കൺമണിയുടെ കണ്ണുകൾ

സ്മാർട്ട് ഫോണും ടിവിയും കമ്പ്യൂട്ടറുമെല്ലാം ചെറുപ്രായത്തിലേ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളിൽ 90 ശതമാനം പേരിലും ചെറിയ തോതിലെങ്കിലും ഏതെങ്കിലും...

കൺമണിയുടെ കണ്ണുകൾ

സ്മാർട്ട് ഫോണും ടിവിയും കമ്പ്യൂട്ടറുമെല്ലാം ചെറുപ്രായത്തിലേ ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളിൽ 90 ശതമാനം പേരിലും ചെറിയ തോതിലെങ്കിലും ഏതെങ്കിലും തരത്തിലുള്ള കാഴ്ചാ വൈകല്യങ്ങൾ കണ്ടുവരാറുണ്ട്. കാഴ്ച വൈകല്യങ്ങളിൽ പലതിൽ നിന്നും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ കൺമണിയുടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്. നിങ്ങളെ അലട്ടുന്ന കാഴ്ചാ പ്രശ്‌നങ്ങൾ പലതും പോഷകാഹാര കുറവിന്റെ അടയാളമാണ്.

ലോകത്ത് 1.3 ബില്ല്യൻ ജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ദർശന വൈകല്യം നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കണ്ണ് പരിശോധന പതിവായി നടത്തുന്നതിലും നല്ലത് കാഴ്ചാ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ആരോഗ്യപ്രദവും പോഷക ഗുണങ്ങളുമുള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി പാലിച്ചാൽ തന്നെ നിങ്ങളുടെ കണ്ണുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

മാനസികവും ശാരീരികവുമായ സമ്മർദ്ദം മുതൽ പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, അമിതമായി മാംസം, പ്രോട്ടീൻ, കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗവും ശരിയായ തോതിൽ വ്യായാമില്ലാത്തതുമെല്ലാം കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകുന്നുവെന്ന് പ്രശസ്ത ന്യൂട്രീഷ്യനിസ്റ്റായ നമാമി അഗർവാർ പറയുന്നു. നല്ല കാഴ്ചയ്ക്കായി കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പദാർത്ഥങ്ങളാണ് താഴെ പറയുന്നത്.

പച്ചിലകൾ

തോരനും ചീരയും കാേബജും ബ്രൊക്കോളിയുമെല്ലാം കുഞ്ഞിന് ശീലമാക്കണം. വിറ്റാമിൻ എയുടേയും വൈറ്റമിൻ സിയുടെയും കലവറകളായ പച്ചിലകൾ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. പച്ചിലകളിൽ കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന ലൂട്ടീൻ, സിയാസാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ കരോട്ടിനോയ്ഡുകൾ നിങ്ങളുടെ കാഴ്ച ശക്തിയെ മോശമായി ബാധിക്കുന്ന ധാതുക്കളെ തടയാൻ കഴിയുന്ന ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങൾ ഉള്ളവയാണ്.

മത്സ്യങ്ങൾ

അമ്മമാർ കുട്ടികളുടെ ഭക്ഷണത്തിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്തി, അയല പോലുള്ള കടൽ മത്സ്യങ്ങൾ ഉൾപ്പെടുത്താം. മത്തി, അയല, കോര എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളാണ്. കണ്ണുകളിലെ വരൾച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറക്കുന്നതിൽ ഒഗേമ 3 ഫാറ്റി ആസിഡുകൾക്ക് കഴിവുണ്ട്. ഒമേഗ ആഡിസുകളടങ്ങിയ ആഴക്കടൽ മത്സ്യങ്ങൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മാക്യുലാറിന്റെ നാശം തടയുകയും തിമിരം വരാതെ സംരക്ഷിക്കുകയും ചെയ്യും.

പഴങ്ങൾ

ഓറഞ്ച്, മുസംബി, നാരങ്ങ, സ്‌ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങൾ ഇടനേരങ്ങളിൽ നൽകുന്നത് അവരുടെ വിശപ്പകറ്റാൻ മാത്രമല്ല, നേത്രാരോഗ്യത്തിനും നല്ലതാണ്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കണ്ണിനുണ്ടാകുന്ന അണുബാധ തടയാനും ഇവക്കു കഴിയും. സിട്രസ് പഴങ്ങളിലുള്ള വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും പ്രായാധിക്യം മൂലമുണ്ടാകാവുന്ന നേത്രരോഗങ്ങളെ തടയുകയും ചെയ്യും.

കാരറ്റ്

വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. ഈ രണ്ടു ഘടകങ്ങളും നേത്രാരോഗ്യത്തിന് അവശ്യമാണ്. വിറ്റാമിൻ എയിലെ റൊഡോപ്‌സിൻ കണ്ണിലെ റെറ്റിനയെ ശരിയായ തോതിൽ വെളിച്ചം ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. കണ്ണിലെ കോശങ്ങൾ സംരക്ഷിക്കുന്നതിനും കോർണിയയുടെ ആരോഗ്യത്തിനും വിറ്റാമിൻ എ ഉൾപ്പെട്ട ഭക്ഷണം കഴിക്കുന്നത് ഫലപ്രദമാണ്. നിശാന്ധത (നിക്റ്റലോപിയ) അഥവാ മാലക്കണ്ണ് എന്ന അവസ്ഥയെ തടയാനും സഹായിക്കും.

നട്‌സുകൾ

അണ്ടിപരിപ്പ്, ബദാം, നിലക്കടല, പിസ്താ, വാൽനട്ട് തുടങ്ങിയവ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങൾ കുറവാണ്. അവരുടെ ഭക്ഷണത്തിൽ ഇത്തരം നട്‌സുകൾ ധാരാളമായി ഉൾപ്പെടുത്തിക്കോളൂ. നട്‌സുകളിൽ ഒമേഗ ഫാറ്റ് 3, വിറ്റാമിൻ ഇ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ കുട്ടിയുടെ കാഴ്ചശക്തിയെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഓക്‌സിന്റായി പ്രവർത്തിക്കും. പ്രതിദിനം നട്‌സ് കഴിക്കുന്നത് മയോപ്പിയ വരാതിരിക്കാനുള്ള പ്രതിവിധി കൂടിയാണ്. കണ്ണുകളിലെ വരൾച്ചയും പ്രായാധിക്യം മൂലമുള്ള നേത്രരോഗങ്ങൾ തടയാനും ഇവക്കു കഴിയും. ഒമേഗ ഫാറ്റ് 3, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ സൂര്യകാന്തി വിത്ത്, ചിയ വിത്ത്, ബ്രസീൽ നട്ട് തുടങ്ങിയ വിത്തിനങ്ങളും കുട്ടികൾക്ക് നൽകാം.

മരുന്നു നൽകാം ശ്രദ്ധയോടെ

കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ എന്നും ആശങ്കാകുലരാണ്. പ്രത്യേകിച്ച് പെട്ടെന്ന് എന്തെങ്കിലും രോഗം വന്നാൽ. കുഞ്ഞുങ്ങൾക്ക് മരുന്നുകൾ നൽകുമ്പോൾ പ്രത്യേക ശ്രദ്ധയും കരുതലും ആവശ്യമാണ്. എടുക്കുന്ന മരുന്നിന്റെ അളവിലുള്ള ചെറിയ വ്യത്യാസം വരെ ആരോഗ്യത്തെ കടുത്ത രീതിയിൽ ബാധിക്കാം. ഒരു ടീസ്പൂൺ മരുന്ന് എന്ന് ഡോക്ടർ കുറിക്കുമ്പോൾ വീട്ടിലെ ഏതെങ്കിലും സ്പൂണിൽ ഒരു സ്പൂൺ മരുന്ന് കൊടുക്കുകയല്ല വേണ്ടത്. മറിച്ച് 5 മി.ലീറ്റർ മരുന്നാണ് കുട്ടിക്ക് കൊടുക്കേണ്ടത്. അതുപോലെ ഗുളിക രൂപത്തിലുള്ള മരുന്നുകൾ വിഴുങ്ങാൻ പ്രയാസമുള്ള കുട്ടികൾക്ക് ജ്യൂസിലോ പാലിലോ കലക്കി കൊടുക്കരുത്. പകരം പച്ചവെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ ലയിപ്പിച്ച് നൽകാം.

മരുന്നു നൽകി അര മണിക്കൂറിനുള്ളിലാണ് ഛർദിക്കുന്നതെങ്കിൽ ഒരിക്കൽക്കൂടി ആ മരുന്ന് നൽകണം. ഡോക്ടറുടെ ഉപദേശ പ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ നൽകാവൂ. ഡോക്ടർ പറയുന്ന കൃത്യ അളവിൽ അത്രയും ദിവസം മരുന്ന് നൽകുകയും വേണം.

രോഗം മാറിയെന്നു കരുത് ആന്റിബയോട്ടിക് ഡോസ് സ്വയം നിർത്താൻ പാടില്ല. ഏതെങ്കിലും ഒരു നേരം മരുന്ന് നൽകാൻ വിട്ടുപോയാൽ ഓർമ്മിക്കുന്ന സമയത്ത് നൽകാം. അതു കഴിഞ്ഞ് മൂന്നു നാലു മണിക്കൂർ ഇടവേള കഴിഞ്ഞ് അടുത്ത ഡോസ് നൽകാം. അതുപോലെ പ്രധാനമാണ് ഒരിക്കലും കുട്ടികളുടെ കയ്യെത്തുന്നിടത്ത് മരുന്നു സൂക്ഷിക്കാതിരിക്കുക എന്നത്. ചില കുട്ടികൾ കാണുന്ന മരുന്നെല്ലാം സ്വയം എടുത്ത് കുടിച്ചെന്നു വരാം. ഇത് ചിലപ്പോൾ ഗുരുതരാവസ്ഥകൾ സൃഷ്ടിച്ചേക്കാം.

മുടിയിലും വേണം സംരക്ഷണം

കുഞ്ഞുങ്ങളുടെ തലമുടി വൃത്തിയാക്കുന്നതിനു പറ്റിയ ഉത്പന്നം എന്താണെന്നു മിക്ക അമ്മമാർക്കും അറിയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും മുതിർന്നവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായിരിക്കും കുഞ്ഞുങ്ങളുടെ മുടി വൃത്തിയാക്കാൻ ഉപയോഗിക്കുക. പക്ഷേ, അമ്മമാർ അറിയേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ചർമം പോലെതന്നെ കുഞ്ഞുങ്ങളുടെ മുടിയും മൃദുലമാണെന്ന കാര്യം എപ്പോഴും ഓർക്കണം. അതിനാൽ കുഞ്ഞുങ്ങളുടെ മുടി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ആദ്യത്തെ നാലുവർഷത്തിൽ മുടി വേഗം വളരുകയും പത്തു വയസാകുമ്പോഴേക്കും പൂർണ വളർച്ച നേടുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ ആദ്യവർഷത്തെ മുടിയേക്കാൾ രണ്ടിരട്ടി കനത്തിലും നീളത്തിലുമാണ് തുടർന്നുള്ള വർഷങ്ങളിൽ മുടി വളരുക. പത്തു വയസാകുമ്പോഴേക്കും വളർച്ച അഞ്ചിരട്ടിയും കൂടുതൽ നീളത്തിലുമാകും. ഈ വളർച്ചയുടെ വർഷങ്ങളിലും മുതിർന്നവരുടെ മുടിയേ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ മുടി ദുർബലമാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ നശിക്കും. മൂന്ന് അമ്മമാരിൽ ഒരാൾ വീതം തങ്ങളുടെ കുഞ്ഞുങ്ങളുടെ മുടിയിൽ അവരുടെ മൂന്നാം വയസു മുതൽ മുതിർന്നവരുടെ സോപ്പും ഷാംപൂവും ഉപയോഗിക്കുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കുട്ടികൾ വളരുന്നതിനനുസരിച്ച് ഇത്തരം ഷാംപൂ ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ തലമുടിയിൽ തേയ്ക്കാൻ തെരഞ്ഞെടുക്കുന്ന കേശസംരക്ഷണ ഉത്പന്നങ്ങളെക്കുറിച്ച് അതുകൊണ്ടുതന്നെ അതീവ ശ്രദ്ധ വേണം. ചെറുതായി പതയുന്നതും അലോസരമുണ്ടാക്കാത്തതുമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കണം. അത് കുഞ്ഞുങ്ങളുടെ തലമുടിയേയും തലയിലെ ചർമത്തേയും വൃത്തിയാക്കും.

മുതിർന്നവർ ഉപയോഗിക്കുന്ന തരത്തിലുള്ള ഷാംപൂ കൂടുതൽ കഠിനമായതും കുട്ടികളുടെ ശിരസിലെ ചർമത്തിനു നാശമുണ്ടാകുന്നതുമാണ്.