ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകാലില്‍നില്‍ക്കുന്ന നിലയില്‍; കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്

ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ലെന്നും മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമ ഒന്നും അലക്ഷ്യമായി വെയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.

ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകാലില്‍നില്‍ക്കുന്ന നിലയില്‍; കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്

ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ് രംഗത്തെത്തി.മുട്ടുകാലില്‍നില്‍ക്കുന്ന നിലയിലായിലാണ് ഫാത്തിമയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയതെന്നും മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നതായും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫാത്തിമയുടെ മരണശേഷം മദ്രാസ് ഐ.ഐ.ടിയിലെത്തി കുടുംബാംഗങ്ങള്‍ അന്വേഷിച്ചറിഞ്ഞ വിവരങ്ങളാണ് ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞത്. ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞതെങ്കിലും മുറിയിലെ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ലെന്നും മുറിയിലെ പുസ്തകങ്ങളും സാധനങ്ങളും അലക്ഷ്യമായി കിടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമ ഒന്നും അലക്ഷ്യമായി വെയ്ക്കാറില്ല. മുറിയുടെ വാതില്‍ അടക്കാതിരുന്നതും ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു. സംഭവദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേദിവസം ഹോസ്റ്റലിലുണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പുലര്‍ച്ചെ വരെ ഹോസ്റ്റലിലെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ഫാത്തിമയുടെ പഠനമികവില്‍ കൂടെ പഠിച്ചിരുന്ന പലകുട്ടികള്‍ക്കും അവളോട് ദേഷ്യമുണ്ടായിരുന്നു. മാനസികപീഡനങ്ങളും നേരിട്ടിരുന്നു. എന്തെല്ലാം നടന്നുവെന്ന് അവള്‍ കൃത്യമായി പേരുവിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകന്റെ പേരുമുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്.ഇനിയതൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മരണം നടന്നതിന്റെ തലേദിവസം ഫാത്തിമ മെസ് ഹാളില്‍ ഇരുന്ന് കരഞ്ഞിരുന്നതായി ഒരാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ മൊഴിതിരുത്തി. ഒരു കുട്ടി മരിച്ചുകഴിഞ്ഞാല്‍ ആ കുട്ടിയുടെ പേരുപോലും ഐ.ഐ.ടിയില്‍ ബാക്കിയുണ്ടാവില്ല. മൃതദേഹം കൊണ്ടുപോകുന്നതും വിട്ടുകൊടുക്കുന്നതുമെല്ലാം സ്വകാര്യ ഏജന്‍സിയാണ്. ഈ കേസ് ഏറെ സങ്കീര്‍ണമാണെന്നാണ് അന്വേഷണം നടത്തുന്ന ഈശ്വരമൂര്‍ത്തി പറഞ്ഞത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പലകാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നതെന്നും ലത്തീഫ് വിശദമാക്കി.

ഇനിയും ചിലകാര്യങ്ങളുണ്ട് പറയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്കിനി കരയാന്‍ കണ്ണീരില്ല, വേറെയും രണ്ട് പെണ്‍കുട്ടികളുണ്ട്. ഫാത്തിമയുടെ മരണത്തില്‍ സത്യാവസ്ഥ കണ്ടെത്താന്‍ മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും നല്‍കിയ പിന്തുണ വലുതാണെന്നും ഇനിയും പിന്തുണവേണമെന്നും ലത്തീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.കെ ശ്രീമതി, എ.എം ആരിഫ് എന്നിവരും ലത്തീഫിന്റെ കൂടെ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു.

Read More >>