വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നസീറിനെ അക്രമിച്ച സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്.

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നസീറിനെ അക്രമിച്ച സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സിപിഎമ്മില്‍ നിന്ന് അകന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതുമാണ് തന്നോടുള്ള വിരോധത്തിനു കാരണമെന്നു നസീര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരുക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.

ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വടകരയിലെ സ്ഥാനാര്‍ഥിയായിരുന്ന പി.ജയരാജനും വ്യക്തമാക്കിയിരുന്നു. പി.ജയരാജന്‍ നസിറിനെ ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി കല്ലെറിഞ്ഞ കേസില്‍ പ്രതിയാണ് നസീര്‍.

Read More >>