ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങൾ; ഭരണ-പ്രതിപക്ഷ സംയുക്ത സത്യാഗ്രഹ പരിപാടി നാടിന്റെ നിലനിൽപിനു വേണ്ടി -പിണറായി വിജയന്‍

രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്‌ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ സാക്ഷി നിർത്തി ഉയരുക

ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങൾ; ഭരണ-പ്രതിപക്ഷ സംയുക്ത സത്യാഗ്രഹ പരിപാടി നാടിന്റെ നിലനിൽപിനു വേണ്ടി -പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് ഇന്ന് രാവിലെ നടക്കുന്ന ഭരണ-പ്രതിപക്ഷ സംയുക്ത സത്യാഗ്രഹ പരിപാടി നാടിന്റെ നിലനിൽപിനു വേണ്ടിയുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു പിണറായിയുടെ പ്രതികരണം. ഭരണഘടനാ വിരുദ്ധമായ ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പാളയം രക്തസാക്ഷി മണ്ഡപ്ത്തിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും; എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ബിജെപി ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ ഒരു രാഷ്ട്രീയ ഉദ്ദേശമെന്നും പിണറായി ആരോപിച്ചു.

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളിൽ സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിഒൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ചു പ്രതിഷേധമായി രംഗത്തിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങൾ. ആര്യന്മാരാണ് ഏറ്റവും ഉയർന്ന വംശം എന്ന ഹിറ്റ്ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറ. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാസിസ്റ്റു പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘപരിവാറിന്റെ വിനാശ അജണ്ടയ്‌ക്കെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ സാക്ഷി നിർത്തി ഉയരുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി.

Read More >>