മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല

ബോഡി ബില്‍ഡിങ്ങില് പങ്കെടുക്കുന്ന ഹിജാബ് ധരിച്ച പെണ്‍കുട്ടി എന്ന നിലയിൽ വാര്‍ത്തകളിലും മജ്‌സിയ ഇടം പിടിച്ചിരുന്നു.

മജ്‌സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല

കോഴിക്കോട്: ഭാരോദ്വഹനത്തില്‍ വീണ്ടും ലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ പേരുയര്‍ത്തി കോഴിക്കോട് സ്വദേശി മജ്‌സിയ ഭാനു. ലോക പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടിയാണ് മജ്‌സിയ വീണ്ടും രാജ്യത്തിന്റെ അഭിമാനമായത്. ഡിസംബര്‍ 14 മുതല്‍ 16 വരെ മോസ്‌കോയില്‍ വെച്ച് നടന്ന ഓപ്പണ്‍ കാറ്റഗറി പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 56 കിലോ വിഭാഗത്തിലാണ് മജ്‌സിയ സ്വര്‍ണ്ണം നേടുന്നത്. ഇതിന് പുറമെ ഡെഡ്‌ലിഫ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മജ്‌സിയ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. ചാമ്പ്യന്‍ഷിപ്പില്‍ സ്‌ട്രോങ് വുമണ്‍ അവാര്‍ഡിന് അര്‍ഹയായതും മജ്‌സിയയായിരുന്നു.

കൊച്ചിയില് നടന്ന മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ 'വിമന്‍സ് മോഡല്‍ ഫിസിക്‌സ്' വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് മജ്‌സിയ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബില്‍ഡിങ്ങില് പങ്കെടുക്കുന്ന ഹിജാബ് ധരിച്ച പെണ്‍കുട്ടി എന്ന നിലയിൽ വാര്‍ത്തകളിലും മജ്‌സിയ ഇടം പിടിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തിരുന്ന ഏക മത്സരാര്‍ത്ഥിയായിരുന്നു മജ്‌സിയ.

കോഴിക്കോട് ജില്ലയിലെ വടകര ഓര്‍ക്കാട്ടേരി മണവാട്ടി സ്‌റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുല്‍ മജീദിന്റെയും റസിയയുടെയും മകളാണ്. മാഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെന്റല് സയന്‍സില്‍ അവസാന വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയാണ് മജ്‌സിയ.

മോസ്‌കോയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഓവറോള്‍ കരസ്ഥമാക്കുകയും നിരവധി മെഡലുകള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ലഭിക്കുമെന്ന് കരുതിയെങ്കിലും സ്വര്‍ണ്ണം തന്നെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്ന് മജ്‌സിയ തത്സമയത്തോട് പറഞ്ഞു. ദൈവത്തിന് സ്തുതി, വളരെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങളാണിത്. വലിയ അനുഭവമാണ് ഈ ചാമ്പ്യന്‍ഷിപ്പ് സമ്മാനിച്ചത്. മുമ്പൊന്നുമില്ലാത്ത വിധമുള്ള അനുഭവമാണ് ഈ ചാമ്പ്യന്‍ഷിപ്പ് സമ്മാനിച്ചത്. മെഡല്‍ കരസ്ഥമാക്കിയത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഏറെ അഭിമാനമുണ്ടെന്നും മജ്‌സിയ പറഞ്ഞു.

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഓവറോള്‍ കരസ്ഥമാക്കുകയും നിരവധി മെഡലുകള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. മോസ്‌കോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളിയും മജ്‌സിയായാണ്. മോസ്‌കോയില്‍ നിന്നും ഡല്‍ഹിയിലെത്തിയ മജ്‌സിയ വിമാന മാര്‍ഗ്ഗം ഇന്ന് രാത്രി കോഴിക്കോട്ടെത്തും.

പഞ്ചഗുസ്തിയിലും ഭാരോദ്വഹനത്തിലും മറ്റുമായി ഇതിനോടകം തന്നെ നിരവധി നേട്ടങ്ങള്‍ മജ്‌സിയ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തില്‍ ലഖ്‌നൗവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിലെ ചാമ്പ്യന്‍ മജ്‌സിയ ആയിരുന്നു.

തൃശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍പ്പിലെ ജേതാവ്, 2018ലെ വിമന്‍സ് മോഡല്‍ ഫിസിഖ് ജേതാവ്, 2018ലെ ബെസ്റ്റ് ലിഫ്റ്റര്‍, സംസ്ഥാന ബെഞ്ച് പ്രെസ് ചാമ്പ്യന്‍, 2017ലെ ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങില്‍ വെള്ളി മെഡല്‍, നാഷനല്‍ അണ്‍എക്യുപ്ഡ് പവര്‍ലിഫ്റ്റിങില്‍ സില്‍വര്‍, 2017ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങില്‍ വെള്ളി, 2017ലെ സ്‌ട്രോങ് വുമണ്‍, 2017ലെ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍, അണ്‍എക്യുപ്ഡ് പവര്‍ ലിഫ്റ്റിങ ചാമ്പ്യന്‍, 2017ല്‍ സ്‌ട്രോങ് വുമന്‍, 2016ലെ ലിറ്റില്‍ സ്‌ട്രോങ് വുമണ്‍ ഒഫ് കോഴിക്കോട് തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയത്.

Read More >>