ഫണ്ടില്ല: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കല്ലുകടി

യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ പ്രധാനാധ്യാപകരാണ് പലപ്പോഴും സ്വന്തം കൈയിൽ നിന്നും തുക കണ്ടെത്തി ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്

ഫണ്ടില്ല: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കല്ലുകടി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാകുന്നു. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ പ്രധാനാധ്യാപകരാണ് പലപ്പോഴും സ്വന്തം കൈയിൽ നിന്നും തുക കണ്ടെത്തി ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്.

മാസങ്ങളോളം ഇത്തരത്തിൽ സ്വന്തം കീശയിൽ നിന്ന് കാശ് മുടക്കിയ പ്രധാനാധ്യാപകർ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇനിയും ഇത്തരത്തിൽ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും. അധ്യയനവർഷം തുടങ്ങി ആറുമാസം കഴിഞ്ഞെങ്കിലും നാമമാത്ര തുകയാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി സർക്കാർ ഇതുവരെ അനുവദിച്ചത്.

2012-2013 അധ്യയനവർഷം മുതലാണ് പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. പാചകാവശ്യത്തിനുള്ള അരി സപ്ലൈകോ മുഖേനെയാണ് ലഭ്യമാക്കിയിരുന്നത്. പച്ചക്കറി, പലവ്യഞ്ജനം, പാൽ, മുട്ട, പാചക ഗ്യാസ് എന്നിവക്കുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് സർക്കാർ മുൻകൂർ നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഈ അധ്യയനവർഷം നാമമാത്രമായ തുകയാണ് ഇതിനായി നൽകിയത്. പൊതുവിദ്യാഭ്യാസ വകുപ്പിനെ സമീപിച്ച അധ്യാപകർക്ക് സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയാണെന്ന മറുപടിയാണ് ലഭിച്ചത്.

1,600 കോടി രൂപയാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ്. മുൻവർഷങ്ങളിൽ ജൂൺ, നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് തുക അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നത്. ജൂണിൽ കേന്ദ്രവിഹിതം സംസ്ഥാന സർക്കാറിന് നൽകിയെങ്കിലും ഇത് ട്രഷറിയിൽ കരുതൽ ധനമായി സൂക്ഷിക്കുകയാണെന്നാണ് ആരോപണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ മുഖ്യ നടത്തിപ്പുകാർ പ്രധാനാധ്യാപകരാണ്. ആഴ്ചയിൽ രണ്ടു ദിവസമാണ് പാലും മുട്ടയും നൽകുന്നത്.

2016 ലെ വിലനിലവാരം കണക്കാക്കിയാണ് ഫണ്ട് അനുവദിക്കുന്നത്. ഇതിന് ശേഷം പാലിനും പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും പാചകവാതകത്തിനും ഗണ്യമായ തോതിൽ വില വർധിച്ചു. ഇതിനാനുപാതികമായി ഫണ്ട് വർധിപ്പിച്ച് നൽകിയിട്ടില്ല. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് കൂടി മുടങ്ങിയതോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന പദ്ധതിയായ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം മുടങ്ങുമെന്ന അവസ്ഥയാണുള്ളത്.

Next Story
Read More >>