ഒടുവില്‍ ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി നേഹ

ഒമ്പതാം ക്ലാസ് മുതല്‍ അരങ്ങിലുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഒന്നാം സ്ഥാനം നേടാനായത്. പാശ്ചാത്യ വിഭാഗത്തില്‍ മത്സരിക്കാറുള്ള നേഹയ്ക്ക് നേരിയ വ്യത്യാസത്തിലാണ് പലപ്പോഴും ഒന്നാം സ്ഥാനം നഷ്ടപെടുന്നത്. ഒടുവില്‍ കലോത്സവ വേദി ഒഴിയാറായ അവസാന വര്‍ഷമാണ് നേഹയെ തേടി ആ നേട്ടമെത്തിയത്.

ഒടുവില്‍ ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി നേഹ

കൊച്ചി: വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കലോത്സവവേദിയില്‍ നിന്ന് ഒന്നാം സ്ഥാനത്തിന്റെ തിളക്കം. എറണാകുളം റവന്യു ജില്ലാ കലോത്സവത്തില്‍ വയലിന്‍ പാശ്ചാത്യ വിഭാഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നേഹ ഫിലിപ്. ഒമ്പതാം ക്ലാസ് മുതല്‍ അരങ്ങിലുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഒന്നാം സ്ഥാനം നേടാനായത്.

പാശ്ചാത്യ വിഭാഗത്തില്‍ മത്സരിക്കാറുള്ള നേഹയ്ക്ക് നേരിയ വ്യത്യാസത്തിലാണ് പലപ്പോഴും ഒന്നാം സ്ഥാനം നഷ്ടപെടുന്നത്. ഒടുവില്‍ കലോത്സവ വേദി ഒഴിയാറായ അവസാന വര്‍ഷമാണ് നേഹയെ തേടി ആ നേട്ടമെത്തിയത്. ആദ്യമായി സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് അവസരം ലഭിച്ചത് അവസാന വര്‍ഷമാണ്. ഇനി സ്‌ക്കൂള്‍ കലോത്സത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന ചെറിയ സങ്കടം മാത്രമേ നേഹയ്ക്കുള്ളു. നാളെ വൃന്ദവാദ്യം മത്സരം കൂടിയാണ് ജില്ലാ കലോത്സവത്തില്‍ ഇനി ബാക്കിയുള്ളത്.

രണ്ടാം ക്ലാസ് മുതല്‍ നേഹ വയലിന്‍ അഭ്യസിക്കുന്നുണ്ട്. ഗുരു കൂടിയായ പിതാവ് ഫിലിപ് ഡെസിലും വയലിന്‍ വാദകനാണ്. ഡെസിലിന്റെ വയലിന്‍ ഈണങ്ങള്‍ മകളിലേക്കും പകരുകയായിരുന്നു. സി.എസ്.സി ചേമ്പര്‍ ഓര്‍കെസ്ട്രയില്‍ സ്ഥിരമായി ഡെസിലും നേഹയും വായിക്കാറുണ്ട്. ചേമ്പര്‍ ഓര്‍കെസ്ട്രയുടെ ജൂനിയര്‍ വിഭാഗത്തിലും നേഹയുണ്ട്. സ്റ്റീഫന്‍ ദേവസ്സി നയിച്ച വിഷാല്‍ ഓവര്‍ കം പരിപാടിയിലും ബാലബാസ്‌ക്കറിനുള്ള അനുസ്മരണ പരിപാടിയിലുമാണ് അവസാനമായി വയലിന്‍ വായിച്ചത്.

വയലിന്‍ പഠിക്കുന്ന തന്നെ പോലെയുള്ള കുട്ടികള്‍ക്ക് ബാലു സര്‍ എപ്പോഴും പ്രചോദനമായിരുന്നുവെന്ന് നേഹ പറയുന്നു. നേഹയുടെ സഹോദരി നിയയും വയലിന്‍ വായിക്കാറുണ്ട്. ഫിലോമിനയാണ് അമ്മ. സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നേഹ. കുമ്പളങ്ങി നോര്‍ത്ത് സ്വദേശിയായ നേഹ ഫിലിപ് എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്.

Read More >>