കെ പി കുഞ്ഞിമൂസ അന്തരിച്ചു

മലയാളത്തിൽ പ്രസിദ്ധീകരിച്ച് നിരവധി മനോഹരമായ സോവനീറുകൾക്ക് പിന്നിൽ കുഞ്ഞിമൂസയുടെ കരങ്ങളുണ്ടായിരുന്നു.

കെ പി കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്- മുതിർന്ന പത്രപ്രവർത്തകനും ചന്ദ്രിക പത്രാധിപ സമിതി മുൻ അംഗവുമായ കെ.പി.കുഞ്ഞിമൂസ (74) അന്തരിച്ചു. ഭാര്യ - വി എം. ഫൗസിയ . മക്കൾ - വി എം ഷെമി (അധ്യാപിക, മലബാർ സെൻട്രൽ സ്കൂൾ, പന്നിയങ്കര), വി എം ഷെജി, ഷെസ്ന, മരുമക്കൾ - പി എം ഫിറോസ് ,നൗഫൽ (ദ്രുബായ്) ഷഹ്സാദ് (ദുബായ്,

കോഴിക്കോട് പന്നിയങ്കര വി കെ.കൃഷ്ണമേനോൻ റോഡിലെ മൈത്രിയിലാണ് അന്ത്യം.തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ദീർഘകാലമായി കോഴിക്കോട്ടാണ്.

എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.പി വിരമിക്കുമ്പോൾ "ചന്ദ്രിക" ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുകയായിരുന്നു

1966-ൽ ചന്ദ്രിക പത്രാധിപസമിതിയിൽ ചേർന്ന കെ.പി. ദിനപ്രതത്തിൽ പല തസ്തികകളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇടക്കാലത്ത് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ എഴുതിത്തുടങ്ങിയിരുന്നു. തൃശ്ശൂരിൽ ഫാദർ വടക്കൻ നടത്തിയ തൊഴിലാളി കണ്ണൂരിൽ നിന്ന് പി.വി.കെ.നെടുങ്ങാടി പ്രസിദ്ധീകരിച്ച സുദർശനം എന്നിവയുടെയും ലേഖകനായി, പഠനകാലത്തു തന്നെ തലശ്ശേരിയിൽ ചന്ദ്രികയുടെ ലേഖകനായും പ്രവർത്തിച്ചു. തലശ്ശേരി ബ്രണ്ണൻ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹപാഠിയാണ്.1969-ൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഇൻഫർമേഷൻ ഓഫീസറായി സെലക്ഷൻ ലഭിച്ചുവെങ്കിലും ചന്ദ്രികയിൽ തുടരുകയായിരുന്നു.

1956-ൽ തലശ്ശേരി ടൗൺ എം.എസ്.എഫ്. പ്രസിഡണ്ടായി പൊതുരംഗത്തെത്തി. 1960-ൽ സംസ്ഥാന വൈസ്പ്രസിഡണ്ടായി. 1959-ൽ വിമോചന സമരകാലത്ത് ജില്ലാ പ്രസിഡണ്ടും 67-ൽ സംസ്ഥാന പ്രസിഡണ്ടുമായി.എം.എസ്.എഫ് സംസ്ഥാന ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചു.

1957 മുതൽ കണ്ണൂർ ജില്ലാ ലീഗ് കൗൺസിലറായിരുന്ന കെ.പി. കോഴിക്കോട് ജില്ലാ ലീഗ് കൗൺസിലറുമായി. ആവനാഴി എന്ന ഒരു വാരിക സ്വന്തമായി നടത്തിയിരുന്നു.

ഈന്തപ്പഴത്തിന്റെ നാട്ടിലൂടെ, കല്ലായിപ്പുഴ മുതൽ ബ്രഹ്മപുത്ര വിര വഴികാട്ടികൾ മധുരിക്കും ഓർമ്മകൾ, ഒരു പത്രപ്രവർത്തകന്റെ തീർഥാടന സ്മൃതികൾ, ബാഫഖി തങ്ങൾ - കേരളത്തിന്റെ സ്നേഹതേജസ് ,ഒലേ അഥവാ ഒരു ലേഖകൻ, കെ.എം സീതി സാഹിബ്-നിനവിൽ നിറയുന്ന ഓർമകൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവായ കുഞ്ഞിമൂസ യാത്രാവിവരണ സാഹിത്യശാഖയിൽ വലിയ സംഭാവന നൽകി.

മലയാളത്തിൽ പ്രസിദ്ധീകരിച്ച് നിരവധി മനോഹരമായ സോവനീറുകൾക്ക് പിന്നിൽ കുഞ്ഞിമൂസയുടെ കരങ്ങളുണ്ടായിരുന്നു. കണ്ണൂർ എം.ഇ.എസ്. വിദ്യാർത്ഥി വിഭാഗത്തിന്റെ ഭാരവാഹിയായിരുന്നു. കുവൈത്ത്, മസ്കത്ത്, ഖത്തർ, ബഹ്റൈൻ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, മിഡിൽ ഈസ്റ്റ് ഇന്ത്യാഫന്റ് ഷിപ്പ് അസോസിയേഷൻ, കുവൈത്ത് കെ.എം.സി.സി. സലാല കെ.എം.സി.സി.ഷാർജ-ഇന്ത്യൻ അസോസിയേഷൻ തുടങ്ങിയവരുടെ പുരസ്കാരങ്ങൾ കെ.പി.യെ തേടിയെത്തിയിരുന്നു.

കാലിക്കറ്റ് പ്രസ്കബ്ബ് 25 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചപ്പോൾ മുൻ മുഖ്യമന്ത്രി കരുണാകരനിൽ നിന്ന് ഉപഹാരം സ്വീകരിക്കാനുള്ള അവസരവും കുഞ്ഞിമൂസക്കുണ്ടായി, കാലിക്കറ്റ് പ്രസ്കബ്ബ് പ്രസിഡണ്ട്, പത്രപ്രവർത്തക യൂനിയൻ സ്റ്റേറ്റ് ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ, പ്രസ് അക്കാദമി എക്സിക്യൂട്ടീവ് അംഗം, അക്രഡിറ്റേഷൻ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

കുവൈത്ത് കെ.എം.സി.സി., സലാല കെ.എം.സി.സി.,ഷാർജ-കോഴിക്കോട് ജില്ലാ കെ.എം.സി.സി.,എന്നിവയുടെ കോ-ഓഡിനേറ്ററാണ്.

കോഴിക്കോട് പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന കെ.പി. കുഞ്ഞി മൂസക്ക് കോഴിക്കോട് നിരവധി സാംസ്കാരിക സംഘടനകളുമായി ബന്ധമുണ്ട്. മൈത്രി ബുക്സ് എന്ന പേരിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Read More >>