ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ: ഭാര്യക്ക് പിന്തുണയുമായി കെ.കെ രമ

ഭാര്യയുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണോ അദ്ദേഹം നിരന്തരം സി.പി.എം നേതാക്കന്മാരെ സമീപിച്ചിരുന്നതെന്നും രമ ചോദിക്കുന്നു.

ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ: ഭാര്യക്ക് പിന്തുണയുമായി കെ.കെ രമ

കോഴിക്കോട്: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ഭാര്യ ബീനക്ക് പിന്തുണയുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. ഫേസ്ബുക്ക് പേജിലൂടെയാണ് രമ ബീനക്കുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. നിങ്ങളിപ്പോള്‍ അനുഭവിക്കുന്ന താങ്ങാനാവാത്ത ദു:ഖവും ഏകാന്തതയും അപമാനഭാരവും തനിക്ക് മനസ്സിലാക്കാനാവുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രമ പറയുന്നു. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളെപ്പോലും അപമാനിക്കുന്നു എന്നതാണ് നമ്മെ ഒന്നിപ്പിക്കുന്നത്. പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ബീനയെക്കുറിച്ച് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇവര്‍ അപവാദം പ്രചരിപ്പിക്കുന്നത്. സി.പി.എമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി നേരിട്ടാണ് ഈ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കുന്നതെന്നും കെ.കെ രമ ആരോപിക്കുന്നു.

സാജന്റെ വീട്ടിലെ ഫോണില്‍ നിരന്തരമായി വിളിക്കുന്ന ഡ്രൈവറായ യുവാവാണ്, ആ ഫോണ്‍ കോളുകളാണ് ഈ ദാരുണ സംഭവത്തിനു പിറകിലെന്ന് പച്ചക്കള്ളമെഴുതിവിടുന്ന ദേശാഭിമാനി ലേഖകന്‍ ഒരു മഞ്ഞപ്പത്ര നിലവാരത്തിലേക്കാണ് താഴ്ന്നത്. എണ്ണമറ്റ നിസ്വാര്‍ത്ഥ വിപ്ലവകാരികളുടെ വിയര്‍പ്പും ചോരയും കൊണ്ട് പടുത്തുയര്‍ത്തിയ ദേശാഭിമാനിയുടെ മാദ്ധ്യമ പാരമ്പര്യത്തെക്കൂടിയാണയാള്‍ അപമാനിക്കുന്നതെന്നും രമ വിമര്‍ശിക്കുന്നു. അത്യന്തം സ്ത്രീവിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ് ഈ വാര്‍ത്തയെന്നും രമ പറയുന്നു.

സി.പി എമ്മിനെ പിന്തുണയ്ക്കുന്ന വനിതാ പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാവണം. ഭാര്യയുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെങ്കില്‍ ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണോ അദ്ദേഹം നിരന്തരം സി.പി.എം നേതാക്കന്മാരെ സമീപിച്ചിരുന്നതെന്നും രമ ചോദിക്കുന്നു. എത്ര വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ധൈര്യമായിരിക്കണമെന്നും. ജനാധിപത്യ കേരളം ബീനയ്‌ക്കൊപ്പമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

അതേസമയം സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ബീന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നതു പൊലീസ് ഉദ്യോഗസ്ഥരാണെന്നും. കുടുംബപ്രശ്നമാണു മരണത്തിനു കാരണമെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഇവരുടെ പരാതിയില്‍ പറയുന്നു.

Read More >>