കൂടത്തായി കേസ്:വിവരങ്ങള്‍ സര്‍ക്കാരിന് നേരത്തെ ലഭിച്ചു, തെരഞ്ഞെടുപ്പ് അടുക്കെ പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തിനായി:മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായി സർക്കാരിൻറെ ദയനീയമായ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്

കൂടത്തായി കേസ്:വിവരങ്ങള്‍ സര്‍ക്കാരിന് നേരത്തെ ലഭിച്ചു, തെരഞ്ഞെടുപ്പ് അടുക്കെ പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തിനായി:മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിനും പൊലീസിനും മുമ്പു തന്നെ ലഭിച്ചിരുന്നുവെന്നും ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പിണറായി സർക്കാരിൻറെ ദയനീയമായ പ്രകടനം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍-മുല്ലപ്പള്ളി ആരോപിച്ചു.

കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകൾ കണ്ടെത്താൻ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. ഈ കേസ് സംബന്ധിച്ച വസ്തുകളും തെളിവുകളും പൊലീസിന്റെ കയ്യിൽ എത്തിയിട്ട് മാസങ്ങളായി എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഈ കേസിൽ അറസ്റ്റും മറ്റും നടത്തി ജനശ്രദ്ധ തിരിക്കാനും രാഷ്ട്രീയവിഷയങ്ങൾ ചർച്ചചെയ്യാതിരിക്കാനും പോലീസും സർക്കാരും ഒത്തുകളിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേസിൽ അറസ്റ്റ് സംബന്ധിച്ച സമയം തെരഞ്ഞെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ആഭ്യന്തരമന്ത്രിയുടേയും പൊലീസ് മേധാവിയുടേയും പാർട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് കൂടത്തായികേസിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരാനാണ് രാഷ്ട്രീയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ കുറിച്ചു പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. ആക്ഷേപം ഉന്നയിച്ചത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയുന്നതിനാലാണ്.ആചാരവിധിപ്രകാരം ശബരിമലയിൽ പോയിട്ടുണ്ടെന്നും ആചാരങ്ങൾ മാറ്റിമറിക്കുന്നതിൽ യോജിപ്പില്ലെന്നുമാണ് ശങ്കർറൈ പറഞ്ഞത്. ക്ഷേത്ര ദർശനം നടത്തി സഹപ്രവർത്തകർക്ക് പ്രസാദം വിതരണം ചെയ്ത ശേഷമാണ് സി.പി.എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയായ റൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി രവീശതന്ത്രിയിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിന് ഇറങ്ങിയത്. ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തി കൊണ്ടുവന്നത് ശങ്കർ റൈയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനങ്ങൾക്ക് തെറ്റുതിരുത്താനായുള്ള അവസരമായാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങളല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് തെറ്റ്തിരുത്തേണ്ടത്. ശബരിമലയെ കലാപ ഭൂമിയാക്കിയതിലും വിശ്വാസികളെ കുത്തി നോവിച്ചതിലും മുഖ്യമന്ത്രി എത്രതവണ മാപ്പിരന്നാലും മതിയാവില്ല. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സർക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവർ വിഡ്ഢികളുടെ ലോകത്താണ്. രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ പറയില്ല. പാലാ ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിൻറെ വിജയത്തെ സത്യസന്ധമായി വിലയിരുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പാലായിൽ എൻ ഡി എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More >>