പെല്ലറ്റ് തകര്‍ത്ത കണ്ണുമായി ഹിബ, ഒന്നര വയസ്സുകാരിക്ക് കാഴ്ച നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍

വീടിന് പുറത്ത് മുഴുവന്‍ ടിയര്‍ ഗ്യാസായിരുന്നു. ശ്വാസമെടുക്കാന്‍ തന്നെ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി.കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അവരേയും കൊണ്ട് പുറത്ത് കടക്കാന്‍ ശ്രമിച്ചു. വാതില്‍ തുറന്ന് വരാന്തയിലെത്തിയപ്പോഴാണ് പെല്ലറ്റ് ഞങ്ങളുടെ നേരെ വന്നത്.

പെല്ലറ്റ് തകര്‍ത്ത കണ്ണുമായി ഹിബ, ഒന്നര വയസ്സുകാരിക്ക് കാഴ്ച നഷ്ടമായേക്കുമെന്ന് ഡോക്ടര്‍മാര്‍

വേദന കൊണ്ട് പുളയുമ്പോഴൊക്കെ കുഞ്ഞു ഹിബ അവളുടെ കണ്ണിലേക്ക് ചൂണ്ടി ഉമ്മയോട് എന്തോ പറയാന്‍ ശ്രമിക്കും. ഇനിയും സംസാരിച്ച് തുടങ്ങിയിട്ടില്ലാത്ത ആ പൈതലിനെ മാറോട് ചേര്‍ത്ത് ആശ്വസിപ്പിക്കുമ്പോഴും മുര്‍സല ജാന്റെ കണ്ണുകളില്‍ ഭീതിയൊഴിഞ്ഞിട്ടില്ല. പെല്ലറ്റ് തകര്‍ത്ത കണ്ണുമായി ജീവിക്കുന്ന കാശ്മീര്‍ പെണ്‍കുട്ടിക്ക് പ്രായം വെറും ഒന്നര വയസ്സാണ്. കാശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഇര കൂടിയാണ് ഹിബ.

കഴിഞ്ഞ നവംബറിലാണ് ഇന്ത്യന്‍ സൈന്യമുതിര്‍ത്ത പെല്ലറ്റ് ഒന്നര വയസ്സുകാരിയുടെ കണ്ണ് തകര്‍ക്കുന്നത്. കപ്രാനിലെ വീട്ടിലേക്ക് പെല്ലറ്റ് പതിക്കുമ്പോള്‍ ഉമ്മയുടെ കൈകളിലായിരുന്നു അവള്‍.

'വീടിന് പുറത്ത് മുഴുവന്‍ ടിയര്‍ ഗ്യാസായിരുന്നു. ശ്വാസമെടുക്കാന്‍ തന്നെ ഞങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടി. കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ അവരേയും കൊണ്ട് പുറത്ത് കടക്കാന്‍ ശ്രമിച്ചു. വാതില്‍ തുറന്ന് വരാന്തയിലെത്തിയപ്പോഴാണ് പെല്ലറ്റ് ഞങ്ങളുടെ നേരെ വന്നത്. ഞാന്‍ മകനെ ഒരു വശത്തേക്ക് ഉന്തി മാറ്റി. ഹിബയുടെ കണ്ണുകള്‍ ഞാനെന്റെ കൈകള്‍ കൊണ്ട് മറച്ചപ്പോഴേക്കും പെല്ലറ്റ് അടുത്തെത്തിയിരുന്നു'- ഹിബയുടെ ഉമ്മ മുര്‍സല ജാന്‍ പറയുന്നു.

കുഞ്ഞു ഹിബക്ക് എന്നന്നേക്കുമായി കാഴ്ച നഷ്ടമായേക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ വിധിയെഴുതുന്നത്. ആറായിരത്തിലധികം പേര്‍ക്കാണ് ഈയടുത്ത കാലത്ത് മാത്രം പെല്ലറ്റ് ആക്രമണത്തിലൂടെ കാഴ്ച നഷ്ടപ്പെട്ടത്. സൈന്യത്തിന്റെ പെല്ലറ്റ് പ്രയോഗത്തിനെതിരെ വ്യാപകമായ പരാതികളുയര്‍ന്നിരുന്നു.

സംഭവത്തിന് ശേഷം തന്റെ മകള്‍ക്ക് ഉറങ്ങാനായിട്ടില്ലെന്ന് മുര്‍സല പറയുന്നു. 'കണ്ണുകളടക്കുമ്പോള്‍ അവള്‍ക്ക് വേദനിക്കുന്നുണ്ടാവണം. വേദനയെടുക്കുന്നതെവിടെ എന്ന് പറയാന്‍ പോലും അവള്‍ വളര്‍ന്നിട്ടില്ല. ഹിബക്ക് പകരം പെല്ലറ്റ് തന്റെ മേല്‍ പതിച്ചാല്‍ മതിയായിരുന്നു.'- മുര്‍സല സങ്കടപ്പെട്ടു.

ഇതാദ്യമായല്ല ഹിബയുടെ കുടുംബം പെല്ലറ്റ് ആക്രമണത്തിന് ഇരയാവുന്നത്. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍ ഹിബയുടെ സഹോദരി ഇന്ഷ മുശ്താഖിനും കാഴ്ച നഷ്ടമായിരുന്നു.


കടപ്പാട് : അല്‍ ജസീറ

Read More >>