വടകരയില്‍ വി.ടി ബല്‍റാം സ്ഥാനാര്‍ത്ഥിയാകുമോ

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പി. ജയരാജനെതിരെ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. അദ്ദേഹമതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ വടകരയില്‍ ഇതുവരെയും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പേരു കൂടി കോണ്‍ഗ്രസ് സാധ്യത പട്ടികയില്‍ ഇടം പിടിച്ചു.

വടകരയില്‍ വി.ടി ബല്‍റാം സ്ഥാനാര്‍ത്ഥിയാകുമോ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കീറാമുട്ടിയായി ഏതാനും മണ്ഡലങ്ങള്‍. വടകര, വയനാട്, ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടിയെ കുഴക്കുന്നത്. നേതാക്കളുടെ പിന്മാറ്റവും എ, ഐ ഗ്രൂപ്പ് തര്‍ക്കവുമാണ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകുന്നത്. ഇതെതുടർന്ന് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മറ്റി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. ഇന്നത്തെ സ്ക്രീനിങ് കമ്മറ്റി യോഗങ്ങളും നേതാക്കളുടെ കൂടിക്കാഴ്ചയും കഴിഞ്ഞ് ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തു വരുമെന്നാണ് സൂചന.

വടകരയില്‍ പി. ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്നതില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ല. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പി. ജയരാജനെതിരെ മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിരുന്നു. അദ്ദേഹമതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ വടകരയില്‍ ഇതുവരെയും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു പേരു കൂടി കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു. വടകരയില്‍ തൃത്താല എം.എല്‍.എ വിടി ബല്‍റാമിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഉയര്‍ത്തിയതായാണ് സൂചന.

കെ.കെ രമയ്ക്ക് പിന്തുണ കൊടുക്കുന്നതിനോട് പാര്‍ട്ടിയില്‍ വിയോജിപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് വി.ടി ബല്‍റാമിന്റെ പേരുയരുന്നത്. രാജ് മോഹന്‍ ഉണ്ണിത്താനേയും പരിഗണിക്കുന്നുണ്ട്. ടി സിദ്ദീഖ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പി. ജയരാജനെതിരെ മുസ്ലിം സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് മണ്ഡലത്തിലെ പ്രവർത്തകരുടെ വികാരം.

ഇതോടെ വയനാട്ടില്‍ ടി. സിദ്ദീഖിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സാധ്യത വര്‍ദ്ധിച്ചു. നിലവില്‍ ഐ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്ന മണ്ഡലം ഗ്രൂപ്പുകള്‍ തമ്മില്‍ സമവായത്തിലെത്തുകായാണെങ്കില്‍ എ ഗ്രൂപ്പുകാരനായ ടി സിദ്ദീഖ് സ്ഥാനാര്‍ത്ഥിയായേക്കും. സാധ്യത പട്ടികയിലുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാനെ മറ്റു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയോ, പാര്‍ട്ടി ഭാരവാഹിത്വം നല്‍കുകയോ ചെയ്യും. വയനാട്ടില്‍ കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുള്‍ മജീദിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇടുക്കിയില്‍ ഡീന്‍ കൂര്യക്കോസിനായി എ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദം ശക്തമാണ്. അതേസമയം ഐ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത് ജോസഫ് വാഴക്കാടനെയാണ്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ഇടുക്കിയിലോ തൊട്ടടുത്ത മണ്ഡലങ്ങളിലോ ഉമ്മന്‍ചാണ്ടി സ്ഥാനര്‍ത്ഥിയായാല്‍ മറ്റു മണ്ഡലങ്ങളില്‍ വിജയമുറപ്പിക്കാനാവുമെന്ന് ചില നേതാക്കള്‍ കണക്കുകൂട്ടുന്നു. ഉമ്മന്‍ചാണ്ടിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായാല്‍ രാഹുല്‍ ഗാന്ധിയിടേതാകും അവാസാന വാക്ക്.

ധാരണയായ സീറ്റുകള്‍

തിരുവനന്തപുരം: ശശി തരൂര്‍

ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്

മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്

തൃശൂര്‍: ടി.എന്‍ പ്രതാപന്‍

ആലത്തൂര്‍: രമ്യ ഹരിദാസ്

പാലക്കാട്: വി.കെ ശ്രീകണ്ഠന്‍

കോഴിക്കോട്: എം.കെ രാഘവന്‍

കണ്ണൂര്‍: കെ. സുധാകരന്‍

കാസര്‍കോട്: സുബ്ബയ്യറായ്


മറ്റു മണ്ഡലങ്ങളില്‍ സാധ്യത

ചാലക്കുടി: ബെന്നി ബെഹനാന്‍/ ധനപാലന്‍

ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന്‍/ പി.സി വിഷ്ണുനാഥ്

ഇടുക്കി: ഉമ്മന്‍ചാണ്ടി, ഡീന്‍ കൂര്യക്കോസ്, ജോസഫ് വാഴക്കാടന്‍

എറണാകുളം: ഐബി ഈടന്‍/ കെ.വി തോമസ്

പത്തനംതിട്ട: ആന്റോ ആന്റണി/ പി.സി വിഷ്ണുനാഥ്

വയനാട്: ടി. സിദ്ദീഖ്/ ഷാനിമോള്‍ ഉസ്മാന്‍, കെ.പി അബ്ദുള്‍ മജീദ്

വടകര:വി.ടി ബല്‍റാം/ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി. സിദ്ദീഖ്‌

Read More >>