ഗുജറാത്ത് വംശഹത്യ: ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കിയത് ജീവിതാവസ്ഥ കണക്കിലെടുത്തെന്ന് കോടതി

അതേസമയം, ആരോപണ വിധേയനായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഗുജറാത്ത് വംശഹത്യ: ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കിയത്  ജീവിതാവസ്ഥ കണക്കിലെടുത്തെന്ന് കോടതി

ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തിലുണ്ടായ മുസ്‌ലിം വംശഹത്യക്കിടെ കൂട്ട ബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി വിധിച്ചത് അവരുടെ നരഗ തുല്യമായ ജീവിതം കണക്കിലെടുത്ത്.

തുക രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്നാണ് കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തിന് ശേഷമുള്ള ബില്‍ക്കീസ് ബാനിവിന്റെ അവസ്ഥ കണക്കിലെടുത്താണ് കോടതി നടപടി. അതേസമയം, ആരോപണ വിധേയനായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2002 മുതല്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ലഭ്യമാക്കാനും സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2002 മാര്‍ച്ചിലാണ് ഗുജറാത്ത് കലാപത്തിനിടെ ആറ് മാസം ഗര്‍ഭിണിയും 21കാരിയുമായ ബില്‍ക്കീസ് ബാനു ഹിന്ദുത്വരുടെ ക്രൂരമായ ബലാല്‍സംഗത്തിനും പീഡനങ്ങള്‍ക്കും ഇരയായത്.

കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി എടുത്തു എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. മൂന്ന് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തടഞ്ഞു. ഒരു ഉദ്യോഗസ്ഥനെ തരം താഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തേ, ബില്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സി.ബി.ഐയുടെ അപേക്ഷ തള്ളി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 17 പേരായിരുന്നു കേസില്‍ പ്രതിസ്ഥാനത്ത്. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു സി.ബി.ഐയുടെ അപേക്ഷ. ബില്‍ക്കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തതിന് പുറമേ അവരുടെ മൂന്ന് വയസ് പ്രായമായ കുഞ്ഞിനെ ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളേയും പ്രതികള്‍ ക്രൂരമായി കൊന്നുതള്ളിയിരുന്നു.

കേസില്‍ അഞ്ച് പോലിസ് ഉദ്യോഗസ്ഥരും കുറ്റവാളികളാണ്. കുറ്റവാളികളായ പതിനൊന്ന് പേരും അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവായിരുന്നു വിധിച്ചത്. ഈ വിധിക്കെതിരെയാണ് ഇവര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

Read More >>