വെല്ലാനാളില്ലാതെ മോദി

കേരളത്തിൽ നിങ്ങൾ ബി.ജെ.പിക്കാരെ മുഴുവൻ കൊന്നൊടുക്കുകയാണെന്നും ഒന്നും സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ് എന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പേരു പോലും പറയാൻ കൂട്ടാക്കാതെ അയാൾ കുപിതനായി.

വെല്ലാനാളില്ലാതെ മോദി

കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനാണെന്നു പരിചയപ്പെടുത്തിയും ഒരൊറ്റ ആട്ടലായിരുന്നു; 'ആപ് ലോഗ് സബ് കോൺഗ്രസ് വാലാ ഹൈ, ഖമീസ് വാലാ' (നിങ്ങളെല്ലാവരും കോൺഗ്രസുകാരാണ്. ഖമീസ് -അറബികളുടെ നീളൻകുപ്പായം- ധാരികൾ)- ഗഡൗളിയയിലെ ഗല്ലിയിൽ വിശാലാക്ഷി ടൂർസ് ആൻഡ് ട്രാവൽസ് ഓഫീസിലിരുന്ന് അയാൾ അലറി. കേരളത്തിൽ നിങ്ങൾ ബി.ജെ.പിക്കാരെ മുഴുവൻ കൊന്നൊടുക്കുകയാണെന്നും ഒന്നും സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതു നിങ്ങളുടെ തെറ്റിദ്ധാരണയാണ് എന്ന് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പേരു പോലും പറയാൻ കൂട്ടാക്കാതെ അയാൾ കുപിതനായി. ഓഫീസിലെ ചെറിയ ടി.വിയിൽ ഏതോ റാലിയിൽ തകർത്തു പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്ക് അയാൾ വീണ്ടും കണ്ണുനട്ടു.

ബനാറസിന്റെ മനസ്സ്

വാരാണസിയല്ല, നാട്ടുകാർക്ക് ബനാറസാണിത്. നഗരത്തോട് ഓരം ചേർന്ന് വിശുദ്ധഗംഗ. ഗംഗാതടത്തെ ഘട്ടുകളിൽ പുണ്യസ്‌നാനം ചെയ്യുന്ന സന്യാസിമാർ. പാപമുക്തി തേടി മുങ്ങിനിവരാനെത്തിയ അനേകമനേകം വിശ്വാസികൾ. മണികർണ്ണികാ ഘട്ടിൽ മോക്ഷം തേടി ശവങ്ങൾ എരിയുന്നു. ഘട്ടിനു പുറമേ പട്ടിനും പേരുകേട്ട ഇടം. പൗരാണികതയുടെ കൈയൊപ്പിട്ട ഇടുങ്ങിയ ഗല്ലികളിൽ നിറയെ ക്ഷേത്രങ്ങൾ.

പുരാണവും ഹൈന്ദവതയും കൂടിക്കുഴഞ്ഞു കിടക്കുന്ന മണ്ണാണ് ബനാറസിന്റേത്. അതു കൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഹൈന്ദവത തുറന്നു പറഞ്ഞ് മത്സരിക്കുന്ന ഒരാൾക്ക് മത്സരിക്കാൻ ഇതിലും മികച്ചൊരു ഇടം രാജ്യത്തില്ല. തെരുവുകളിലൂടെ കാവിത്തൊപ്പിയുമിട്ട് ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ നിരവധി ചെറുസംഘങ്ങളെ കണ്ടു. എല്ലാവരും പറഞ്ഞു ഇസ് ബാർ ഭീ മോദി (ഇത്തവണയും മോദി). ഗംഗയിലെ ബോട്ടുകളിലും ഘട്ടുകളിലെ കൽപ്പടവിലുമെല്ലാം ബി.ജെ.പിയുടെ കാവിപ്പതാക പാറുന്നു. ഘട്ടുകളിലെല്ലാം നമാമി ഗംഗ പദ്ധതിയുടെ പ്രചാരണ ബോർഡുകൾ. ക്ഷേത്രനഗരിയെ മുഖം മിനുക്കാനുള്ള പദ്ധതികൾ പാതിവഴിയിലാണെങ്കിലും നഗരം ബി.ജെ.പിയെ വിട്ടൊരു കളിക്കില്ല. ഗട്ബന്ധന്റെ ശാലിനി യാദവിനോ കോൺഗ്രസ്സിനായി രണ്ടാമൂഴത്തിനിറങ്ങുന്ന അജയ് റായിക്കോ മോദിയെ നേരിടാനുള്ള തിണ്ണബലമില്ല. കോൺഗ്രസ് പരിഗണിച്ചിരുന്ന പ്രിയങ്ക ഗാന്ധിക്കു പോലും ഈ തീരത്ത് ഓളമുണ്ടാക്കാനാകില്ല. ഇവിടെ നിറഞ്ഞു നിൽക്കുന്നതെല്ലാം മോദി മാത്രം.

വേറെ ആരെ ജയിപ്പിക്കും

വേറെ ആരെ ജയിപ്പിക്കാനാണ് എന്നു ചോദിച്ചു ഓട്ടോഡ്രൈവർ ബിജയ്. ഇവിടെ റോഡുകളിൽ വെളിച്ചമെത്തിയത് മോദി ജയിച്ച ശേഷമാണ്. ഇപ്പോൾ നല്ല റോഡുകൾ കാണുന്നില്ലേ. എല്ലാം മോദി വന്നതിനു ശേഷമാണ്- അദ്ദേഹം പറഞ്ഞു. കാശിവിശ്വനാഥ ക്ഷേത്രത്തിനു മുമ്പിൽ വച്ചു സംസാരിച്ച മനോജ് പാണ്ഡെയ്ക്കും മോദി ജയിക്കുമെന്നതിൽ സംശയങ്ങളില്ല. ലോകം മാറുകയല്ലേ, കാശിയും മാറണം. വികസനം വരട്ടെ- മോദിയുടെ സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെ കുറിച്ച് ഹനുമാൻ പ്രസാദ് പറഞ്ഞു. മോദിക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന ചോദ്യത്തിന് ദൈവത്തിനറിയാം എന്നുത്തരം. സംസാരിച്ചവരാരും ഇത്തവണ നല്ല മത്സരമാണെന്നു പോലും പറഞ്ഞില്ല. കാശി കൈവിടില്ലെന്ന് മോദിക്ക് നന്നായി അറിയാം. ഗംഗ വിളിച്ചപ്പോൾ ഞാൻ വന്നു എന്ന് പറഞ്ഞായിരുന്നല്ലോ ഹൈന്ദവ സംസ്‌കൃതി നഗരിയിലേക്കുള്ള മോദിയുടെ വരവ്.

തണുക്കാത്ത കർഷകരോഷം

നഗരവാസികൾ എല്ലായ്‌പ്പോഴും ഒപ്പം നിന്നതാണ് ബി.ജെ.പിയുടെ ചരിത്രം. ഗ്രാമങ്ങളിൽ അതല്ല സ്ഥിതിയെന്ന് ഗിരിജാ ഗറിലെ പോക്കറ്റ് റോഡിൽ പാൽ വിൽക്കാനെത്തിയ ക്ഷീര കർഷകൻ ബച്ചെ ലാൽപാൽ പറയുന്നു. പുതിയ കാശി നഗരം പദ്ധതിയുടെ ഭാഗമായി കാലികളെ ഇങ്ങോട്ട് പ്രവേശിപ്പിക്കാറില്ല. 30-40 കിലോമീറ്റർ അകലെ മേച്ചാൽ മതിയെന്നാണ് സർക്കാർ പറയുന്നത്. എല്ലാ ദിവസവും എങ്ങനെ ഇവയെ കൊണ്ട് അങ്ങോട്ടു പോകും. ഞങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ട്- അദ്ദേഹം പറഞ്ഞു. വൈകിട്ടോടെയാണ് ഗ്രാമങ്ങളിലെ ക്ഷീരകർഷകർ ബൈക്കുകളിലും സൈക്കിളുകളിലും വച്ചുകെട്ടിയ പാൽപ്പാത്രങ്ങളുമായി നഗരത്തിലെത്തുക. അമ്പത് രൂപയാണ് ലിറ്ററിന് വില. നല്ല വില കിട്ടാത്തതും തങ്ങളെ വലയ്ക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.

നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ എല്ലാം ജനങ്ങളെ ബാധിച്ചെന്ന് അവിടെ വച്ചു കണ്ട ഹോമിയോപ്പതി ഡോക്ടർ സന്തോഷ് കുമാർ പറഞ്ഞു. നമ്മുടെ പണം ബാങ്കിലിട്ട് എടുക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ സാധാരണക്കാരുടെ എത്ര രൂപയാണ് ബാങ്കുകൾ കൊള്ളയടിച്ചത്- അദ്ദേഹം രോഷം കൊണ്ടു. മോദിക്ക് ഇത്തവണ ഭൂരിപക്ഷം കുറയുമെന്നും അദ്ദേഹം പ്രവചിച്ചു.

മോദിവിരുദ്ധ മുസ്‌ലിം മനസ്സ്

ഈ ക്ഷേത്രനഗരിയിൽ അനേകം മുസ്‌ലിം പള്ളികളുമുണ്ട്. നോമ്പിന്റെ പ്രത്യേക രാത്രിനമസ്‌കാരത്തിന് ശേഷം നഗരത്തിലെ ഒരു പള്ളിയിൽ മുസ്‌ലിംകളുമായി സംസാരിച്ചു. ഇവിടെ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് ബി.ജെ.പിയാണെന്നും അവർ പറയുന്നു.

'ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങളില്ല. ഞങ്ങൾ ഈദും ഹോളിയും ആഘോഷിക്കും. ബക്രീദും ദീപാവലിയും ആഘോഷിക്കും. ഇതു രണ്ടും വെവ്വേറെയാണ് എന്നാണ് ബി.ജെ.പി പറഞ്ഞുകൊണ്ടിരിക്കുന്നത്. വെറുപ്പിന്റെ പാർട്ടിയാണത്' - തലയിൽ തൊപ്പിവെച്ച ചെറുപ്പക്കാരൻ ഗോലു പറഞ്ഞു.

കർഷക പ്രശ്‌നങ്ങൾ നിരവധിയുണ്ട്. അവർക്ക് ഇപ്പോഴും പൈസ കൊടുക്കാനാണ്. കർഷകർക്ക് വെള്ളം കിട്ടുന്നില്ല. നിങ്ങൾ ഇപ്പോൾ കണ്ട നല്ല റോഡുകളില്ലേ. അത് മോദിയുടെ റോഡ് ഷോയ്ക്ക വേണ്ടി തട്ടിക്കൂട്ടിയതാണ്. മഴ പെയ്താൽ പൊളിഞ്ഞു നാശമാകും- കമ്മ്യൂണിസ്റ്റുകാരനായ യാസിർ പറഞ്ഞു.

'വലിയ ലൈറ്റുകൾ വന്നു എന്നതല്ലാതെ ഇവിടെ മാറ്റമൊന്നും വന്നില്ല. മുഖ്യമന്ത്രി യോഗി ബനാറസിൽ വരുന്നത് രാത്രിയാണ്. പകൽ പ്രതിഷേധമുണ്ടായാലോ എന്ന് ഭയന്നാണ് അദ്ദേഹത്തിന്റെ രാത്രി വരവ്. ഇത്തവണ പ്രിയങ്ക വന്നാൽ ജയിച്ചേനെ. ഏതായാലും മോദിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷമായി കുറയും' - വായിൽ വലിയ മുറുക്കാനിട്ട് സംസാരിച്ച ഹസീമിന് സംശയങ്ങളില്ല.

Next Story
Read More >>