അഭിനയം മാത്രമല്ല ബിസിനസ്സും വഴങ്ങും

നിർമ്മാണ കമ്പനികൾ, വസ്ത്ര ബ്രാന്റുകൾ, റെസ്റ്റോറന്റുകൾ, ബുട്ടീക്, ഫിറ്റ്നസ് സെന്ററുകൾ..അങ്ങനെ പോവുന്നു താരങ്ങളുടെ ബിസിനസ്സുകൾ. അത്തരത്തിൽ വിജയം കൈവരിച്ച ചില ബോളിവുഡ് താരങ്ങൾ...

അഭിനയം മാത്രമല്ല ബിസിനസ്സും വഴങ്ങും

മുംബൈ: താരപദവിയിലിരിക്കുമ്പോൾ തന്നെ മറ്റു പല ബിസിനസ് സംരംഭങ്ങളിലും ഏർപ്പെട്ട് വിജയം കൈവരിച്ച അനേകം അഭിനേതാക്കളുണ്ട്. പരസ്യവരുമാനത്തിനപ്പുറം സ്വന്തം സംരംഭങ്ങളിലും താരപ്രഭ ഉപയോഗപ്പെടുത്തുന്നവരാണ് ഭൂരിഭാഗം സെലിബ്രിറ്റികളും. നിർമ്മാണ കമ്പനികൾ, വസ്ത്ര ബ്രാന്റുകൾ, റെസ്റ്റോറന്റുകൾ, ബുട്ടീക്, ഫിറ്റ്നസ് സെന്ററുകൾ..അങ്ങനെ പോവുന്നു താരങ്ങളുടെ ബിസിനസ്സുകൾ. അത്തരത്തിൽ വിജയം കൈവരിച്ച ചില ബോളിവുഡ് താരങ്ങൾ...

ഷാരൂഖ് ഖാൻ

മോഷൻ പിക്ചർ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയൻമെന്റിന്റെ കോ-ചെയർമാനാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാൻ. സിനിമാനിർമ്മാണവും വി.എഫ്.എക്സ് ആനിമേഷനുമാണ് ഈ നിർമ്മാണ കമ്പനിയുടെ കീഴിൽ ചെയ്യുന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓണർ കൂടിയാണ് ഷാരൂഖ്. കൂടാതെ ടെലിവിഷൻ പരിപാടികളിൽ അവതാരകനായും ഷാരൂഖ് എത്താറുണ്ട്.

ശിൽപ ഷെട്ടി

സിനിമാനടിയെന്നതിനു പുറമെ മറ്റു പല ബിസിനസുകളില്‍ ബോളിവുഡിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരം ശിൽപയെ നിങ്ങൾക്കു കാണാം. ഭർത്താവ് രാജ് കുന്ദ്രയുടെ ബിസിനസ് കാര്യത്തിൽ ശിൽപയുടെ പങ്ക് ചെറുതൊന്നുമല്ല. ഇയോസിസ് എന്ന സ്പാ സെന്ററും താരം നടത്തിക്കൊണ്ടുപോവുന്നു. മാത്രമല്ല ഫിറ്റ്‌നസ് രാജ്ഞിയായ ശിൽപയുടെ യോഗ ഡിവിഡികളും വിപണിയിൽ ലഭ്യമാണ്. സ്വന്തമായി ഒരു സിനിമാനിർമ്മാണ കമ്പനി ആരംഭിച്ചെങ്കിലും അത് പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. നടിയെന്നതിലുപരി, ഒരു ബിസിനസ്സുകാരി, നിർമ്മാതാവ്, മോഡൽ, ടെലിവിഷൻ അവതാരക എന്നീ മേഖലകളിലും ശിൽപയുണ്ട്. എസ്എസ്‌കെ എന്ന ഡിസൈനർ സാരി ബ്രാൻഡ് ശിൽപ ഷെട്ടിയുടേതാണ്.

സുനിൽ ഷെട്ടി

സുനിൽ ഷെട്ടിയുടെ ആദ്യ ബിസിനസ് സംരംഭം ജിം സെന്റർ ആണ്. ഇന്ത്യയൊട്ടുക്കും ഇദ്ദേഹത്തിന് ജിം സെന്ററുകളുണ്ട്. കൂടാതെ താരത്തിന് പോപ്‌കോൺ എന്റർടെയ്ൻമെന്റ്‌സ് എന്ന പേരിലൊരു നിർമ്മാണ കമ്പനിയുമുണ്ട്. അഭിനേതാവ് കൂടാതെ സുനിൽ ഷെട്ടി ഒരു വ്യവസായി കൂടിയാണ്. ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി കൂടാതെ താരത്തിന് ചില ഹോട്ടലുകളും വസ്ത്ര വ്യപാരവും ഉണ്ട്.

ട്വിങ്കിൽ ഖന്ന

നടൻ അക്ഷയ് കുമാറുമായുള്ള വിവാഹത്തിനു ശേഷം അഭിനയജീവിതം ഉപേക്ഷിച്ച ട്വിങ്കിൾ ഖന്ന മറ്റു പല മേഖലകളിലും സജീവമാണ്. മെഴുകുതിരി നിർമ്മാണ കമ്പനിയിലൂടെയാണ് ട്വിങ്കിൽ വ്യാവയായിക മേഖലയിലേക്കു കടക്കുന്നത്. ധാരാളം വിദേശരാജ്യങ്ങളിൽ ട്വിങ്കിളിന്റെ മെഴുകുതിരികൾ കയറ്റിയക്കുന്നു. 2002ൽ ദി വൈറ്റ് ഷാഡോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡിസൈനിങ് കമ്പനി തുടങ്ങി. വ്യാവസായിക മേഖല കൂടാതെ എഴുത്തിലും താരം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഡി.എൻ.എയിലും ടൈംസ് ഓഫ് ഇന്ത്യയിലും കോളമിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. താരത്തിന്റെ ദി ലെജന്റ് ഓഫ് ലക്ഷ്മിപ്രസാദ് എന്ന പുസ്തകത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഒരു നിർമ്മാതാവ് കൂടിയാണ് ട്വിങ്കിൾ.

അജയ് ദേവ്ഗൺ

ഗുജറാത്തിലെ ചരണക സോളാർ പ്രൊജക്ടിന്റെ പാർട്ണർ കൂടിയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ. താരത്തിനും സ്വന്തമായി നിർമ്മാണ കമ്പനിയുണ്ട്, അജയ് ദേവ്ഗൺ ഫിലിംസ്. ഒരു വി.എഫ്.എക്സ് സ്റ്റുഡിയോയും അജയ്ക്കുണ്ട്.

സുഷ്്മിത സെൻ

സൗന്ദര്യറാണിയായ സുഷ്മിത സെൻ ഒരു ബിസിനസ്സുകാരി കൂടിയാണ്. രണ്ടു മക്കളുടെ അമ്മയും നടിയുമൊക്കെയായ സുഷ്മിത തന്റെ ബിസിനസും നല്ല രീതിയിൽ കൊണ്ടുപോവുന്നു. തന്ത്ര എന്റർടെയ്ൻമെന്റ്‌സാണ് സുഷ്മിതയുടെ നിർമ്മാണ കമ്പനി. സ്പാ സെന്ററുകളും ഹോട്ടലുകളും താരത്തിനുണ്ട്. ഫെമിനയുടെ ഐ ആം ഷി എന്ന സംരംഭത്തിന്റെ നായകി കൂടിയാണ് ഈ മിസ് യൂണിവേഴ്‌സ്.

സൽമാൻ ഖാൻ

ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാനും ബിസിനസില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ധാരാളം വസ്ത്രബ്രാന്റുകളുടെ അംബാസിഡർ കൂടിയായ ഇദ്ദേഹത്തിന് സ്വന്തമായി ഒരു നിർമ്മാണ കമ്പനിയുണ്ട്. സൽമാൻ ഖാന്റെ സ്വന്തം ബ്രാൻഡ് എന്ന നിലയിൽ ഏറെ പ്രശസ്തമാണ് ബീയിങ് ഹ്യൂമൻ. സൽമാൻ ഖാൻ ഫൗണ്ടേഷനായ ബീയിങ് ഹ്യൂമന്റെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾക്കു താങ്ങാകുന്നതും ഇന്ത്യയിൽ 29 എക്സ്ക്ലൂസീവ് ഷോറൂമുകളുള്ള ഈ ബ്രാൻഡ് തന്നെ.

ഹൃത്വിക് റോഷൻ

2000 ൽ കഹോന പ്യാർ ഹെ എന്ന പ്രണയചിത്രത്തിലൂടെയാണ് ബോളിവുഡ് സുന്ദരൻ ഹൃത്വിക് റോഷന്റെ അരങ്ങേറ്റം. 2013ൽ പുറത്തിറക്കിയ ഹൃത്വിക്കിന്റെ എച്ച്ആർഎക്‌സ, ഫിറ്റ്‌നസ് സ്‌പോർട്‌സ് വെയർ രംഗത്തെ ഇന്ത്യയിലെ ആദ്യ സെലിബ്രിറ്റി ബ്രാൻഡ് കൂടിയാണ്. പ്രീമിയം തുണിത്തരങ്ങളിൽ നിര്‍മ്മിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള കനം കുറഞ്ഞ സ്‌പോർട്‌സ് വസ്ത്രങ്ങളാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത.

മലൈക അറോറ

നടി, അവതാരക, നർത്തകി, റിയാലിറ്റി ഷോ വിധികർത്താവ് എന്നതിലുപരി ഒരു ബിസിനസ് സംരംഭക കൂടിയാണ് മലൈക അറോറ. ബിപാഷ ബസുവും സുസെയ്ൻ ഖാനുമായി ചേർന്ന് ആരംഭിച്ച ലേബൽ ലൈഫ് എന്ന ഓൺലൈൻ സ്റ്റോറാണ് ദ് ക്ലോസെറ്റ് ലേബൽ.

ജോൺ എബ്രഹാം

ഇന്ത്യയിൽ സ്വന്തമായി ഫാഷൻ ബ്രാൻഡ് തുടങ്ങിയ ആദ്യ സെലിബ്രിറ്റി ജോൺ എബ്രഹാം ആണ്2006ൽ റാങ്ക്ലറുമായി സഹകരിച്ചായിരുന്നു സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങൾ 'ജോൺ എബ്രഹാം ബൈ റാങ്ക്ലർ' എന്ന ബ്രാൻഡിൽ പുറത്തിറങ്ങിയത്. ജെ.എ എന്റർടെയ്ൻമെന്റ്‌സ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും താരത്തിനുണ്ട്. ജെ.എ നിർമ്മിച്ച ചിത്രം വിക്കി ഡോണർ മികച്ച വിജയം നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ചിത്രം കരസ്ഥമാക്കി.

Read More >>