സിയക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഹസീന പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയാണെന്ന ആരോപണത്തിനിടയിലാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

സിയക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക്. അഴിമതിക്കേസില്‍ ശിക്ഷക്കപ്പെട്ട് ജയില്‍ വാസമനുഭവിക്കുന്ന പ്രതിപക്ഷ നേതാവാണ് സിയ. രണ്ട് വര്‍ഷമോ അതിലധികമോ കാലം ജയില്‍ ശിക്ഷയനുഭവിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ മഹ്ബൂബ് ആലം ധാക്കയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസമാണ് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ സിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി സിയയുടെ നാമനിര്‍ദ്ദേശ പത്രിക അധികൃതര്‍ തള്ളുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വെല്ലുവിളിച്ച് കൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നു. ' തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ദുരുദ്ദേശ്യത്തോട് കൂടിയാണ്. സിയയെ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത് '- ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് റുഹുല്‍ കബീര്‍ റിസ്‌വി പ്രതികരിച്ചു.

തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഹസീന പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയാണെന്ന ആരോപണത്തിനിടയിലാണ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 73 കാരിയായ ഖാലിദ സിയ അനാഥാലയത്തിന്റെ ഫണ്ട് അപഹരിച്ച കേസിലാണ് ജയിലിലായത്.

Read More >>