വൃക്കവില്‍ക്കാന്‍ വൃദ്ധദമ്പതികള്‍

ഓഗസ്റ്റിലെ പ്രളയകാലത്തെ വീടിന്റെ തകർച്ചയെ തുടർന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു.

വൃക്കവില്‍ക്കാന്‍   വൃദ്ധദമ്പതികള്‍

ഇടുക്കി: പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ സർക്കാർ സഹായമില്ല. ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകാൻ പണത്തിനായി സ്വന്തം വൃക്ക വിൽപനയ്‌ക്കെന്ന പരസ്യം വീടിന്റെ ഭിത്തിയിൽ എഴുതി വയോധികൻ. അടിമാലിക്കു സമീപം വെള്ളത്തൂവൽ പന്ത്രണ്ടാം വാർഡ് മുസ്‌ലിം പള്ളിപ്പടിക്കു സമീപം തണ്ണിക്കോട്ട് ജോസഫ്(72) ആണ് വീടിന്റെ ചുവരിൽ പരസ്യം എഴുതിയത്.

തന്റെയും ഭാര്യ ആലീസിന്റെയും വൃക്ക വിൽക്കാൻ തയ്യാറാണെന്ന് ചുമർ പരസ്യത്തിൽ പറയുന്നു. ''ദുരന്തത്തിൽ മൂന്നു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണം ഉണ്ടാക്കാൻ വൃക്ക വിൽപ്പനക്ക്'' എന്നാണ് കരിക്കട്ട കൊണ്ടുള്ള എഴുത്ത്. പ്രളയദുരന്തത്തിൽ എട്ടു മുറികൾ ഉള്ള വീട് പൂർണ്ണമായും തകർന്നു. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാനാണ് വൃക്ക വിൽക്കാനായി വെള്ളത്തൂവൽ തണ്ണിക്കോട്ട് ജോസഫിന്റെ വീട്ടുചുമരിൽ പരസ്യം എഴുതിവച്ചിരിക്കുന്നത്.

ഓഗസ്റ്റിലെ പ്രളയകാലത്തെ വീടിന്റെ തകർച്ചയെ തുടർന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. ആറു മാസമായിട്ടും ഒരു സഹായവും കിട്ടാത്തതും കൈക്കൂലി കൊടുക്കാത്തതിനാലാണെന്ന് ജോസഫ് ആരോപിക്കുന്നു.

രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ് പുനർനിർമ്മാണത്തിന് വൃക്ക വിറ്റ് പണം നേടാൻ ശ്രമിക്കുന്നതെന്നും ജോസഫ് പറയുന്നു. പ്രളയത്തിൽ അപകട നിലയിലായ വീട്ടിലെ ശേഷിക്കുന്ന ഒരു മുറിയിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. രണ്ടു പെൺമക്കളെ വിവാഹം ചെയ്തയച്ചു.

40 സെന്റ് ഭൂമിയാണ് ഇവർക്കുള്ളത്. ജില്ലാ ഭരണകൂടത്തെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചെങ്കിലും സഹായം ലഭിച്ചില്ല. കൈക്കൂലി നൽകാത്തതിനാൽ അവഗണിച്ചെന്നാണു ജോസഫിന്റെ പരാതി. എന്നാൽ പ്രളയസമയത്ത് വീടിന്റെ പിൻഭാഗത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പഞ്ചായത്ത് നീക്കം ചെയ്തതായി വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ബിജി പറഞ്ഞു.

വീടിന്റെ നാശനഷ്ടം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീട് പൂർണ്ണമായി തകർന്നിട്ടില്ലാത്തതും, തകർന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതും അടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്.

Read More >>