ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലി

150 ക്യാബിൻ ക്രൂ അംഗങ്ങൾക്കാണ് എയർ ഇന്ത്യയിൽ ജോലി നൽകിയത്. കൂടാതെ ദുബൈ, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള ജെറ്റ് എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു.

ജെറ്റ് എയര്‍വേയ്സ് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സർവീസുകൾ അവസാനിപ്പിച്ച ജെറ്റ് എയർവേയ്‌സിലെ ജീവനക്കാർക്ക് ജോലി നൽകി എയർ ഇന്ത്യ. 150 ക്യാബിൻ ക്രൂ അംഗങ്ങൾക്കാണ് എയർ ഇന്ത്യയിൽ ജോലി നൽകിയത്. കൂടാതെ ദുബൈ, സിംഗപ്പൂർ, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള ജെറ്റ് എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു.

ജെറ്റ് എയർവേയ്‌സിൽ ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാർക്കും എയർ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ദുബൈ, അബുദാബി, മസ്‌കറ്റ്, ദമാം, ജിദ്ദ, പാരീസ്, ലണ്ടൻ സിംഗപ്പൂർ, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളിൽ നിന്നും യാത്ര ചെയ്യാൻ ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ എയർ ഇന്ത്യ സൗകര്യമൊരുക്കുന്നു. ജെറ്റ് എയർവേയ്‌സിന്റെ കൺഫേം ടിക്കറ്റുകൾക്ക് മാത്രമാണ് സൗജന്യ നിരക്ക് ലഭിക്കുക.

നേരിട്ടുള്ള വിമാനത്തിൽ എക്കണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. അതേസമയം, ജെറ്റ് എയർവേയ്‌സ് സർവീസ് നിർത്തിവച്ചതിനെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ ജീവനക്കാർ ഒത്തുകൂടി പ്രതിഷേധ ധർണ നടത്തി.ജെറ്റ് എയർവേയ്‌സിനെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങളെ സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വൈകാരികമായാണ് ജീവനക്കാർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

1993 മേയ് അഞ്ചിനാണ് ജെയ്റ്റ് എയർവേയ്‌സ് ആരംഭിക്കുന്നത്. ഒരു കാലത്ത് 120 വിമാനങ്ങളും 600 ഓളം ദിനംപ്രതി സർവീസുകളും ജെറ്റ് എയർവേയ്‌സിന് ഉണ്ടായിരുന്നു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് ജെറ്റ് എയർവേയ്‌സിലുണ്ടായിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയതോടെ ജെറ്റ് എയർവേയ്‌സിന്റെ നൂറോളം വിമാനങ്ങൾ സർവീസ് അവസാനിപ്പിച്ചിരുന്നു.

Read More >>