സവർണൻ ദാരിദ്ര്യം പറഞ്ഞാൽ ഇമോഷണലാകുന്ന പൊതുബോധത്തിന്റെ പേരാണ് ജാതി

സവര്‍ണ ജന്മികള്‍ ആയിരുന്നവര്‍ , ജനങ്ങളെ ചൂഷണം ചെയ്തു ജീവിച്ചിരുന്നവര്‍ അതില്‍ നിന്നൊരു തരിമ്പ്‌ പോലും മാറ്റം വരാതെ ഇരിക്കാന്‍ , തങ്ങളുടെ സുഖ ജീവിതത്തിനു പോറല്‍ ഏല്‍പ്പിക്കാന്‍ മറ്റു ജനത ബാധ്യസ്ഥരാണ് എന്നാ മൈന്‍ഡ് സെറ്റ്

സവർണൻ  ദാരിദ്ര്യം പറഞ്ഞാൽ ഇമോഷണലാകുന്ന പൊതുബോധത്തിന്റെ പേരാണ് ജാതി

സവർണൻ തന്റെ ദാരിദ്ര്യം പറഞ്ഞാൽ ഇമോഷണലാകാനും അതിനോട് സഹതപിക്കാനും ശ്രമിക്കുന്ന പൊതുബോധത്തിന്റെ പേരാണ് ജാതിയെന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വിഷ്ണു പത്മനാഭൻ എന്നയാളാണ് സിനിമ പ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡിസൊ ക്ലബിൽ പ്രിയദര്‍ശന്‍ ചിത്രത്തിലെ രം​ഗം ചൂണ്ടിക്കാട്ടി സാമ്പത്തിക സംവരണത്തിന്റെ പൊള്ളത്തരത്തെ തുറന്ന്ക്കാട്ടുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

ആര്യന്‍ എന്ന ടി . ദാമോദരന്‍ - പ്രിയദര്‍ശന്‍ ഹിറ്റ്‌ ചിത്രത്തിലൊരു രംഗമുണ്ട് . നായകനായ നമ്പൂരി യുവാവിൻ്റെ ഇല്ലത്ത് പട്ടിണിയാണ് , അമ്പലത്തില്‍ നിന്ന് കിട്ടുന്ന പടച്ചോര്‍ ആണ് ഏക ആശ്രയം. അങ്ങനെ നിസ്സഹായനായ നായകന്‍ ആരോ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തിയ വാഴക്കുല മോഷ്ടിച്ച് കൊണ്ട് വന്നു ഇല്ലത്ത് പുഴുങ്ങി തിന്നാന്‍ കൊടുക്കുകയാണ് , ദയനീയ അവസ്ഥ !!!

കാണികള്‍ എല്ലാവരും തന്നെ യാതൊരു അസ്വാഭാവിതയും തോന്നാതെ നായകന്‍റെ ദുഖത്തില്‍ ചേരുന്നു. അയാള്‍ ആ വാഴക്കുല മോഷണത്തില്‍ പിടിക്കപ്പെടുമ്പോള്‍ ആ വാഴക്കുല തിരിച്ചു ഏല്‍പ്പിക്കാന്‍ കൊണ്ട് പോകുന്നുണ്ട് . ആ കൊണ്ട് പോകലിൻ്റെ പശ്ചാത്തലത്തില്‍ സ്ഥലത്തെ ദളിത്‌ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ചങ്ങമ്പുഴയുടെ "വാഴക്കുല " എന്ന നാടകത്തിൻ്റെ റിഹേഴ്സല്‍. അന്നത്തെ നമ്പൂതിരി ജന്മി ഇപ്പോള്‍ ഇര ആകുന്നു എന്ന വ്യംഗ്യം.

ഈ നമ്പൂതിരി യുവാവും കുടുംബവും താമസിക്കുന്നത് ഒരു എട്ടു കെട്ടു / നാലു കെട്ടു സെറ്റപ്പിലാണ് , ഇല്ലമെന്ന മാളികയോട് ചേര്‍ന്ന് അത്യാവശ്യം ഭൂമിയും ഉണ്ട് ,അവിടെ നാല് വാഴ വെച്ചൂടെ ,അല്ലെങില്‍ കുറച്ചു കപ്പ നട്ടൂടെ കണ്ടവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വസ്തു വകകള്‍ മോഷ്ടിച്ച് ഇങ്ങനെ സെന്റിമെന്റ്സ് പറയണോയെന്നൊരു ചോദ്യം പോലും അവിടെ ഉന്നയിക്കേണ്ടി വരുന്നില്ല .


കാരണം അതാണ്‌ ജാതി നല്‍കുന്ന പ്രിവിലേജ്, അതാണ്‌ ജാതി ഇന്ത്യയിലെ ഓരോ മനുഷ്യൻ്റെയും ഉള്ളില്‍ നില നിര്‍ത്തുന്ന പക്ഷ പാതിത്വം. സവര്‍ണ ജന്മികള്‍ ആയിരുന്നവര്‍ , ജനങ്ങളെ ചൂഷണം ചെയ്തു ജീവിച്ചിരുന്നവര്‍ അതില്‍ നിന്നൊരു തരിമ്പ്‌ പോലും മാറ്റം വരാതെ ഇരിക്കാന്‍ , തങ്ങളുടെ സുഖ ജീവിതത്തിനു പോറല്‍ ഏല്‍പ്പിക്കാന്‍ മറ്റു ജനത ബാധ്യസ്ഥരാണ് എന്ന മൈന്‍ഡ് സെറ്റ് .

ഇന്ത്യയിലെ കോടിക്കണക്കിനു ആളുകള്‍ ചാളകളിലും ചേരികളിലും ലക്ഷം വീട് കോളനികളിലും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ചോര നീരാക്കുമ്പോഴും , സര്‍വൈവ് ചെയ്യാന്‍ എല്ലാ കഴിവും ഉപയോഗിച്ച് പോരാടുമ്പോഴും ഇന്‍ഡോര്‍ സ്റ്റേഡിയം പോലെയുള്ള വീടും സെറ്റപ്പും വെയിൽ കൊള്ളാത്ത ശരീരവുമായി ഒരു സവർണൻ തന്റെ ദാരിദ്ര്യം പറഞ്ഞാൽ , അതിൽ ഇമോഷണലാകാനും അതിനോട് സഹതപിക്കാനും ശ്രമിക്കുന്ന ആ പൊതുബോധത്തിന്റെ പേരാണ് ജാതി.അതന്നെയാണ് ജാതി സംവരണത്തിൽ ഉയർന്നു വരുന്ന ഓരോ എതിർപ്പും, അതാണ്‌ സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനവും.


Read More >>