ഉദ്യാവര്‍ മാഡയും ആയിരം ജമാഅത്തും, മാനവികതയുടെ അതിരുകളില്ലാത്ത മഹാമൈത്രി

ഇതു മതമൈത്രിയുടെ, മാനവികതയുടെ ഏഴുനൂറിലധികം വര്‍ഷംനീണ്ട ചരിത്രം. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വേദിയാകുക. ഉദ്യാവര്‍ മാഡ ശ്രീ അറസു മഞ്ചുഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണവുമായാണ് തെയ്യക്കോലങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്കെത്താറ്.

ഉദ്യാവര്‍ മാഡയും ആയിരം ജമാഅത്തും, മാനവികതയുടെ അതിരുകളില്ലാത്ത മഹാമൈത്രിയൂത്ത്‌ലീഗ് യുവജനയാത്രയുടെ ഭാഗമായി മാഡയിലെത്തിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും നേതാക്കളെയും പൂജാരിയും ക്ഷേത്രഭാരവാഹികളും ചേര്‍ന്നു സ്വീകരിക്കുന്നു

മഞ്ചേശ്വരം: 'ശെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തില്‍ ഒരിക്കലുള്ള ഞങ്ങളുടെ ഒത്തുചേരല്‍ ജനങ്ങള്‍ എക്കാലവും അറിയുന്നു. ഞങ്ങളുടെ ഉത്സവച്ചടങ്ങുകള്‍ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താന്‍ വരണം'. മുല്ലപ്പൂമാലയണിഞ്ഞു കൊമ്പുവിളിക്കു വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളിമുറ്റത്ത് പ്രവേശിക്കുമ്പോള്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരം കഴിഞ്ഞ് ഇറങ്ങുന്ന വിശ്വാസികള്‍ ഇരുവശങ്ങളിലേക്കും മാറിനിന്ന് അവരെ സ്വീകരിക്കും.

ഇതു മതമൈത്രിയുടെ, മാനവികതയുടെ ഏഴുനൂറിലധികം വര്‍ഷംനീണ്ട ചരിത്രം. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വേദിയാകുക. ഉദ്യാവര്‍ മാഡ ശ്രീ അറസു മഞ്ചുഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണവുമായാണ് തെയ്യക്കോലങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്കെത്താറ്.

മാഡ ക്ഷേത്രത്തിനു സമീപത്തെ സിംഹാസന തറയില്‍ നടക്കുന്ന ചടങ്ങിനുശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും വിളംബരജാഥയായാണ് പള്ളിമുറ്റത്തെത്തുക. ഓരോ ആണ്ടിലെയും ഉത്സവത്തിനെത്താന്‍ ഏവരെയും ക്ഷണിക്കുമ്പോള്‍ പള്ളിയിലുള്ളവര്‍ ക്ഷണം സ്വീകരിക്കും.

ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്തുനിന്നു യാത്രയാകും. ഉദ്യാവര്‍ മഞ്ചുഷ്ണര്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന മഹാബന്ധത്തിന്റെ പോറലേല്‍ക്കാത്ത സാക്ഷ്യങ്ങളാണ് ഇവ. പള്ളിയിലെ ഉറൂസിന് ക്ഷേത്രംവക അരി, എണ്ണ, നെയ്യ് തുടങ്ങിയവ നല്‍കുക പതിവാണ്. ഉദ്യാവരത്തെ മതമൈത്രിയുടെ മഹോല്‍സവരംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിന്റെ പൊരുള്‍ മാനവിതയുടെ കൊടിയടാളമാണ്. എല്ലാവര്‍ഷവും മെയ് എട്ടിന് ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിനു ക്ഷണിക്കാന്‍ തെയ്യക്കോലങ്ങളും പരിവാരങ്ങളുമെത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കും. ജുമുഅ നമസ്‌ക്കാരം കഴിഞ്ഞയുടനെ ഖത്തീബ് വിവരം സദസ്സിനെ അറിയിക്കും.

നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിക്ക് മുന്‍വശത്തെ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന വെളിച്ചപ്പാടുകളെയും സംഘത്തെയും ഖത്തീബിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ജമാഅത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ ഈണം പകര്‍ത്തി അരുളിത്തുടങ്ങും അടുത്തവര്‍ഷവും നമ്മുക്ക് കാക്കണം...

കഴിഞ്ഞദിവസം യൂത്ത്ലീഗ് യുവജനയാത്രയുടെ ഭാഗമായി മാഡയിലെത്തിയ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെയും നേതാക്കളെയും ഇരുകൈയും ചേര്‍ത്തു സ്വീകരിച്ചപ്പോഴും പൂജാരിയും വെളിച്ചപ്പാടും പറഞ്ഞത് മറ്റൊന്നുമല്ല, കാക്കണം, നമ്മുക്ക് നമ്മുടെ മതമൈത്രിയെ, മാനവികതയെ...