അയോദ്ധ്യയിൽ മന്ദിറും മസ്ജിദുമില്ല

ക്ഷേത്രത്തിലേക്കുള്ള മാലകളും പൂക്കളും വിൽക്കുന്നത് മുസ്‌ലിം കച്ചവടക്കാരാണ്. സന്യാസിമാർക്കായുള്ള മെതിയടി വിൽക്കുന്നതും മുസ്‌ലിംകൾ തന്നെ

അയോദ്ധ്യയിൽ മന്ദിറും മസ്ജിദുമില്ല

ഫൈസാബാദിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള പ്രവേശന കവാടത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്; വിശുദ്ധനഗരമായ അയോദ്ധ്യയിലേക്ക് സ്വാഗതം. വലതുവശത്ത് ശ്രീംരാംകി പൈഠി എന്നെഴുതിയ ബോർഡിൽ വരച്ചുവെച്ച അയോദ്ധ്യനഗരം. ഫൈസാബാദ് മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങൾ ധാരാളമുള്ള കേന്ദ്രമാണെങ്കിൽ അയോദ്ധ്യ തിരിച്ചാണ്. കെട്ടിടങ്ങൾക്കു മുകളിലെല്ലാം കാവിക്കൊടികൾ. അഭിവാദ്യങ്ങളിൽ പോലും രാമനുണ്ട്. മുന്നിൽ കടന്നു പോകുന്നവരെല്ലാം പറഞ്ഞു. 'ജയ് സീതാറാം'.

ഹിന്ദുത്വ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ വളക്കൂറൊരുക്കിയ മണ്ണിൽ ഇത്തവണ ബി.ജെ.പിക്ക് രാമക്ഷേത്രം മുഖ്യ അജണ്ടയല്ല. പ്രകടന പത്രികയിൽ ക്ഷേത്രനിർമ്മാണ വാഗ്ദാനമുണ്ടെങ്കിലും വോട്ടർമാർക്കിടയിൽ അത് പല പ്രചാരണവിഷയങ്ങളിൽ ഒന്നു മാത്രമാണ്. അതേക്കുറിച്ചായിരുന്നു അന്വേഷണം. സരയൂനദിക്കരയിലെ കൽപ്പടവിൽ പന്തലുകെട്ടി പൂവും ചാന്തുംവിൽക്കുന്ന ദുർഗേഷ് കുമാർ പാണ്ഡ്യ അഞ്ചു വർഷത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് തറപ്പിച്ചു പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം ഒന്നിച്ചു കിട്ടിയിരിക്കുകയാണ്. ഇനിയതിന്റെ വേഗം കൂടും-പാണ്ഡ്യയ്ക്ക് സംശയമില്ല. നദിയിൽ പുണ്യസ്നാനത്തിനു വന്നവർക്കെല്ലാം ക്ഷേത്രം അതിവേഗത്തിൽ വരണമെന്നാണ് മോഹം. അയോദ്ധ്യയിലെ നാട്ടിടവഴിയിൽ നിറയെ ക്ഷേത്രങ്ങളാണ്. മുക്കിന് മുക്കിന് ക്ഷേത്രങ്ങൾ. സരയൂനദിക്കരയിൽ ഒരു മുസ്‌ലിംപള്ളിയും ദർഗയും കണ്ടു. നദിക്കരയിൽ നിന്നു തന്നെ അതിന്റെ മിനാരങ്ങൾ കാണാം. ദർഗയ്ക്കടുത്തുള്ള പെട്ടിക്കടയിൽ കൊച്ചുവർത്തമാനം പറയുന്നവർക്കിടയിലേക്ക് കയറി. 'ഇവിടെ മസ്ജിദും മന്ദിറും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാണ്. എങ്കിലും ഇവിടെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചു സ്നേഹത്തോടെ കഴിയുന്നു. നമ്മളെ സൃഷ്ടിച്ചവൻ ഒന്നല്ലേ. ഭക്ഷണം തരുന്നവനും ശിക്ഷിക്കുന്നവനും ഒരാളല്ലേ. എല്ലാം ഒന്നു തന്നെ. പിന്നെ എന്തിനാണ് ഈ ലഹളകൾ' - താടിയും തൊപ്പിയും ധരിച്ച മൗലവി മജബ് അലി ചോദിക്കുന്നു.

'മന്ദിറും മസ്ജിദും ഞങ്ങൾക്ക് ഒരു വിഷയമേ അല്ല. പള്ളിയോ അമ്പലമോ വരട്ടെ. പുറത്തു നിന്നു വരുന്നവർക്കാണ് അത് വിഷയമാകുന്നത്. ചെറുപ്പത്തിൽ കേട്ടു തുടങ്ങിയതാണ്. ഇപ്പോൾ ഇത്രയും വലുതായി. ഇതു തന്നെ കേൾക്കുന്നു.' - പാൻമുറുക്കി കേടായ പല്ലുകാട്ടിച്ചിരിച്ച് അറുപതു കഴിഞ്ഞ രാം ചരൺ പറഞ്ഞു.

ജന്മഭൂമിയുടെ വിഷയം നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത് മന്ദിറുമാണ്, മസ്ജിദുമാണ്. ഈശ്വർ, അല്ലാഹ് ഒരേ ദൈവത്തിന്റെ പേരാണ്. എല്ലാവരെയും സൃഷ്ടിച്ചത് ഒരാളാണ്. ഇപ്പോൾ രാമജന്മഭൂമിയിൽ ദർശനം കഴിഞ്ഞു വരികയാണ്. ഞങ്ങൾക്കിവിടെ ഒരു പ്രശ്നവുമില്ല' - നെറ്റിക്കു കുറുകെ നീളത്തിൽ കുറിവരച്ച പൂണൂൽധാരി ശാന്ത് ഗണേഷ് രാംദാസ് പറഞ്ഞു.

ഇതു തന്നെയാണ് കറുത്ത കട്ടിക്കണ്ണട വെച്ച രാംകുമാർ ശ്രീവാസ്തവിനും പറയാനുണ്ടായിരുന്നത്. 'ഇപ്പോൾ ഞങ്ങൾ ഇരിക്കുന്നത് ഈ മസാറിനു (മഖ്ബറ) മുമ്പിലാണ്.

ഞങ്ങൾ സമാധി എന്നു പറയും. ഇവിടെ ഞങ്ങൾ ആദ്യകാലം മുമ്പ് തന്നെ ഒരുമിച്ചാണ് ഇരിക്കാറുള്ളത്. ഹിന്ദു മുസൽമാൻ വ്യത്യാസങ്ങളില്ല. മന്ദിറോ മസ്ജിദോ ഉണ്ടാകട്ടെ, എല്ലാം ഒന്നാണ്. പ്രശ്നമുള്ള ആളുകൾ പ്രശ്നമുണ്ടാക്കുന്നു' അദ്ദേഹം പറഞ്ഞു നിർത്തി. മസാറിനടുത്തു നിന്ന് അയോദ്ധ്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഹനുമാൻ ഗഡിയിലെത്തി. ക്ഷേത്രത്തിനു മുമ്പിലെ തേഡി ബസാറിൽ ക്ഷേത്രത്തിലേക്കുള്ള മാലകളും പൂക്കളും വിൽക്കുന്നത് മുസ്ലിം കച്ചവടക്കാരാണ്. പൂക്കൾ കൃഷിചെയ്യുന്നതിലും മുസ്ലിംകളുണ്ട്. സന്യാസിമാർക്കായുള്ള മെതിയടി വിൽക്കുന്നതും മുസ്ലിംകൾ തന്നെ.

സരയൂനദിക്കരയില്‍ ക്ഷേത്രങ്ങള്‍ക്കിടയിലെ പള്ളി

ശ്രീരാമ ജന്മഭൂമി ന്യാസ് ട്രസിറ്റിന്റെ ഓഫീസ് സമുച്ചയത്തിനകത്ത് ക്ഷേത്രം നിർമിക്കാനുള്ള സാമഗ്രികൾ കൂട്ടിയിട്ടിട്ടുണ്ട്. അമ്പലത്തിൽ വിശ്വാസികളുടെ തിരക്ക്. കാഴ്ചയ്ക്കു വെച്ച രാമക്ഷേത്ര മാതൃകയിലെ ഭണ്ഡാരപ്പെട്ടിയിൽ നിറയെ നോട്ടുകൾ. ഒരു സന്യാസി കല്ലുകൾ ഉരച്ചു വൃത്തിയാക്കുന്നു. അയോദ്ധ്യയിൽ നിന്ന് തിരിച്ചുവരവെ, ഓട്ടോ ഡ്രൈവർ സോനു പറഞ്ഞു. 'ഇവിടെ എല്ലാ പ്രശ്നവും ഉണ്ടാക്കുന്നത് പുറത്തു നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പിന്റെ സമയം വരുമ്പോൾ പ്രശ്നമുണ്ടാക്കുന്നു. അതിനു ശേഷം എല്ലാം ശാന്തമാണ്. ഹിന്ദുവോ മുസൽമാനോ ആകട്ടെ, ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ല. നല്ല സ്നേഹത്തോടെ ജീവിക്കുന്നു'. ഈ സ്നേഹത്തിനും സംഘർഷത്തിനും സാക്ഷിയായി സരയൂ നദി ഒഴുകികൊണ്ടേയിരിക്കുന്നു.

Next Story
Read More >>