പാറപ്പുറത്ത് രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ അന്തകവിത്താണ് പിണറായി വിജയന്‍ : കെ.സുധാകരന്‍

പൊലീസിനെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമവും കള്ളവോട്ടും നടത്തി ജനാധിപത്യം തകര്‍ക്കാമെന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഹന്തക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം

പാറപ്പുറത്ത് രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ അന്തകവിത്താണ് പിണറായി വിജയന്‍ : കെ.സുധാകരന്‍

കണ്ണൂര്‍: ജനാധിപത്യ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും നിയുക്ത എം.പിയുമായ കെ.സുധാകരന്‍. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്തും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടയിട്ടും സി.പി.എം ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. കണ്ണൂര്‍ ജില്ലാ കലക്ടറും പൊലീസ് മേധാവിയുമൊക്കെ സി.പി.എം നേതൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി അവരുടെ ആത്മാഭിമാനം പണയം വെച്ചാണ് ജോലി ചെയ്യുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ പോക്ക് സര്‍വ്വനാശത്തിലേക്കാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. വിയോജിപ്പുള്ളവരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിക്കൊണ്ട് ഭയപ്പാടിന്റെ അന്തരീക്ഷം സൃഷ്ടിച്ച് എതിരാളികളെ നിശബ്ദരാക്കാനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നത്. പ്രാകൃതമായ ഈ രാഷ്ട്രീയശൈലിക്കെതിരായ വികാരമാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 19 സീറ്റ് കിട്ടിയതിലല്ല, യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച മഹാഭൂരിപക്ഷത്തിലാണ് ജനങ്ങളുടെ വികാരം പ്രകടമാകുന്നത്. സി.പി.എമ്മിന് കാലാകാലങ്ങളായി വോട്ടു ചെയ്തവര്‍ പോലും ആ പാര്‍ട്ടിയെ വെറുക്കുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലാണ് വോട്ടു ചോര്‍ച്ചയുണ്ടായത്. സി.പി.എമ്മിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. എന്തു കൊണ്ട് ഇത്തരത്തില്‍ പുറകോട്ടു പോകുന്നുവെന്ന് ആത്മപരിശോധന നടത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണം.

പൊലീസിനെ ചൊല്‍പ്പടിക്ക് നിര്‍ത്തി അക്രമവും കള്ളവോട്ടും നടത്തി ജനാധിപത്യം തകര്‍ക്കാമെന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അഹന്തക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം. കള്ളവോട്ട് ജന്മാവകാശമായി കൊണ്ടു നടക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ എത്ര കള്ളവോട്ട് ചെയ്താലും കൊടിയ അക്രമം നടത്തിയാലും ജനരോഷത്തെ തടത്തു നിര്‍ത്താന്‍ സി.പി.എം വിചാരിച്ചാല്‍ നടക്കില്ലെന്നും ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു.

ലോകമെമ്പാടും തിരസ്‌കരിച്ച കമ്യൂണിസം ഇനി അവശേഷിക്കുന്നത് കേരളമെന്ന തുരുത്തില്‍ മാത്രമാണ്. പത്താളുകളുടെ പട്ടിണി മാറ്റാന്‍ കഴിയാത്ത ഈ പ്രത്യയശാസ്ത്രത്തെ ചൈനയും റഷ്യയുമൊക്കെ എന്നേ കുഴിച്ചുമൂടിക്കഴിഞ്ഞു. കേരളത്തില്‍ 1939ല്‍ പിണറായി പാറപ്പുറത്ത് രൂപം കൊണ്ട പ്രസ്ഥാനത്തിന്റെ അന്തകവിത്താണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍ പരിഹസിച്ചു.

കണ്ണൂരിലെ കള്ളവോട്ടിനെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമായി തുടരും. യു.ഡി.എഫ് ആവശ്യപ്പെട്ട പ്രകാരം ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്ടര്‍ ഇതേവരെ തയ്യാറായിട്ടില്ല. ഇനിയും സി. പി. എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കാനാണ് കലക്ടറുടെ ഭാവമെങ്കില്‍ കോടതിയെ സമീപിച്ച് ആ ദൃശ്യങ്ങള്‍ നേടാന്‍ ശ്രമിക്കും. അതിനുള്ള നിയമപോരാട്ടത്തില്‍ ഇനി പിന്നോക്കം പോകുന്ന പ്രശ്‌നമില്ല. ജില്ലാ കലക്ടര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ടിക്ക് വേണ്ടി എന്ത് വിടുപണി ചെയ്താലും, കള്ളവോട്ടു ചെയ്തവരെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും അഴി എണ്ണിക്കും വരെ കോണ്‍ഗ്രസ്സ് പോരാടുമെന്നും സുധാകരന്‍ പറഞ്ഞു.

പിലാത്തറയില്‍ റീ പോളിംഗ് ദിവസം നേരത്തേ കള്ളവോട്ടിനെ ചെറുത്ത ഷാലറ്റ് സെബാസ്റ്റ്യന്റെ വീടിനു നേരെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വി.ടി.വി പദ്മനാഭന്റേയും വീടുകള്‍ക്കു നേരെ ബോംബെറിഞ്ഞ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ. സുധാകരന്‍.

Read More >>