യു.എസ്​ യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി

എഫ്​-18 യുദ്ധ വിമാനവും സി-130 ടാങ്കർ വിമാനവുമാണ്​ അപകടത്തിൽ പെട്ടത്​.

യു.എസ്​ യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി

ടോക്യോ: ആകാശത്ത് വെച്ച് രണ്ട് യു.എസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലിൽ വീണു. ജപ്പാൻ തീരത്തു നിന്ന്​ 200 മൈൽ അകലെയാണ്​ അപകടമുണ്ടായത്​. വിമാനങ്ങളിലുണ്ടായ ഏഴു പേരില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി.

ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജപ്പാ​​ൻെറ നാലു ഹെലികോപ്​റ്ററുകളും മൂന്ന്​ കപ്പലുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എഫ്​-18 യുദ്ധ വിമാനവും സി-130 ടാങ്കർ വിമാനവുമാണ്​ അപകടത്തിൽ പെട്ടത്​. ഹിരോഷിമക്കടുത്ത ഇവകുനിയിലെ യുഎസ് താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. സി-130നിൽ അഞ്ച്​ പേരും എഫ്​-18നിൽ രണ്ടുപേരും ഉണ്ടായിരുന്നു എന്നാണ്​ വിവരമെന്ന്​ ജപ്പാൻ അധികൃതർ അറിയിച്ചു. എന്നാൽ അപകട കാരണം വ്യക്​തമല്ല. സംഭവത്തെ കുറിച്ച്​ അ​ന്വേഷണം ആരംഭിച്ചതായും യു.എസ് സൈന്യം അറിയിച്ചു. ​

Read More >>