ദളിതര്‍ക്കും മുസ്ലിങ്കള്‍ക്കും ഇടമില്ലാതെ വോട്ടര്‍പട്ടിക; 12.7 കോടി പേര്‍ക്ക് ഇത്തവണ വോട്ടില്ല

25 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാര്‍ക്കും പട്ടികയില്‍ ഇടമില്ല. രാജ്യത്തെ പതിനൊന്ന് കോടിയോളം വരുന്ന മുസ്ലിം വോട്ടര്‍മാരില്‍ മൂന്ന് കോടിയോളം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഇരുപത് കോടി ദളിത് വോട്ടര്‍മാരില്‍ നാല് കോടി പേര്‍ക്കും പട്ടികയില്‍ ഇടമില്ല

ദളിതര്‍ക്കും മുസ്ലിങ്കള്‍ക്കും  ഇടമില്ലാതെ വോട്ടര്‍പട്ടിക; 12.7 കോടി പേര്‍ക്ക് ഇത്തവണ വോട്ടില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായി മുസ്ലിങ്കളും ദളിതരും. രാജ്യത്തെ മൊത്തം വോട്ടര്‍മാരില്‍ 15 ശതമാനത്തോളം ആളുകളാണ് ഇത്തവണ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നതെന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസിംഗ് വോട്ടര്‍ ആപ്പ് സ്ഥാപകന്‍ ഖാലിദ് സൈഫുള്ള വെളിപ്പടുത്തിയിരിക്കുന്നത്. ഏതാണ്ട് 12 കോടി എഴുപത് ലക്ഷത്തോളം പേര്‍ക്ക് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ഖാലിദ് ചൂണ്ടിക്കാണിക്കുന്നു.

25 ശതമാനത്തോളം മുസ്ലിം വോട്ടര്‍മാര്‍ക്കും പട്ടികയില്‍ ഇടമില്ല. രാജ്യത്തെ പതിനൊന്ന് കോടിയോളം വരുന്ന മുസ്ലിം വോട്ടര്‍മാരില്‍ മൂന്ന് കോടിയോളം പേരാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. ഇരുപത് കോടി ദളിത് വോട്ടര്‍മാരില്‍ നാല് കോടി പേര്‍ക്കും പട്ടികയില്‍ ഇടമില്ല - ഖാലിദ് പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് നടക്കുന്ന മൂന്നാമത് ദേശീയ നേതൃത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍, വോട്ടര്‍ പട്ടികയില്‍ ഇടമില്ലാത്ത മുസ്ലിങ്കളുടേയും ദളിതരുടേയും എണ്ണം കണ്ടെത്താന്‍ ഖാലിദിന്റെ കമ്പനി സംഘടിപ്പിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തായത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേലാബ്‌സ് എന്ന സോഫ്റ്റവെയര്‍ കമ്പനിയുടെ സി.ഇ.ഒ ആണ് ഖാലിദ് സൈഫുള്ള.


2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് മുസ്ലിം പൗരന്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കണ്ടപ്പോഴാണ് താന്‍ ഇക്കാര്യം ആദ്യമായി ശ്രദ്ധിച്ചതെന്ന് ഖാലിദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ 16 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ലക്ഷകണക്കിന് മുസ്ലിംകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. ഈ മണ്ഡലങ്ങളില്‍ 3000ത്തിന് താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി വിജയിച്ചതെന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

മിസിംഗ് വോട്ടേഴ്‌സ് ആപ്പ് എന്ന ആപ്പ് വഴിയാണ് ഖാലിദ് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായ ആളുകളുടെ എണ്ണമെടുത്തത്. ഓരോ മണ്ഡലത്തിലേയും വീടുകളുടെ എണ്ണവും വോട്ടര്‍മാരുടെ എണ്ണവും ആപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതെല്ലാം മണ്ഡലങ്ങളില്‍ ഏതൊക്കെ ആളുകളാണ് വോട്ടര്‍പട്ടികയില്‍ ഇടമില്ലാത്തതെന്ന് കണ്ടെത്താനും ആപ്പ് സഹായിക്കുന്നു. പട്ടികയില്‍ പേരില്ലാത്ത വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാനും ആപ്പ് സഹായിക്കുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പറയുന്നതിനേക്കാളും എളുപ്പമാണ് ആപ്പ് വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതെന്നും ഖാലിദ് ചൂണ്ടിക്കാണിക്കുന്നു. അതേസമയം യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ രാഷ്ട്രീയക്കാര്‍ ഫോം 7 ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിക്കുന്നു.

800 ലോക്‌സഭ മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തില്‍ 1.6 കോടി വീടുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇത് എകദേശം 40 ലക്ഷം മുസ്ലിം വോട്ടര്‍മാര്‍ വരുമെന്നും അദ്ദേഹം വെളിപ്പടുത്തുന്നു. കര്‍ണാടകയില്‍ 18 ലക്ഷം മുസ്ലിംകളാണ് വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്.

നാല് പേരുള്ള ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം കുടുംബത്തില്‍ നിന്ന് മൂന്ന് ആളുകളുടെ പേര്‍ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പടുന്നുള്ളുവെന്ന് ഫ്രണ്ട്‌ലൈന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നാലാമത്തെ വ്യക്തിയുടെ പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാനോ ഇല്ലാതായി പോകാനോ സാധ്യതയുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സംസ്ഥാനങ്ങളില്‍ മുസ്ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.