റെയ്ഡില്‍ 10 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി; ഡിവൈ.എസ്.പി കുരുക്കില്‍

ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു.

റെയ്ഡില്‍ 10 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി; ഡിവൈ.എസ്.പി കുരുക്കില്‍

പാലക്കാട്: തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയുടെ വീട്ടില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് കണക്കില്‍ പെടാത്ത ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും. ഹംസയുടെ പാലക്കാട്ടെ വീട്ടിലായിരുന്നു വിജിലന്‍സ് പരിശോധന. 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വിലകൂടിയ വാച്ചും കണ്ടെത്തി. ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്‌പെഷല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു എസ്പി. വി.എന്‍. ശശിധരന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്പി ടി.യു.സജീവന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഏതാനും ദിവസം മുമ്പ് ഹംസയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയില്‍ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധിക വരുമാനം 2009 -2019 കാലയളവില്‍ നേടിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടികളിലേക്ക് വിജിലന്‍സ് കടന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. നേരത്തെ, ഹംസക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പൊലീസ് അസോസിയേഷനും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒഴിവാക്കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

Read More >>