കെ.എസ്.ആര്‍.ടി.സിയിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ എം.ഡിയുടെ അന്ത്യശാസനം

ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ പരസ്യം മാറ്റിയാല്‍ ഒരു കോടി രൂപ സര്‍ക്കാരിന് നഷ്ടമാവും.

കെ.എസ്.ആര്‍.ടി.സിയിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ എം.ഡിയുടെ അന്ത്യശാസനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടും നീക്കാതിരുന്ന കെ.എസ്.ആര്‍.ടി.സിയിലെ സര്‍ക്കാര്‍ പരസ്യം നീക്കാന്‍ എം.ഡി അന്ത്യശാസനം നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമെന്ന തിരിച്ചറിവാണ് എം.ഡിയുടെ അടിയന്തര നടപടിക്ക് പിന്നില്‍. ഇന്ന് തന്നെ മുഴുവന്‍ പരസ്യങ്ങളും നീക്കം ചെയ്യണമെന്നാണ് എം.ഡി ജീവനക്കാര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം.

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഒരു കോടി ചെലവിട്ടാണ് പരസ്യം നല്‍കിയത്. 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' എന്ന തലവാചകത്തില്‍ അയ്യായിരം ബസ്സുകളിലായിരുന്നു പരസ്യം. ലോക്കല്‍ ബസ് ഒന്നിന് 2,000രൂപയും, ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2,700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്.

കഴിഞ്ഞ മാസം 20 മുതലാണ് ബസ്സുകളില്‍ പരസ്യം പതിച്ചുതുടങ്ങിയത്. മാര്‍ച്ച് പത്തോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെയാണ് സര്‍ക്കാര്‍ വെട്ടിലായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ പരസ്യം മാറ്റിയാല്‍ ഒരു കോടി രൂപ സര്‍ക്കാരിന് നഷ്ടമാവും. അതുകൊണ്ടാണ് അവ നീക്കാതിരിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടിയിരുന്നു. പക്ഷെ, നീക്കിയേ പറ്റൂ എന്ന് ഗതാഗത സെക്രട്ടറിയേയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 24 മണിക്കൂറിനുള്ള പരസ്യം നീക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇടത് അനുകൂല യുനിയനില്‍പ്പെട്ടവര്‍ പരസ്യം നീക്കുന്നത് പരമാവധി വൈകിപ്പിക്കുകയായിരുന്നു. ഇതോടെ പരസ്യം നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡി തന്നെ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.

Read More >>