'മാറിനില്‍ക്ക് അങ്ങോട്ട് 'മാദ്ധ്യമങ്ങളോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി

ഇന്നലെ വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി.

കൊച്ചി: ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ചു ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം പറയാന്‍ തയാറാകാതിരുന്ന മുഖ്യമന്ത്രി 'മാറിനില്‍ക്ക് അങ്ങോട്ട്' എന്നു മാദ്ധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചു.

ഇന്നലെ വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ അദ്ദേഹം രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്പോഴാണു മാദ്ധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ങിനെക്കുറിച്ചു ചോദിച്ചതോടെ 'മാറിനില്‍ക്ക് അങ്ങോട്ട്' എന്ന് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

ചാനല്‍ മൈക്ക് നീട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോകുകയും ചെയ്തു. കുടുംബസമേതമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേരത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും കൊച്ചിയില്‍ വിവിധയിടങ്ങളില്‍ വച്ച് മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് ദേഷ്യത്തോടെ പെരുമാറിയിട്ടുണ്ട്.

മാസങ്ങള്‍ക്കു മുമ്പ് തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാദ്ധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.

Read More >>