മുസ്ലിം വിരുദ്ധത പരത്തി മലയാളം വാരികയിൽ ലേഖനം, മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കട്ടെയെന്ന് തിരുത്തി വായനക്കാര്‍

ആണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തിനും ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും മെച്ചങ്ങളേയും കുറിച്ച് അറിയില്ലെന്ന പ്രതിലോമകരമായ നിരീക്ഷണവും വാരികയിലെ ലേഖനത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്ത് പോകുന്നവരില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളാണെന്ന വസ്തുത മറച്ചു വച്ചാണ് വാരിക ഈ നിരീക്ഷണം നടത്തുന്നത്

മുസ്ലിം വിരുദ്ധത പരത്തി മലയാളം വാരികയിൽ ലേഖനം, മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കട്ടെയെന്ന് തിരുത്തി വായനക്കാര്‍

മലബാറില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയിലുണ്ടായ വിദ്യാഭ്യാസ മുന്നേറ്റത്തെ തെറ്റായി വ്യാഖ്യാനിച്ച് സമകാലിക മലയാളം വാരികയില്‍ ലേഖനം. മുസ്ലിം ആണ്‍കുട്ടികള്‍ക്ക് പഠിച്ചു മതിയായോ എന്ന കവർ സ്റ്റോറിയുമായാണ് വാരിക കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

കേരളത്തിലെ മുസ്ലിം സമുദായത്തിലെ ആണ്‍കുട്ടികള്‍ പാതിവഴിയില്‍ പഠനം അവസാനിപ്പിക്കുന്നുവെന്നാണ് വാരികയുടെ കണ്ടത്തല്‍. മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നത് ആണ്‍കുട്ടികള്‍ക്ക് ദോഷകരമായെന്നാണ് ലേഖനം പറയുന്നത്. വിദ്യാഭ്യാസത്തിലുണ്ടായ ഈ അസമത്വം മലബാറിലെ വിവാഹം, ദാമ്പത്യം എന്നിവയിലൊക്കെ പ്രതിഫലിക്കുന്നുണ്ടെും വാരിക ചൂണ്ടിക്കാണിക്കുന്നു. മലബാറിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ നടത്തിയ കുതിപ്പിനെയാണ് ആണ്‍കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോയതായി വാരിക തെറ്റായി വായിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. മുസ്ലിം സമുദായത്തിലെ ആൺകുട്ടികളെയും പെണ്‍കുട്ടികളെയും വിദ്യാഭ്യാസത്തിൻെറ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ശ്രമിക്കുന്നത് ലിം​ഗ രാഷ്ട്രീയം ഉപയോ​ഗിച്ച് മുസ്ലിം ഭീതി പ്രചരിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഹെെ​ദരാബാദ് കേന്ദ്ര സർവകലാശാലയിലെ മലയാളി വി​ദ്യാർത്ഥികൾ ഫോട്ടോ: മുബഷിർ ഹമീദ്

മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിയത് കൊണ്ടാണ് മുസ്ലിംങ്ങള്‍ ഇപ്പോള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതെന്നും മറ്റു സമുദായത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ലേഖനം പറയുന്നു. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ മുസ്ലിം സമൂഹത്തിന്റേത് മാത്രമായി അവതരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കുന്നതായി വായനക്കാർ പറയുന്നു. ആണ്‍കുട്ടികളില്‍ ഭൂരിപക്ഷത്തിനും ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെക്കുറിച്ചും മെച്ചങ്ങളേയും കുറിച്ച് അറിയില്ലെന്ന പ്രതിലോമകരമായ നിരീക്ഷണവും വാരികയിലെ ലേഖനത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്ത് പോകുന്നവരില്‍ നല്ലൊരു ശതമാനവും ആണ്‍കുട്ടികളാണെന്ന വസ്തുത മറച്ചു വച്ചാണ് വാരിക ഈ നിരീക്ഷണം നടത്തുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ലദീദ റയ്യ

ഒരുക്കാലത്ത് മുസ്ലിം സമുദായം സ്ത്രീകളെ വിദ്യാഭ്യാസത്തിന് അയക്കുന്നില്ല എന്ന് പരാതി പറഞ്ഞവർ ഇന്നവർ കെെവരിച്ച വിദ്യാഭ്യാസ മുന്നേറ്റത്തെ അം​ഗീകരിക്കാൻ മടിക്കുന്നുവെന്നതിൻെറ സൂചനയാണ് ലേഖനമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിം സമുദായത്തിലെ ആണധികാരത്തിനെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് സ്ത്രീകൾ വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിച്ചപ്പോഴും ആണധികാരത്തെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ കടുത്ത മുസ്ലിം വിരുദ്ധതയാണെന്നും വിമർശകർ പറയുന്നു. മലബാറിലടക്കം മുസ്ലിം സ്ത്രീകള്‍ക്ക് പഠനത്തിന് അവസരം നൽകുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളും കൂടുതല്‍ മുസ്ലിം മാനേജ്‌മെന്റിന് കീഴെയുള്ള സ്ഥാപനങ്ങളാണെന്നതും ഇതിനോട് ചേർത്തുവായിക്കണം.

നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യം വച്ച് കുടുംബജീവിതത്തോടൊപ്പം പഠനം മുമ്പോട്ട് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ്. അത് മുസ്ലിം സമൂഹത്തിൻെറ മാത്രം പ്രശ്നമല്ല. പഠനവും ​ദാമ്പത്യജീവിതവും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരുപാട് മുസ്ലിം പെൺകുട്ടികൾ സെൻട്രൽ യൂണിവേഴ്സിറ്റികളിലുണ്ട്. അവർക്കൊക്കെ വീട്ടിൽ നിന്നടക്കം മികച്ച പിന്തുണയാണ് കിട്ടുന്നത് - ഹെെദരാബാദ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷണ വിദ്യാർത്ഥി ഫസീഹ് അഹ്മദ് പറയുന്നു.

ഗേൾസ് ഇസ്ലാമിക് ഓർ​ഗനെെസേഷൻ ക്യാമ്പസ് കോൺഫറൻസ്

ശബരിമല വിഷയത്തിൽ സംഘ്പരിവാർ ആൺക്കുട്ടം കേരളത്തിൽ അക്രമങ്ങൾ അഴിച്ചു വിടുന്ന കാലത്ത് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് മുസ്ലിം പുരുഷനെ ക്രിമിനൽവത്കരിക്കാനുള്ള ഹിന്ദുത്വ അജണ്ടയുടെ ഭാ​ഗമാണെന്ന് സംശയമുണ്ട്. സമുദായത്തിൻെറ പ്രശ്നങ്ങളിലടക്കം ശക്തമായി ഇടപെടുന്ന മുസ്ലിം പെൺകുട്ടികളെ എവിടെയും ചൂണ്ടിക്കാണിക്കാതെ ചുരുങ്ങിയ പഠനത്തിൻെറ അടിസ്ഥാനത്തിലുള്ള ഇത്തരം വാദങ്ങൾ അവതരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ഒരു വായനക്കാരൻ പറയുന്നു.


നിരവധി മുസ്ലിം സംഘടന പ്രതിനിധികളുടെ അഭിപ്രായങ്ങൾ ലേഖനത്തിൽ ഉൾക്കൊള്ളിക്കുമ്പോഴും ഉന്നത വി​ദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒരു മുസ്ലിം പെൺകുട്ടിയുടെ അഭിപ്രായവും ലേഖനത്തിൽ കടന്ന് വരുന്നില്ല എന്നതും വിരോധഭാസമായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം പെണ്‍കുട്ടികളെ സംബ​ന്ധിച്ച വിഷയങ്ങളിൽ അവരുടെ അഭിപ്രായം കടന്ന് വരാത്തത് ​​ഗൗരവമായി കാണണം. ആൺബോ​ധത്തിൻെറ കാഴ്ചപ്പാടിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഇത്തരം നിരീക്ഷണങ്ങൾ തെറ്റായി വ്യഖ്യാനിക്കപ്പെടുന്നത്. ജെ എൻ യുവിലടക്കം മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന മുസ്ലിം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. മറ്റു സമുദായങ്ങളിലൊക്കെ കണ്ടു വരുന്നത് പോലെയുള്ള പ്രശ്നങ്ങളൊക്കെയേ അവർക്കുമുള്ളു - ജെ എൻ യു വിദ്യാർ​​ത്ഥിനി ഖദീജ അമേൻഡ ചൂണ്ടിക്കാട്ടുന്നു.