അസം ഖാനും മനേക ഗാന്ധിയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

അസം ഖാനും മനേക ഗാന്ധിയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്

ന്യൂഡല്‍ഹി: മുസ്ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമര്‍ശം നടത്തിയതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയെ 48 മണിക്കൂര്‍ പ്രചാരണം നടത്തുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. മുസ്ലിംങ്ങൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്റെ സഹായം ലഭിക്കില്ലെന്നായിരുന്നു മനേകയുടെ വിവാദപ്രസ്താവന. നോട്ടീസ് കിട്ടിയിട്ടും മനേക വീണ്ടും ഈ ഭീഷണി ആവര്‍ത്തിച്ചു. വോട്ട് ശതമാനത്തിനനുസരിച്ച് ഗ്രാമങ്ങളെ തരം തിരിച്ചേ സേവനങ്ങള്‍ നല്‍കൂ എന്നായിരുന്നു മനേകയുടെ പ്രസംഗം.

രാംപൂര്‍ ലോകസഭ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദക്കെതിരെയാണ് അസം ഖാന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം രാംപൂറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാന്‍ എതിര്‍ സ്ഥാനാര്‍ഥി കൂടിയായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

'10 വര്‍ഷം അവര്‍ രാംപൂര്‍ മണ്ഡലത്തിന്റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പര്‍ശിക്കാനോ മോശം പരാമര്‍ശം നടത്താനോ ഞാന്‍ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവര്‍ നിങ്ങളെ 10 വര്‍ഷക്കാലം പ്രതിനിധീകരിച്ചു. ഒരാളുടെ യഥാര്‍ഥ മുഖം മനസിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടി വന്നു. എന്നാല്‍ ഞാന്‍ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്റെ വാക്കുകള്‍.

നേരത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read More >>