വയനാട്ടില്‍ രാഹുലിനെതിരെ പ്രചാരണം നടത്താന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ഖുശ്ബു

നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു

വയനാട്ടില്‍ രാഹുലിനെതിരെ പ്രചാരണം നടത്താന്‍ മോദിയ്ക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ഖുശ്ബു

മാനന്തവാടി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേത്തിയിലും പ്രചാരണത്തിനെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുശ്ബു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ഖുഷ്ബു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാര്‍ക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പമാണ് താനെന്നും ഖുശ്ബു വ്യക്തമാക്കി. ലിംഗസമത്വത്തെ സ്വാഗതം ചെയ്യുന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ മാറ്റാന്‍ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.

മാനന്തവാടിയിലെ കുഞ്ഞോത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു. പൊതുയോഗത്തിന് ശേഷം ഇരുപത് മിനിറ്റോളം റോഡ് ഷോ നടത്തിയ ഖുശ്ബു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. 20 കിലോമീറ്ററോളം നീണ്ട റോഡ്ഷോ കാണാന്‍ നിരവധി പേരെത്തി. പനമരത്താണ് റോഡ് ഷോ അവസാനിച്ചത്. ഇന്നും ഖുശ്ബു മണ്ഡലത്തില്‍ പ്രചാരണം തുടരും.