പാര്‍വ്വതി വിശ്വാസം കാത്തുസൂക്ഷിച്ചു: മനു അശോകന്‍

അന്തരിച്ച ചലച്ചിത്ര സംവിധായകൻ രാജേഷ് പിള്ളയുടെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന മനു അശോകന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഉയരെ. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവുമായി മുന്നോട്ട് പോവുകയാണ്. മനു അശോകന്‍ 'തത്സമയ'വുമായി സംസാരിക്കുന്നു.

പാര്‍വ്വതി വിശ്വാസം കാത്തുസൂക്ഷിച്ചു: മനു അശോകന്‍

മലയാള സിനിമയിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് 'ഉയരെ'. അന്തരിച്ച ചലച്ചിത്ര സംവിധായകൻ രാജേഷ് പിള്ളയുടെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന മനു അശോകന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഉയരെ. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയുടെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാർവ്വതി, ആസിഫ് അലി, ടെവിനോ തുടങ്ങിയവരാണ്. സിനിമയുടെ സംവിധായകൻ മനു അശോകന്‍ 'തത്സമയ'വുമായി സംസാരിക്കുന്നു.

എങ്ങനെയായിരുന്നു ഉയരെയിലേക്കെത്തുന്നത്?

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റെതായിരുന്നു. അന്ന് സിനിമയുടെ സെറ്റിൽ വച്ച് ഇവരോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞിരുന്നു. ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ പറ്റുമോയെന്ന് ഞാൻ അവരോട് ചോദിച്ചിരുന്നു. അങ്ങനെ പല ചർച്ചകളും നടന്നിരുന്നു. ആ ചർച്ചകളാണ് ഉയരെയിലേക്കെത്തിച്ചത്.

പാർവ്വതിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രചാരണങ്ങൾ നടന്നിരുന്നത് സിനിമയുടെ വിജയസാദ്ധ്യതയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നോ?

എന്നെ സംബന്ധിച്ചിടത്തോളം പല്ലവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ആളാണ് പാർവ്വതി. മറ്റുള്ള കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല. പാർവ്വതി എന്ന വ്യക്തിയോ അവരുടെ അഭിപ്രായങ്ങളോ ആളുകളുടെ പ്രതികരണങ്ങളോ എന്റെ വിഷയമല്ല. ഇത്തരം ചിന്തകളിൽ ഉടക്കിനിന്നാൽ എന്റെ കഥാപാത്രത്തെ എനിക്ക് നഷ്ടമാകുക എന്നതു മാത്രമാണ് സംഭവിക്കുക.

നെ​ഗറ്റീവ് ക്യാംപയിനുകൾ മുമ്പും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. അവരെല്ലാം അതിനെ അതിജീവിച്ചത് പ്രതിഭ കൊണ്ടാണ്. ആ പ്രതിഭ പാർവ്വതിക്കുമുണ്ട് എന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം പാർവ്വതി കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ഡബ്ല്യൂ.സി.സി അടക്കമുള്ള മലയാള സിനിമയിലെ സ്ത്രീപക്ഷ മുന്നേറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്?

സ്ത്രീപക്ഷ മുന്നേറ്റങ്ങൾ സിനിമയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കട്ടെ എന്നാണ് ആ​ഗ്രഹിക്കുന്നത്. സ്ത്രീകൾ എല്ലാ മേഖലയിലും ഉയർന്നു വരേണ്ടതുണ്ട്. പ്രത്യേകിച്ച് സിനിമയിൽ. സ്ത്രീകൾക്ക് സർ​ഗാത്മകമായി ഇടപെടാൻ കഴിയുന്ന മേഖലയാണ് സിനിമ. മലയാള സിനിമയിൽ തൊഴിൽ അന്വേഷിച്ച് വരുന്ന ഒരു പെൺകുട്ടിക്ക് കഴിവും യോ​ഗ്യതയുമല്ലാതെ മറ്റു തടസ്സങ്ങളൊന്നും ഉണ്ടാകരുത്.

ഉയരെ ബി​ഗ്സ്ക്രീനിൽ കണ്ടപ്പോൾ എന്താണ് തോന്നിയത്? മനസ്സിൽ കണ്ട സിനിമ തന്നെയാണോ പുറത്തിറങ്ങിയത്?

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം തന്റെ സിനിമ ഒരിക്കലും സംതൃപ്തി നൽകില്ല. സിനിമയുടെ ടെക്നിക്കൽ വശം കൂടി മനസ്സിൽ കണ്ടായിരിക്കും സംവിധായകൻ സിനിമ കാണുക. പല രം​ഗങ്ങളും കാണുമ്പോൾ അത് ഇങ്ങനെ ചെയ്യാമായിരുന്നു അങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിയിരുന്നു.

Read More >>