മകളേ നീ ഉറങ്ങുക, ശാന്തമായ്... ഞങ്ങള്‍ കാവലിരുന്നോളാം

കഠ്‌വ കേസിൽ യൂത്ത് ലീഗ് 'നമ്മൾ' എന്ന് പറയുമ്പോൾ ആ നമ്മളിൽ ഞങ്ങൾ മാത്രമല്ല. ഈ കേസിനെ ദേശദേശാന്തര ശ്രദ്ധയിലേക്ക് കൊണ്ട് വന്ന അഭിഭാഷകരായ ദീപികാ സിങ് രജാവത്, ഇന്ദിരാ ജെയ്‌സിങ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ രമേഷ് കുമാർ ജല്ല, ശേതംബരി ശർമ്മ, പ്രൊസിക്യൂഷൻ അഭിഭാഷകരായ എസ്.എസ്. ബസ്ര, ജെ.കെ. ചോപ്ര, ബുപീന്ദർ സിങ്, ഹർവീന്ദർ സിങ് തുടങ്ങി വലിയൊരു നിര യൂത്ത് ലീഗ് പറയുന്ന 'നമ്മളിൽ' പെടും. പണമിറക്കി സ്വന്തം വക്കീലുമാരെ വെച്ചും കുഞ്ഞിന്റെ പിതാവിന് സാമ്പത്തികബലം നൽകിയും പ്രോസിക്യൂഷനുമായി നിരന്തരം ആശയ വിനിമയം നടത്തിയും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കഠ്‌വവയെ കൈവിടാതെ ശ്രദ്ധിച്ചു

മകളേ നീ ഉറങ്ങുക, ശാന്തമായ്... ഞങ്ങള്‍ കാവലിരുന്നോളാം

അഡ്വ: വി.കെ. ഫൈസല്‍ ബാബു

2019 ജൂണ്‍ 10: വിധി പ്രഖ്യാപന ദിവസം പത്താൻകോട്ടിൽ തീർത്തും അസാധാരണമായ അന്തരീക്ഷമായിരുന്നു.

സായുധരായ 1000 പൊലീസുകാർ, എല്ലാ കവാടങ്ങളിലും മെറ്റൽ ഡിറ്റക്റ്ററുകൾ, ബോംബ് ഡിസ്‌പോസൽ സക്വാഡ്, രാജ്യത്തെ സകല മീഡിയകളുടെയും ഒ.വി. വാനുകൾ.. പത്താൻ കോട്ടിലേക്ക് പ്രവേശിക്കുന്ന എല്ലാ നിരത്തിലും പൊലീസ് ബാരിക്കേഡുകൾ. കാക്കി യൂണിഫോമിൽ തലയിലെ തൊപ്പിക്ക് പകരം മിക്കവർക്കും സിഖ് ശിരോവസ്ത്രം. ഉന്നത പോലീസുകാരായ സർദാർമാർ ഒരുക്കിയ പഴുതടച്ച സുരക്ഷ. പത്താൻകോട്ട് കോടതി പരിസരത്തെ ഈ വൻ സന്നാഹങ്ങളിലേക്കാണ് കൃത്യം 10.10 ന് ഞങ്ങളെത്തുന്നത്. ആരെയും കടത്തിവിടുന്നില്ല. ഞങ്ങളുടെ അഭിഭാഷകൻ അഡ്വ. മുബീൻ ഫാറൂഖിയുടെ സ്‌കോർപ്പിയോ പോലും അകത്ത് കടത്തിയില്ല. കാറ് അകലെ നിർത്തി കവാടത്തിനടുത്തെത്തിയപ്പോൾ മാദ്ധ്യമപ്പട മുബീനെ വളയുന്നു. 'ഞങ്ങൾക്കുറപ്പുണ്ട്, സത്യം ജയിക്കും, ഇരക്ക് നീതി കിട്ടും.' ആത്മവിശ്വാസത്തോടെ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മുബീനൊപ്പം ഞങ്ങളും ഗെയ്റ്റിലെത്തി. പൊലീസ് തടുത്തു. മുബീൻ അകത്തും ഞങ്ങൾ പുറത്തും.

മുസ്‌ലിംയൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, ദേശീയ എക്‌സിക്യൂട്ടീവംഗം ഷിബു മീരാൻ, പഞ്ചാബ് ഘടകം എം.എസ്.എഫ്. പ്രസിഡന്റ് എ. മഅബൂദ്, ഈ കുറിപ്പുകാരനുമടക്കം ഒന്നും ചെയ്യാനാവാതെ നിൽക്കുകയാണ്. ഉടൻ മുബീൻ ഇടപെട്ട് സുരക്ഷാ സംഘത്തോട് കാര്യം പറഞ്ഞു: 'ഈ കേസിന് പ്രത്യേക അഭിഭാഷക സംഘത്തെ വെച്ച് ഇരയുടെ ഭാഗമായി നിന്ന യൂത്ത് ലീഗിന്റെ ദേശീയ നേതാക്കളായ ഇവരെ കടത്തി വിടണം സാർ.' കട്ടക്ക് നിന്ന പൊലീസ് അയഞ്ഞു.

സുരക്ഷാ പരിശോധന കഴിഞ്ഞ് കൃത്യം 10.30 ന് ഞങ്ങൾ സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ ജഗദീശ്വർ.കെ.ചോപ്രയുടെ മുറിയിൽ കയറി. ചുറ്റിലും ഭയാനകമായ നിശ്ശബ്ദത. ഇൻ-ക്യാമറ നടപടിക്രമങ്ങളായത് കൊണ്ട് പുറത്തേക്ക് സൂചനകളൊന്നും വരില്ല. 11 മണിക്കാണ് വിധി വരേണ്ടത്. സമയം കടന്നു. നെഞ്ചിടിപ്പോടെ ഞങ്ങൾ കാത്തിരിക്കുമ്പോൾ അതാ വരുന്നു മുബീന്റെ ടെക്സ്റ്റ് മെസ്സേജ്; 'Alhamdulillah, Conviction.' അപ്പോൾ സമയം കൃത്യം 11:28 ന്. തൊട്ടുടനെ ഞങ്ങളിരിക്കുന്ന മുറിയിലേക്ക് മുബീൻ ഓടിക്കിതച്ചെത്തി. പിന്നാലെ പ്രോസിക്യൂഷൻ ടീമുമെത്തി. പരസ്പരം മാറി മാറി ചേർത്ത് പിടിച്ച് സന്തോഷം പങ്കുവെച്ചു. നേതാക്കൾക്ക് ഉടനടി വിവരം കൈമാറി. ചാനലുകൾക്ക് അപ്പോഴും വാർത്ത കിട്ടിയിരുന്നില്ല.

'കഠ്‌വയിലെ പ്രതികൾ കുറ്റക്കാർ'.. 10 മിനിട്ടിനകം ആ വാർത്ത രാജ്യമൊട്ടുക്കും പടർന്നു. ആക്റ്റിവിസ്റ്റ് താലിബ് ഹുസൈന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയിൽ നിന്ന് ഒരു റെഡ് സിഗ്‌നൽ കിട്ടിയതിന്റെ വിവരം തലേന്ന് ഞങ്ങളറിഞ്ഞപ്പോൾ മനസ്സിൽ മുഴുവൻ നിരാശയായിരുന്നു. മജിസ്‌ട്രേറ്റിന്റെ ഭാര്യക്ക് ഹരിയാനയിൽ ബി.ജെ.പി ജോലി നൽകിയിരുന്നു. അതെല്ലാം മറികടന്നു. ഇപ്പോൾ നീതി പുലർന്നിരിക്കുന്നു. നമ്മൾ ജയിച്ചിരിക്കുന്നു.

കത്വ കേസിൽ യൂത്ത് ലീഗ് 'നമ്മൾ' എന്ന് പറയുമ്പോൾ ആ നമ്മളിൽ ഞങ്ങൾ മാത്രമല്ല. ഈ കേസിനെ ദേശ-ദേശാന്തര ശ്രദ്ധയിലേക്ക് കൊണ്ട് വന്ന അഭിഭാഷകരായ ദീപികാ സിങ് രജാവത്, ഇന്ദിരാ ജെയ്‌സിങ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ രമേഷ് കുമാർ ജല്ല, ശേതംബരി ശർമ്മ, പ്രൊസിക്യൂഷൻ അഭിഭാഷകരായ എസ്.എസ്. ബസ്ര, ജെ.കെ. ചോപ്ര, ബുപീന്ദർ സിങ്, ഹർവീന്ദർ സിങ് തുടങ്ങി വലിയൊരു നിര യൂത്ത് ലീഗ് പറയുന്ന 'നമ്മളിൽ' പെടും. പണമിറക്കി സ്വന്തം വക്കീലുമാരെ വെച്ചും കുഞ്ഞിന്റെ പിതാവിന് സാമ്പത്തികബലം നൽകിയും പ്രോസിക്യൂഷനുമായി നിരന്തരം ആശയ വിനിമയം നടത്തിയും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കത്വവയെ കൈവിടാതെ ശ്രദ്ധിച്ചു. തുടർച്ച നഷ്ടമാവാതിരിക്കാൻ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഏറെ സൂക്ഷ്മത പുലർത്തി ഞങ്ങളെ നയിച്ചു. അഡ്വ. മുബീൻ ഫാറൂഖി എന്ന ഒരു കാറ്റലിസ്റ്റാണ് കഠ്‌വ കേസിന്റെ ധൈര്യവും ബലവുമായി നിന്നത്.

ലുധിയാനയിൽ തലേന്ന് രാത്രി മൂന്നു മണിക്കുറങ്ങി അതിരാവിലെ ആറു മണിക്ക് പുറപ്പെട്ട ഞങ്ങൾക്ക് ലെയ്‌സും വെള്ളവും മാത്രമായിരുന്നു ശരണം. ഉച്ചയോടെ ഞങ്ങൾ കോടതിക്ക് പുറത്തിറങ്ങി. ഭക്ഷണമന്വേഷിക്കുകയാണ്. അപ്പോൾ മുബീൻ ഫാറൂഖി വഴി പ്രോസിക്യൂഷന്റെ ക്ഷണം; അവർക്കുള്ള ഭക്ഷണത്തിൽ നിന്ന് ഒന്നിച്ച് കഴിക്കാൻ. നല്ല ചനാ മസാലയും പഞ്ചാബി ദാലും റൊട്ടിയും റെയ്‌സുമെല്ലാം ചേർത്ത ഭക്ഷണം വിശപ്പിന്റെ ശക്തി കൊണ്ട് കൊതിയോടെ തിന്നു. ഉന്നതരായ നിയമജ്ഞർക്കിടയിലിരുന്ന് ഒരുച്ചയൂണ് ഒരപൂർവ്വ സന്ദർഭമായി. കേസിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് ഭക്ഷണ വേളയിലും ഞങ്ങൾ സംസാരിച്ചത്.

കോടതിയുടെ വലത്തെ ഇടനാഴിയിലായിരുന്നു പ്രതികളുടെ ബന്ധുക്കൾ കാത്തു നിന്നത്. പൊട്ടിക്കരയൽ, ബോധംകെടൽ, ആക്രോശങ്ങൾ തുടങ്ങിയ വികാര വിക്ഷോഭങ്ങൾ അവിടെ മുറക്ക് നടക്കുന്നുണ്ടായിരുന്നു. ഇടക്കവിടെ പോയപ്പോൾ പൊലീസ് ഞങ്ങളെ മാറ്റി. അവരുടെ തുറിച്ച് നോട്ടം കണ്ടപ്പോൾ രംഗം പന്തിയല്ലെന്ന് മണത്ത് ഞങ്ങളും ബുദ്ധിപൂർവ്വം അകലം പാലിച്ചു.

സമയം 4 മണി. ശിക്ഷാ പ്രഖ്യാപനത്തിന്റെ നേരമെത്തി. മൗനമായി ഞങ്ങൾ കാത്തു. കൃത്യം 4. 20ന് ശിക്ഷ വിധിച്ചു. ആസൂത്രകർക്ക് 25 വർഷം വീതം ജീവപര്യന്തം. മൂന്ന് പേർക്ക് അഞ്ചു വർഷം. കുറ്റവാളികൾക്കെല്ലാം വധശിക്ഷ (capital punishment) ആഗ്രഹിച്ച ഞങ്ങൾക്ക് ആദ്യം അസംതൃപ്തി വന്നു. പക്ഷെ യാഥാർത്ഥ്യം ഉൾക്കൊണ്ടപ്പോൾ തീർത്തും സന്തോഷം. വിധിപ്പകർപ്പുമായി കോടതിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

അന്ന് കുതിരയെ മേക്കാൻ പോയ അവൾ ചിറക് വീശിപറന്നത് സ്വർഗ്ഗത്തിലേക്കായിരുന്നു. ഇന്നലെ കോടതി കവാടം കടന്നതു മുതൽ അവൾ ഞങ്ങളുടെ കൈവിരൽ തൂങ്ങി നടന്നിരുന്നുവോ?

പൊന്നു പെങ്ങളേ... നല്ല കിനാവുകൾ കണ്ട്, നീ സുഖമായുറങ്ങുക. നിന്റെ വയലറ്റ് നിറത്തിലെ കുഞ്ഞുടുപ്പിൽ പടർന്നു കയറിയ ചോരക്ക് ചെറുതായെങ്കിലും ഞങ്ങൾ പകരം ചോദിച്ചിരിക്കുന്നു. നിന്റെ ഇളം മേനിയെ ഞെരിച്ച് പിടിച്ച ബലിഷ്ഠമായ അവരുടെ കൈത്തലങ്ങളിൽ ചങ്ങലയിട്ട് കൊണ്ട് പോകുന്ന രംഗം ഞങ്ങൾ പൊരുതി നേടിയിരിക്കുന്നു.

വയലറ്റ്, നമുക്ക് വെറുമൊരു നിറമല്ല.!

(മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റാണ് ലേഖകൻ)

Read More >>