വീണ്ടുമൊരു മണ്ഡല കാലം: ആശങ്കയുടെ മലകയറാന്‍ വിശ്വാസികള്‍

പുതിയ ദേവസ്വം പ്രസിഡന്റ് നാളെ അധികാരമേൽക്കും

വീണ്ടുമൊരു  മണ്ഡല കാലം: ആശങ്കയുടെ മലകയറാന്‍ വിശ്വാസികള്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വരാനിരിക്കുന്ന മണ്ഡലകാലം കലുഷിതമാകുമെന്ന ആശങ്ക പടരുന്നു. പുനഃപരിശോധനാഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടെങ്കിലും നിലവിലെ യുവതീ പ്രവേശത്തിന് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ സ്ത്രീകൾ ശബരിമലയിലെത്തിയാൽ സ്വഭാവികമായും അവർക്ക് സംരക്ഷണം നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാകും. സ്ത്രീകൾ എത്തിയാൽ തടയുമെന്ന് സുപ്രിം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ രാഹുൽ ഈശ്വർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് സ്ത്രീകൾ എത്തുമ്പോൾ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

യുവതീ പ്രവേശന വിധിക്കു ശേഷം കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് ശബരിമല സാക്ഷ്യംവഹിച്ചത്. തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. കാണിക്ക നിഷേധമെന്ന പ്രചാരണം വലിയ വരുമാന നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാക്കിയത്. മരാമത്ത് ജോലികളുടെ പണം നൽകാൻ കരുതൽ ഫണ്ടിൽ നിന്ന് വായ്പ്പയെടുക്കേണ്ടി വന്നു. വ്യാപര സ്ഥാപനങ്ങൾ ലേലത്തിലെടുത്തവർക്കും നഷ്ടമുണ്ടായി.

ഈ തിരിച്ചടികളിൽ നിന്ന് ദേവസ്വംബോർഡ് കര കയറാൻ തുടങ്ങിയിട്ടേയുള്ളൂ. സംസ്ഥാന സർക്കാർ 100 കോടി സഹായം പ്രഖ്യാപിക്കുകയും ആദ്യഗഡുവായി 30 കോടി രൂപ നൽകുകയും ചെയ്തു. കഴിഞ്ഞ തുലാമാസത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തിൽ മൂന്നു കോടി വർദ്ധനയുമുണ്ടായി. പുതിയ മണ്ഡലകാലത്തിന് രണ്ടുദിവസം ശേഷിക്കെയാണ് സുപ്രിം കോടതിയുടെ പുതിയ വിധി.

ശബരിമലയിൽ രാജ്യം ഉറ്റുനോക്കുന്ന വിധി വന്ന ഇന്ന് പ്രസിഡന്റിന്റേയും ഒരംഗത്തിന്റേയും സ്ഥാനം ഒഴിഞ്ഞു കിടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പുതിയ ബോർഡ് പ്രസിഡന്റായി എൻ വാസു നാളെ ചുമതലയേൽക്കുക്കും. 2017 നവംബർ 14നാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി എ പത്മകുമാറും അംഗമായി കെ.പി ശങ്കർദാസും ചുമതലയേറ്റത്. ഇന്നലെ ഇവരുടെ കാലാവധി അവസാനിച്ചു.

അതേസമയം, പുതിയ സുപ്രിം കോടതി നിലപാടിന്റെ അടിസ്ഥാനത്തിൽ ശബരിമല യുവതീ പ്രവേശത്തിൽ നിർണായക തീരുമാനം ദേവസ്വം ബോർഡിനും എടുക്കേണ്ടി വരും. ഇതു മുൻകൂട്ടി കണ്ടാണ് മുൻ ദേവസ്വം കമ്മിഷണറായ എൻ വാസുവിനെ ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. സാധാരണ രാഷ്ട്രീയ നേതാക്കന്മാരാണ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താറുള്ളത്.കോടതി വിധി എന്തായാലും അതു നടപ്പാക്കാനുള്ള ബാദ്ധ്യത സർക്കാരിനും ബോർഡിനുമുണ്ട്. കഴിഞ്ഞ കോടതി വിധിയുണ്ടായപ്പോൾ എൻ വാസുവായിരുന്നു ദേവസ്വം കമ്മിഷണർ. വിധി നട പ്പാക്കുകയെന്ന കാര്യത്തിൽ ബോർഡ് ഭരണസമിതിയേക്കാൾ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്.

Read More >>