10 വര്‍ഷം മുമ്പ് മരിച്ച ഏഴാം ക്ലാസുകാരന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യും

2009 ഏപ്രിൽ അഞ്ചിനാണ് വീട്ടിൽ നിന്ന് പാലുവാങ്ങാൻ പോയ ആദർശ് വിജയനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

10 വര്‍ഷം മുമ്പ് മരിച്ച ഏഴാം ക്ലാസുകാരന്റെ മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യും

തിരുവനന്തപുരം: ഭരതന്നൂരിൽ 10 വർഷം മുമ്പ് മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമാർട്ടം ചെയ്യാനൊരുങ്ങുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി. ഭരതന്നൂർ സ്വദേശി ആദർശ് വിജയന്റെ മൃതദേഹമാണ് 10വർഷത്തിനു ശേഷം പുറത്തെടുക്കുന്നത്. 2009 ഏപ്രിൽ അഞ്ചിനാണ് വീട്ടിൽ നിന്ന് പാലുവാങ്ങാൻ പോയ ആദർശ് വിജയനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്ന് ബന്ധുക്കൾക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത സംശയിച്ചുതുടങ്ങിയത്. കുളത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ആദർശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല, തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലയ്ക്കടിയേറ്റാണ് ആദർശ് മരിച്ചതെന്ന് മനസിലാക്കിയതോടെയാണ് ദുരൂഹതയേറുന്നത്. ആദ്യം പാങ്ങോട് പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ പിന്നീടിത് ക്രൈംബ്രാഞ്ചിന് വിട്ടു.

ലോക്കൽ പൊലീസ് തെളിവില്ലെന്നും പ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് 10 വർഷമായിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. തുടർന്ന് ഇപ്പോൾ കേസ് ഫയൽ പി.എസ്.സി കേസ് കൂടി കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്.പി ഹരികൃഷ്ണന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ പുനഃസംഘടനയുടെ ഭാഗമായി വർഷങ്ങൾ പഴക്കമുള്ള കേസുകൾ തീർപ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായാണ് നടപടി. ആദർശിന്റെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ വരുന്ന തിങ്കളാഴ്ച ആർ.ഡിഒയുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്താനാണ് തീരുമാനം.

നേരത്തെ നടത്തിയ പോസ്റ്റുമാർട്ടം പ്രകാരം ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കുളത്തിന്റെ കരയിൽ നിന്ന് കണ്ടെത്തിയ ആദർശിന്റെ വസ്ത്രത്തിൽ ബീജമുണ്ടായിരുന്നു. മരണദിവസം മഴയുണ്ടായിട്ടും വസ്ത്രങ്ങൾ നനഞ്ഞിരുന്നില്ല. മർദിച്ച് കൊന്നശേഷം കുളത്തിലിട്ടതാവാം എന്നാണ് നിഗമനം. വസ്ത്രത്തിൽ നിന്ന് ലഭിച്ച ബീജം ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം.

കുട്ടിയുടെ കൈയിൽ പൈസയുണ്ടായിരുന്നുവെന്നും അത് തട്ടിയെടുക്കാൻ ശ്രമിച്ചതാകാമെന്നും കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ സാദ്ധ്യതയുണ്ടാകാമെന്നുമാണ് ബന്ധുക്കൾ സംശയിക്കുന്നത്. കുട്ടിയെ കാണാതായ സമയത്ത് മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഭാഗത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അപ്പോൾ കണ്ടെത്താതെ രാത്രിയാണ് മൃതദേഹം അതേ സ്ഥലത്ത് കണ്ടെത്തിയത്. മാത്രമല്ല, അധികമാർക്കും അറിയാത്തതാണ് ഈ പ്രദേശത്തെ കുളമെന്നും ബന്ധുക്കൾ പറയുന്നു.

Read More >>