നിയമസഭ കടലാസ് രഹിത ഡിജിറ്റല്‍ സഭയാക്കും

ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായാല്‍ എം.എല്‍.എമാര്‍ക്ക് ഏത് രേഖയും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

നിയമസഭ കടലാസ് രഹിത ഡിജിറ്റല്‍ സഭയാക്കും

തിരുവനന്തപുരം: നിയമസഭ 14 മാസത്തിനകം കടലാസ് രഹിത ഡിജിറ്റല്‍ സഭയായി മാറും. എട്ടുമാസം കൊണ്ട് സഭയ്ക്കുള്ളിലും അടുത്ത ആറുമാസത്തില്‍ സഭയിലെ ഓരോ വകുപ്പുകളിലും ഡിജിറ്റല്‍വത്കരണം നടപ്പാവും. 40 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഊരാളുങ്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കുമായി ഡിജിറ്റലൈസേഷന് സര്‍ക്കാര്‍ കരാറൊപ്പിട്ടു. ഇതോടെ സമ്പൂര്‍ണ കടലാസ്രഹിതമാവുന്ന ആദ്യ നിയമസഭ കേരളത്തിലേതാവും. രാജ്യത്ത് ഹിമാചല്‍പ്രദേശ് നിയമസഭ മാത്രമാണ് ഭാഗികമായെങ്കിലും ഡിജിറ്റലായുള്ളത്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായാല്‍ എം.എല്‍.എമാര്‍ക്ക് ഏത് രേഖയും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

നിയമസഭയില്‍ വരുന്ന വിവരങ്ങള്‍ നിശ്ചിതസമയത്തിനുള്ളില്‍ എം.എല്‍.എമാര്‍ക്ക് മുന്നിലുള്ള ലാപ്ടോപ്പില്‍ തെളിയും. സ്പീക്കറുമായുള്ള ആശയവിനിമയം, ബജറ്റ് അവതരണം, ബജറ്റ് വിശദാംശങ്ങള്‍ എന്നിവയെല്ലാം ഡിജിറ്റലാവും. സഭയുടെ ലൈബ്രറിയും ആര്‍ക്കൈവ്സും ഡിജിറ്റലാവും. ഒരുവര്‍ഷം പ്രിന്റിങ്ങിന് 35 മുതല്‍ 40 കോടി രൂപ വരെ ചെലവുണ്ട്. ഈ തുകയ്ക്ക് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാം.

ജീവനക്കാര്‍ക്ക് തൊഴില്‍നഷ്ടമാവാതെ, മറ്റ് വിഭാഗങ്ങളില്‍ പുനര്‍വിന്യസിക്കും. ഡിജിറ്റല്‍വത്കരണത്തിന് കേന്ദ്രസഹായത്തിനായി വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. കരാര്‍ വിളിക്കാതെയാണ് ഊരാളുങ്കല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷന്‍ ഏല്പിച്ചതെന്നും സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിനെ ഒഴിവാക്കിയെന്നുമുള്ള ആരോപണങ്ങള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തള്ളി. കരാറിന്റെ ആവശ്യമില്ലെന്നും താത്പര്യപത്രം ക്ഷണിച്ചാണ് ഇവരെ തിരഞ്ഞെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു.

സൊസൈറ്റിയുടെ വൈദഗ്ദ്ധ്യവും പദ്ധതി സമയത്തു തീര്‍ക്കാനുള്ള മികവും പരിഗണിച്ചാണ് അവരെ ഏല്പിച്ചത്. കെല്‍ട്രോണ്‍ അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളും താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. നിയമസഭാംഗങ്ങള്‍ക്കുള്ള ഇ- വിധാന്‍ സഭ പരിശീലന പരിപാടിയുടെ പ്രാഥമിക ഘട്ടം 21നും 22നുമായി നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

Read More >>