വെള്ളക്കരം കിലോലിറ്ററിന് ഏഴുരൂപയാക്കണമെന്ന് ജല അതോറിറ്റി

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ശുപാര്‍ശ ജലവിഭവ വകുപ്പിന് കൈമാറാനാണ് ജല അതോറിറ്റിയുടെ തീരുമാനം.

വെള്ളക്കരം കിലോലിറ്ററിന് ഏഴുരൂപയാക്കണമെന്ന് ജല അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കിലോലിറ്ററിന് ഏഴുരൂപയായി വര്‍ധിപ്പിക്കണമെന്ന് ജല അതോറിറ്റി ശുപാര്‍ശ .നിലവില്‍ പത്ത് ലിറ്റര്‍ വെള്ളത്തിന് നാല് പൈസയാണ് ജല അതോറിറ്റി ഈടാക്കുന്നത് അത് ഏഴു പൈസയാക്കണമെന്നാണ് ആവശ്യം. വെള്ളക്കരം വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ല. കിലോലിറ്ററിന് ചുരുങ്ങിയത് ആറ് രൂപ ആയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി.

വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ശുപാര്‍ശ ജലവിഭവ വകുപ്പിന് കൈമാറാനാണ് ജല അതോറിറ്റിയുടെ തീരുമാനം. വിഷയം മന്ത്രിസഭയിലെത്തിയാലും തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫിന്റെ അംഗീകാരം നേടേണ്ടതുണ്ട്. എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ജല അതോറിറ്റിയുടെ ആവശ്യം. അതിനാല്‍ത്തന്നെ സാധാരണക്കാരെയടക്കം ഇത് ബാധിക്കും. അതുകൊണ്ട് തന്നെ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയേ എല്‍.ഡി.എഫ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ജല അതോറിറ്റിക്ക് വൈദ്യുതി നിരക്കിലുണ്ടായ വര്‍ധന താങ്ങാവുന്നതിലുമേറെയാണ്. ഒരു മാസം അഞ്ച് കോടിയിലേറെ രൂപയാണ് വൈദ്യുതി നിരക്കിനത്തില്‍ അധികച്ചെലവ്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സ്ഥാപനത്തിന് കഴിഞ്ഞ വര്‍ഷം 300 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ എല്ലാ വര്‍ഷവും ഈ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. 23,15,649 ഗാര്‍ഹിക ഉപഭോക്താക്കളുള്‍പ്പെടെ 25 ലക്ഷത്തോളം കണക്ഷനുകളാണ് സംസ്ഥാനത്തുള്ളത്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് അതോറിറ്റിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Read More >>