മലപ്പുറത്തുകാര്‍ക്ക് എന്തേ സമരം ചെയ്തൂടേ, മലപ്പുറം എന്താ പാകിസ്താനില്‍പ്പെട്ട ജില്ലയാണോ; ജയരാജനോട് മലപ്പുറത്ത്കാർ

ജനകീയ സമരങ്ങളിൽ ഇടപെടുന്നവർക്കെതിരെ സി പി എം പൊതുവെ പ്രയോ​ഗിക്കാറുള്ള തീവ്രവാദി ആരോപണത്തിൻെറ മറ്റൊരു രൂപമാണ് ജയരായൻെറ പുതിയ ആരോപണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം മലപ്പുറത്തുകാര്‍ക്ക് എന്തേ സമരം ചെയ്തൂടേയെന്നും മലപ്പുറം എന്താ പാകിസ്താനില്‍പ്പെട്ട ജില്ലയാണോ എന്നും ചോദിച്ച് കൊണ്ട് ഫേസ്ബുക്കിലടക്കം മലപ്പുറത്ത്കാർ മന്ത്രിക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്

മലപ്പുറത്തുകാര്‍ക്ക് എന്തേ സമരം ചെയ്തൂടേ, മലപ്പുറം എന്താ പാകിസ്താനില്‍പ്പെട്ട ജില്ലയാണോ; ജയരാജനോട് മലപ്പുറത്ത്കാർ

ആലപ്പാട് സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന വ്യവസായ മന്ത്രി ഇ പി ജയരാജൻെറ പ്രസ്താവന വിവാദമാവുന്നു. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോയെന്നും മലപ്പുറത്തുകാര്‍ക്ക് അവിടെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട കാര്യമെന്താണെന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ ജനകീയസമരങ്ങളെ റദ്ദുചെയ്യാൻ ഇടതുഭരണകൂടം എക്കാലത്തും പ്രയോഗിക്കുന്ന തന്ത്രമാണു മലപ്പുറം ബന്ധമെന്ന് വിമർശനമുയരുന്നുണ്ട്. മലപ്പുറത്തെ വംശീയമായി അധിക്ഷേപിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും ബ്രിട്ടീഷ് ഭരണകാലം തൊട്ടേ കേരളത്തിലെ 'പ്രശ്നക്കാരായി' മലപ്പുറത്തെ ചിത്രീകരിക്കുന്നതിൻെറ ഒടുവിലത്തെ ഉ​ദാഹരണമാണ് ഇതെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

ജനകീയ സമരങ്ങളിൽ ഇടപെടുന്നവർക്കെതിരെ സി പി എം പൊതുവെ പ്രയോ​ഗിക്കാറുള്ള തീവ്രവാദി ആരോപണത്തിൻെറ മറ്റൊരു രൂപമാണ് ജയരായൻെറ പുതിയ ആരോപണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. അതേസമയം മലപ്പുറത്തുകാര്‍ക്ക് എന്തേ സമരം ചെയ്തൂടേയെന്നും മലപ്പുറം എന്താ പാകിസ്താനില്‍പ്പെട്ട ജില്ലയാണോ എന്നും ചോദിച്ച് കൊണ്ട് ഫേസ്ബുക്കിലടക്കം മലപ്പുറത്ത്കാർ മന്ത്രിക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. നിങ്ങളിത്രമേൽ വെറുക്കാൻ, ഇത്രമേൽ ഭയക്കാൻ, ഇത്രമേൽ അകറ്റാൻ, ഇത്രമേൽ അന്ധരാവാൻ, എന്തു ക്രൂരതയും ഭീകരതയുമാണു ഞങ്ങളിലുള്ളതെന്നു പറയാമോ സഖാവേ എന്നാണ് അവർ ചോദിക്കുന്നത്.

നേരത്തെ ആലപ്പാട് സമരത്തെ സംഘപരിവാർ സംഘടന പിന്തുണച്ചു എന്ന പേരിൽ സമരത്തെയും സമരം മുന്നോട്ടുവെക്കുന്ന വസ്തുതാപരമായ ചോദ്യങ്ങളെയും സി പി എം അവഹേളിക്കരുതെന്ന് ഹരീഷ് വാസു​ദേവൻ ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങൾ അധികാരത്തിലിരിക്കുമ്പോഴുള്ള ജനകീയ സമരങ്ങൾ പാർട്ടി വിരുദ്ധമാണെന്നും പാർട്ടിക്ക് താൽപ്പര്യമുള്ള മുതലാളിമാർക്ക് എതിരായ സമരം ഏത് വിധേനയും പൊളിക്കേണ്ടതാണെന്നും കരുതുന്ന നേതാക്കൾ സി പി എമ്മിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഹരീഷ് വാസു​ദേവൻെറ ഫേസ്ബുക്ക്കുറിപ്പ് :

സൈലന്റ് വാലി സംരക്ഷണ സമരത്തിന് CPM ഉം CPI യും ഒക്കെ തുടക്കത്തിൽ എതിരായിരുന്നു എന്നു സമരത്തിന് നേതൃത്വം നടത്തിയവർ പറഞ്ഞിട്ടുണ്ട്. അണിനിരന്നവരെ കേവലപരിസ്ഥിതി വാദികൾ എന്നല്ല, തീവ്രവാദികൾ എന്നാണ് വിളിച്ചത്. CIA യുടെ വിദേശപണം പറ്റുന്നവരാണ് സമരക്കാർ എന്നുവരെ ആക്ഷേപമുണ്ടായി. സമരം വിജയിച്ചു പതിറ്റാണ്ടുകൾ കഴിഞ്ഞു, എതിർത്തവരിൽ പലരും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. അത്രയും പാരിസ്ഥിതിക ബോധം ഉണ്ടായിരുന്നില്ല എന്നു കുമ്പസാരിച്ചു.

എൻഡോസൾഫാൻ ആദ്യസമരകാലത്തു CPIM സമരത്തിന് എതിരായിരുന്നു എന്നു നേരിട്ടറിയാം. MA റഹ്മാൻ മാഷുടെ സിനിമയൊക്കെ കാണിക്കാൻ സമ്മതിക്കാതെ നേതാക്കൾ തന്നെ നേരിട്ടിടപെട്ടു മാഷേ ഓടിച്ചുവിട്ട കാര്യമൊക്കെ റഹ്മാൻ മാഷ് എഴുതിയിട്ടുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ പൊതുമേഖലാ സ്ഥാപനമാണെന്നും അതിനെ തകർക്കാനാണ് സമരമെന്നും ആയിരുന്നു ആക്ഷേപം. തളിക്കുന്ന കീടനാശിനി ഏത് കമ്പനി തളിച്ചാലും നേരിട്ടനുഭവിക്കുന്നവന്റെ ദുരന്തം ഒരുപോലെയാണ് എന്ന സത്യം കൊണ്ടാണ് ആ സമരം വിജയിച്ചത്.

(അന്ന് പൊതുമണ്ഡലത്തിൽ സംഘപരിവാർ ആക്റ്റീവ് ആയിരുന്നെങ്കിൽ ആ സമരത്തെ തകർക്കാൻ CPM കാർ ആ സമരത്തിന് സംഘപരിവാർ ബന്ധം ആരോപിക്കുമായിരുന്നു എന്നാണ് ഇന്ന് തോന്നുന്നത്. അത് ആരോപിച്ചാൽ പിന്നെ അണികളാരും ആ സമരത്തിൽ പോകില്ല.)

പിന്നീട് VS അച്യുതാനന്ദൻ സമരത്തിന് നേതൃത്വം ഏറ്റെടുത്തു. CPM സമരത്തിന് അനുകൂലമായി. DYFI സുപ്രീംകോടതിയിൽ കേസ് കൊടുത്തു. നിരോധനമായി.. ചരിത്രം..

പ്ലാച്ചിമടയിൽ എത്രകാലത്തിനു ശേഷമാണ് സമരത്തെ CPM ഓ DYFI യോ മാധ്യമങ്ങളോ ഏറ്റെടുത്തത് എന്നു നമുക്കറിയാം. പിണറായി വിജയനെ സംബന്ധിച്ച് ഇന്നും അത് വെറും പ്രാദേശിക വിഷയമാണ് - (മൂലധനരാഷ്ട്രീയ വിഷയമല്ല) എന്നാണ് വിക്കിലീക്‌സ് രേഖകൾ പറയുന്നത്.

തങ്ങൾ അധികാരത്തിലിരിക്കുന്ന സമയത്തുണ്ടാകുന്ന ഏത് ജനകീയ സമരവും പാർട്ടി വിരുദ്ധമാണെന്നും, പാർട്ടി കാര്യപരിപാടി അല്ലാത്ത സമരങ്ങളെല്ലാം അനാവശ്യമാണെന്നും, പാർട്ടിക്ക് താൽപ്പര്യമുള്ള മുതലാളിമാർക്ക് എതിരായ സമരം ഏത് വിധേനയും പൊളിക്കേണ്ടതാണെന്നും കരുതുന്ന ഒരു വിഭാഗം നേതാക്കളും അണികളും ഇന്നും CPM ലുണ്ട്. അവർക്ക് ആലപ്പാട് സമരത്തിന്റെ വസ്തുതകൾ അറിയേണ്ട കാര്യമില്ല. ആറന്മുളയല്ലാതെ കേരളത്തിലെ ഒരു പരിസ്ഥിതി സമരത്തിനും ആദ്യകാലത്ത് തന്നെ തിരിച്ചറിഞ്ഞു നേതൃത്വം നൽകാൻ CPM പരാജയപ്പെട്ടിട്ടെയുള്ളൂ എന്നാണ് എന്റെ അറിവ്. എന്നാൽ അൽപ്പം വൈകിയായാലും പിന്നീട് തെറ്റു തിരുത്തിയ ചരിത്രവും അവർക്ക് തന്നെയാണ്. ഏംഗല്സിന്റെ "പ്രകൃതിയുടെ വൈരുധ്യാത്മകത" മുന്നോട്ടു വെക്കുന്ന ദർശനം പലർക്കും വൈകിയേ മനസ്സിലാകൂ എന്നർത്ഥം.

20,000 ഏക്കറോളം ഭൂമുഖത്ത് നിന്ന് ഇല്ലാതായ, അനുമതികളിൽ പറഞ്ഞ നിബന്ധനകൾ ലംഘിച്ചു നടക്കുന്ന ഖനനം ശാസ്ത്രീയമാണോ നിയമപരമാണോ എന്നു പഠിക്കാൻ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് പറയാൻപോലും ചിലപാർട്ടി അനുഭാവികൾ തയ്യാറാകാത്തത്

ചരിത്ര സംഭവങ്ങൾ നടന്നുകഴിഞ്ഞു അത് പഠിപ്പിക്കാൻ ഏത് മാഷമ്മാർക്കും പറ്റും, അത് നടക്കുമ്പോൾ തിരിച്ചറിയുന്നവരാണ്, ചരിത്രം നിർമ്മിക്കുന്നവരാണ് മഹാത്മാക്കൾ എന്നു എവിടെയോ വായിച്ചിട്ടുണ്ട്.

ആലപ്പാട് സമരത്തെ ഏതോ സംഘപരിവാർ സംഘടന പിന്തുണച്ചു എന്നതിന്റെ പേരിൽ മാത്രം, സമരത്തെയും സമരം മുന്നോട്ടുവെക്കുന്ന വസ്തുതാപരമായ ചോദ്യങ്ങളെയും അവഹേളിക്കുന്ന, അതിനെതിരെ നുണപ്രചരണം വരെ നടത്തുന്ന സഖാക്കളോടും ഇത്രയേ പറയാനുള്ളൂ. എല്ലാ ജനകീയ സമരവും CPM നു എതിരെ ആണെന്ന് തോന്നുന്നത് ഒരുതരം #സീപ്പീഎമ്മോഫോബിയ ആണ്. അതിൽ നിന്ന് പുറത്ത് വന്നു, കണ്ണുതുറന്നു സത്യത്തെ കാണണം. ഇപ്പോൾ പിന്തുണയ്ക്കണം. പരിശോധന വേണം. പിന്നീട് ഏറ്റെടുക്കേണ്ട ഗതികേട് ഉണ്ടാവരുത്.


Read More >>