കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി മരിച്ച രാധികയും പ്രതി ശരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. അതിനിടയില്‍ ഇരുവരും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് രാധികയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രതി ഷെരീഫ് ചോദ്യം ചെയ്യലിനിടയില്‍ പോലീസിനോട് സമ്മതിച്ചു.

ഷോക്കേറ്റ് മരണം പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി, കൂടരഞ്ഞി രാധിക കൊലപാതകം പ്രതി പിടിയില്‍

Published On: 2019-01-13T15:12:46+05:30
ഷോക്കേറ്റ് മരണം പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി, കൂടരഞ്ഞി രാധിക കൊലപാതകം പ്രതി പിടിയില്‍

കൂടരഞ്ഞി: കക്കാടംപൊയില്‍ താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ് മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാര്‍ സ്വദേശി ചക്കാലപ്പറമ്പില്‍ ഷെരീഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് രാധികയെ കക്കാടംപൊയില്‍ അകമ്പുഴയിലുള്ള കൃഷിസ്ഥലത്തെ ഷെഡ്ഡിനു മുന്നില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് രാധികയോടൊപ്പം കൃഷിസ്ഥലത്ത് ജോലിചെയ്തിരുന്ന ഷെരീഫും സമീപത്ത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ട്രെയിനിങ് നടത്തിയിരുന്ന കര്‍മ്മ ഓമശ്ശേരിയുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് രാധികയെ തിരുവമ്പാടി ലിസ ഹോസ്പിറ്റലില്‍ എത്തിക്കുന്നത് അവിടെനിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതശരീരത്തില്‍ കണ്ട ബലപ്രയോഗം നടന്നതിന്റെ പാടുകളാണ് മരണത്തില്‍ സംശയത്തിനിടയാക്കിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്‌ഐ സനല്‍രാജും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതി ഷെരീഫ് പോലീസിന്റെ പിടിയിലാകുന്നത്.

കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി മരിച്ച രാധികയും പ്രതി ശരീഫും ഒരുമിച്ചാണ് അകമ്പുഴയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വാഴകൃഷി ചെയ്തുകൊണ്ടിരുന്നത്. അതിനിടയില്‍ ഇരുവരും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് രാധികയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പ്രതി ഷെരീഫ് ചോദ്യം ചെയ്യലിനിടയില്‍ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷെരീഫും രാധികയുമായി ഇതിനെചൊല്ലി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലനടന്ന ദിവസം ഇരുവരും നന്നായി മദ്യപിച്ചിരുന്നു തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയില്‍ പരസ്പരം കയ്യേറ്റം ചെയ്യുകയും തുടര്‍ന്ന് ഷെരീഫിന്റെ കഴുത്തില്‍ രാധിക പിടിമുറുക്കിയതോടെ ഷെരീഫ് രാധികയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് ഓടുകയും ചെയ്തു. കുറച്ചു സമയത്തിനുശേഷം ഷെഡ്ഡില്‍ തിരിച്ചെത്തിയ ഷെരീഫ് മദ്യലഹരിയില്‍ നിലത്തുകിടക്കുന്ന രാധികയെ എടുത്തുകൊണ്ടുപോയി ഷെഡ്ഡിനുള്ളിലെ മുറിയില്‍ കിടത്തി വൈദ്യുത മീറ്ററില്‍ നിന്നും വരുന്ന കണക്ഷനില്‍ വയര്‍ ഘടിപ്പിച്ച് രാധികയുടെ കയ്യില്‍ ഷോക്കേല്‍പ്പിക്കുകയായിരുന്നു. ഷോക്കേറ്റ രാധികയുടെ മരണവെപ്രാളം കണ്ട് ഷെഡിനു പുറത്തേക്കോടിയ ഷെരീഫ് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്ത് ആരുംകാണാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ നാളുകളായി താന്‍ നടത്തിവന്നിരുന്ന വൈദ്യുതി മോഷണം നാട്ടുകാരും അധികൃതരും കാണാന്‍ ഇടയാകുമെന്ന് മനസ്സിലാക്കിയ പ്രതി റോഡ് സൈഡില്‍ ഉള്ള മറ്റൊരു പറമ്പില്‍ ബൈക്ക് കയറ്റി നിര്‍ത്തി ഷെഡ്ഡിനു പുറകിലൂടെ വന്നു തെളിവ് നശിപ്പിക്കുന്നതിനായി ഷെഡ്ഡിനുള്ളിലുള്ള മുഴുവന്‍ ഇലക്ട്രിക് വയറുകളും കത്തിയെടുത്തു മുറിക്കുകയും മീറ്റര്‍ ബോര്‍ഡും മറ്റും അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് രാധികയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും പുറത്തേക്ക് വലിച്ചു ഷെഡ്ഡിനു മുന്‍വശം കൊണ്ടുപോയിവെച്ചു കരഞ്ഞു ബഹളം വച്ച് ആളുകളെ അറിയിക്കുകയായിരുന്നു. ഷെരീഫിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍വാസികളും തൊട്ടടുത്ത് ക്യാമ്പ് നടത്തുകയായിരുന്ന കര്‍മ്മ ഓമശ്ശേരിയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴും ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറാകാതെ മാറിനിന്ന ഷെരീഫിനെ അന്നുതന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. നാട്ടുകാരുടെ നിര്‍ബന്ധംമൂലം വാഹനത്തില്‍ കയറിയ ഷെരീഫ് ഭ്രാന്തമായ രീതിയില്‍ അഭിനയിച്ചതും സമനില നഷ്ടപ്പെട്ട രീതിയില്‍ സംസാരിച്ചതും അന്നുതന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്നേദിവസം ഹോസ്പിറ്റലില്‍ ചികിത്സതേടി പിറ്റേദിവസം ഹോസ്പിറ്റലില്‍ നിന്ന് പുറത്തിറങ്ങിയതോടെ ഷെരീഫ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് വന്ന സൈന്റിഫിക് ഓഫീസര്‍ ശേഖരിച്ച തെളിവുകളും പോലീസിന്റെ പഴുതടച്ച ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ആദ്യമൊക്കെ താന്‍ ഷെഡ്ഡിലേക്ക് എത്തിയപ്പോള്‍ രാധിക മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പറഞ്ഞ ഷെരീഫിന്റെ മൊഴിയില്‍ വീണ്ടും ചോദിച്ചപ്പോള്‍ ഉണ്ടായ വൈരുധ്യമാണ് ഷെരീഫിനെ കൂടുതല്‍ സംശയിക്കുന്നതിനു കാരണമായത്. മാത്രമല്ല അന്നേദിവസം നന്നായി മദ്യപിച്ചിരുന്ന താന്‍ മദ്യം കഴിച്ചിട്ടില്ല എന്നും മദ്യപാനം നിര്‍ത്തിയിട്ട് ഒന്നര വര്‍ഷത്തോളമായി എന്നും പോലീസിനോട് നുണ പറഞ്ഞിരുന്നു. ഷെരീഫ് പലതവണകളായി ഒരുലക്ഷത്തോളം രൂപ രാധികയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയിരുന്നു അത് തിരികെ ചോദിച്ചു പലപ്പോഴും രാധിക ഷെരീഫുമായി കലഹിച്ചിരുന്നു മാത്രമല്ല ഇത്തവണ കൃഷിയിറക്കുമ്പോള്‍ തനിക്ക് തരാനുള്ള തുക നിര്‍ബന്ധമായും തന്നു തീര്‍ക്കണമെന്ന് രാധിക ഷെരീഫിനോട് പറഞ്ഞിരുന്നു.

മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ ഷോക്കേറ്റ് മരിച്ചു എന്ന് നാട്ടുകാരെല്ലാം കരുതിയിരുന്ന ഒരു മരണം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സമയത്ത് തോന്നിയ സംശയത്തില്‍ നിന്ന് പഴുതടച്ച രീതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദാരുണമായ കൊലപാതകം പുറംലോകമറിയുന്നത്

കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി പി.ബിജുരാജിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി എസ്‌ഐ സനല്‍ രാജ് ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, സീനിയര്‍ സിപിഒ ഷിബില്‍ ജോസഫ്, സിപിഒ ഷെഫീഖ് നീലിയാനിക്കല്‍ തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്‌ഐ സദാനന്ദന്‍, എഎസ്‌ഐ സൂരജ്, മനോജ് സിപിഒമാരായ പ്രജീഷ്, രാംജിത്ത്, സപ്‌നേഷ്, ജിനേഷ് കുര്യന്‍,ഷിജു, ബോബി,വനിതാ സിപിഒ സ്വപ്ന എന്നിവര്‍ ചേര്‍ന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top Stories
Share it
Top