10 കോടി അക്കൗണ്ടിലൂടെ കൈമാറി; ഇബ്രാഹിംകുഞ്ഞിന് എതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി
പത്തുകോടി രൂപയില്‍ കുറയാത്ത തുക ഹര്ജിക്കാരന് പറയുന്ന അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരികരിച്ചതോടെയാണ് ഹൈക്കോടതി അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചത്
കൊച്ചി : പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച പണം മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞും പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ സൂരജും സ്വകാര്യ അക്കൗണ്ടിലൂടെ മാറ്റിയടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
ഇബ്രാഹിം കുഞ്ഞിനെതിരായ ഈ ആരോപണം അന്വേഷിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തുകോടി രൂപയില്‍ കുറയാത്ത തുക ഹര്ജിക്കാരന് പറയുന്ന അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്ഥിരികരിച്ചതോടെയാണ് ഹൈക്കോടതി അന്വേഷണം വേണമെന്ന നിലപാട് സ്വീകരിച്ചത്.
പണത്തിന്റെ ഉറവിടം വ്യക്തമാക്കാതെ കൊച്ചിയിലെ രണ്ടു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക വന്നിട്ടുള്ളത്.നോട്ടുനിരോധനകാലത്ത് ആരുടേതെന്ന് വ്യക്തമാക്കാതെ ഈ അക്കൗണ്ട് വഴി പണം വെളുപ്പിച്ചെന്നാണ് ഹര്ജിക്കാരന് പറയുന്നത്.