്റ്റംസ് വകുപ്പിന് കൈമാറുമെന്ന കേന്ദ്രമന്ത്രി അറിയിച്ചു.